താഴെ തട്ടിൽ നിന്ന് ഉയർന്നുവന്നവൻ, യൂത്ത് കോൺഗ്രസ് പ്രസിഡൻ്റാകാൻ അബിൻ വർക്കി അർഹനായിരുന്നു: ചാണ്ടി ഉമ്മൻ

നാഷണൽ ഔട്ട് റീച്ച് സെൽ ചെയർമാൻ സ്ഥാനത്ത് നിന്ന് തന്നെ നീക്കയതിലെ പ്രതിഷേധം ചാണ്ടി ഉമ്മൻ പരസ്യമാക്കുകയും ചെയ്തു
അബിൻ വർക്കി, ചാണ്ടി ഉമ്മൻ
അബിൻ വർക്കി, ചാണ്ടി ഉമ്മൻSource: Facebook
Published on

കോട്ടയം: യൂത്ത് കോൺഗ്രസ് അധ്യക്ഷ നിയമനത്തിന് പിന്നാലെയുള്ള ഉൾപ്പോരിൽ നിർണായക നീക്കവുമായി ചാണ്ടി ഉമ്മൻ. അവഗണിക്കപ്പെട്ട ഐ ഗ്രൂപ്പ് നേതാവ് അബിൻ വർക്കിയെ പിന്തുണച്ചും നാഷണൽ ഔട്ട് റീച്ച് സെൽ ചെയർമാൻ സ്ഥാനത്ത് നിന്ന് തന്നെ നീക്കയതിലെ പ്രതിഷേധം പരസ്യമാക്കിയും ചാണ്ടി ഉമ്മൻ രംഗത്തെത്തി. താഴേത്തട്ടിൽ നിന്ന് പ്രവർത്തിച്ച് വന്ന അബിൻ, സ്ഥാനങ്ങൾക്ക് അർഹതപ്പെട്ട വ്യക്തിയാണ്. അബിൻ്റെ വേദന സ്വാഭാവികം ആണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ അർഹനായിരുന്നെന്നാണ് ചാണ്ടി ഉമ്മൻ്റെ പ്രസ്താവന. താഴെ തട്ടിൽ നിന്ന് ഉയർന്ന് വന്ന ആളെ പരിഗണിക്കാമായിരുന്നു എന്നും ചാണ്ടി ഉമ്മൻ അഭിപ്രായപ്പെട്ടു. അബിനെ പരിഗണിക്കാമായിരുന്നെങ്കിലും, പാർട്ടി തീരുമാനം വന്നാൽ അത് അംഗീകരിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടത്. അബിൻ വളരെയധികം കഷ്ടപ്പെട്ട നേതാവാണ്, അതുകൊണ്ട് വേദന സ്വാഭാവികം. ഇഷ്ടമാണെങ്കിലും അല്ലെങ്കിലും പാർട്ടിയുടെ തീരുമാനം അംഗീകരിക്കണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

അബിൻ വർക്കി, ചാണ്ടി ഉമ്മൻ
"ഗ്രൂപ്പ് പോര് രൂക്ഷം"; തൃപ്പൂണിത്തുറയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സിപിഐഎമ്മിലേക്ക്

പിതാവ് ഉമ്മൻ ചാണ്ടിയുടെ ഓർമ ദിവസം നാഷണൽ ഔട്ട് റീച്ച് സെൽ ചെയർമാൻ സ്ഥാനത്തുനിന്നും നീക്കിയ സംഭവവത്തെക്കുറിച്ചും ചാണ്ടി ഉമ്മൻ സംസാരിച്ചു. "എനിക്ക് വളരെയധികം മാനസിക വിഷമം ഉണ്ടാക്കിയ സംഭവമാണത്. ഒരു ചോദ്യം പോലും ചോദിച്ചില്ല. എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാൻ സ്വമേധയാ രാജിവെച്ച് ഒഴിഞ്ഞേനെ.എന്നെ അപമാനിക്കുന്ന രീതിയിലാണ് പുറത്താക്കിയത്. അപ്പോഴും പാർട്ടിയുടെ തീരുമാനം എന്നാണ് പറഞ്ഞത്," ചാണ്ടി ഉമ്മൻ പറയുന്നു. ഇതിന് പിന്നിൽ ആരാണെന്ന് തനിക്കറിയാം. തെരഞ്ഞെടുപ്പായതിനാൽ കൂടുതൽ പറയുന്നില്ല, എന്നാൽ ഒരിക്കൽ അത് തുറന്ന് പറയുമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

അതേസമയം യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷനെയും വർക്കിങ് പ്രസിഡന്റ്റിനെയും മാനദണ്ഡങ്ങൾ ലംഘിച്ച് നിയമിച്ചതിനെതിരെ ഹൈക്കമാന്റിന് പരാതി നൽകിയിരിക്കുകയാണ് എ,ഐ ഗ്രൂപ്പുകൾ. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും രാഹുൽ ഗാന്ധിക്കുമാണ് പരാതി നൽകിയത്. തീരുമാനം പുനഃപരിശോധിക്കില്ല എന്നുള്ള ഉറപ്പുണ്ടെങ്കിലും സംസ്ഥാനത്തെ വികാരം ദേശീയ നേതൃത്വത്തെ അറിയിക്കുകയാണ് ലക്ഷ്യം.

അബിൻ വർക്കി, ചാണ്ടി ഉമ്മൻ
നിയമനം മാനദണ്ഡങ്ങൾ ലംഘിച്ച്: യൂത്ത് കോൺഗ്രസ്‌ അധ്യക്ഷ നിയമനത്തിൽ ഹൈക്കമാൻ്റിന് പരാതി നൽകി എ,ഐ ഗ്രൂപ്പുകൾ

തീരുമാനത്തിൽ പുനഃപരിശോധനയില്ലെന്നും നേതൃത്വത്തിലുള്ളവരെല്ലാം നല്ല കുട്ടികളാണെന്നുമായിരുന്നു കഴിഞ്ഞ ദിവസം കെ.സി. വേണുഗോപാല്‍ പ്രതികരിച്ചത്. എന്നാൽ പാർട്ടിക്കുള്ളിൽ നിലപാട് പറയാനാണ് എ, ഐ ഗ്രൂപ്പുകളുടെ തീരുമാനം. രമേശ്‌ ചെന്നിത്തല അടക്കം മുതിർന്ന നേതാക്കളുടെ വാക്കിന് ദേശീയ നേതൃത്വം ഒരു വിലയും കൽപ്പിച്ചില്ലെന്ന വികാരവും ശക്തമാണ്. കേരളത്തിലേക്ക് പിടിമുറുക്കാൻ കെ.സി. വേണുഗോപാൽ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഇതെല്ലാം എന്നും ഗ്രൂപ്പുകൾ വിലയിരുത്തുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com