കൊച്ചി: യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഐടി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം.
എറണാകുളം സിജെഎം കോടതിയില്‍ റൂറല്‍ സൈബര്‍ പൊലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തൊപ്പിക്കെതിരെയുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് പൊലീസ് വ്യക്തമാക്കി. സുഹൃത്തുക്കള്‍ ചതിച്ചുവെന്നും തര്‍ക്കത്തെ തുടര്‍ന്നാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്നുമാണ് തൊപ്പി പൊലീസിനോട് പറഞ്ഞത്.
കേസില്‍ തൊപ്പിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. സുഹൃത്തുക്കളുടെ ദൃശ്യങ്ങള്‍ അനുവാദമില്ലാതെ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചുവെന്നതാണ് തൊപ്പിക്കെതിരായ പ്രധാനമായ കുറ്റം. സുഹൃത്തുക്കളുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടായതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്.
സുഹൃത്തുക്കള്‍ തന്റെ വീട്ടില്‍ ലഹരിമരുന്ന് കൊണ്ടുവന്നുവെന്നും തൊപ്പി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ തൊപ്പി പെണ്‍കുട്ടികളോട് ലൈംഗിക ചൂഷണം നടത്തിയെന്നും പിന്നീട് പണം നല്‍കി ഒതുക്കിത്തീര്‍ത്തെന്നും സുഹൃത്ത് ആരോപിച്ചു.
പരസ്പരം ആരോപണങ്ങളുന്നയിച്ചു കൊണ്ടുള്ള തൊപ്പിയുടെയും കൂട്ടരുടെയും ലൈവ് വിഡിയോകള്‍ വലിയ ചര്‍ച്ചയായിരുന്നു. ലക്ഷക്കണക്കിന് കുട്ടികളാണ് തൊപ്പിയെ സമൂഹമാധ്യമങ്ങളിലൂടെ പിന്തുടരുന്നത്.