കേരള ഹൈക്കോടതി ഫയൽ ചിത്രം
KERALA

ഉത്തരവ് പുറപ്പെടുവിക്കാന്‍ എഐ ടൂള്‍ വല്ലാതെ ഉപയോഗിക്കേണ്ട; മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി

സുപ്രീം കോടതിയോ ഹൈക്കോടതിയോ അംഗീകരിച്ച എഐ ടൂളുകള്‍ മാത്രമേ ഉപയോഗിക്കാവൂ

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ടൂളുകളുടെ സഹായത്തോടെ കോടതികള്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി. ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ അടക്കമുള്ളവര്‍ക്കായി പ്രത്യേക മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. എഐ ടൂളുകള്‍ പലകാര്യങ്ങളിലും സഹായകരമാണെങ്കിലും നിയന്ത്രണമില്ലാത്ത ഉപയോഗം സ്വകാര്യതയെയും ഡാറ്റയുടെ സുരക്ഷയെയും ബാധിക്കും എന്നതിലാണ് നിര്‍ദേശം.

സുപ്രീം കോടതിയോ ഹൈക്കോടതിയോ അംഗീകരിച്ച എഐ ടൂളുകള്‍ മാത്രമേ ഉപയോഗിക്കാവൂ. എഐ ടൂളുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അക്കാദമിയിലോ ഹൈക്കോടതിയിലോ നടക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കണമെന്നും മാര്‍ഗനിര്‍േദശത്തില്‍ പറയുന്നു. ഹൈക്കോടതി ഇത്തരം നിര്‍ദ്ദേശം നല്‍കുന്നത് ഇന്ത്യയിലാദ്യമാണ്.

അംഗീകൃത എഐ ടൂളുകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും എഐ ടൂളുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അക്കാദമിയിലോ ഹൈക്കോടതിയിലോ നടക്കുന്ന പരിശീലനപരിപാടിയില്‍ പങ്കെടുക്കണം. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ നടപടിയുണ്ടാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

എഐ ടൂളുകള്‍ ഉപയോഗിക്കുമ്പോള്‍ തെറ്റ് പറ്റാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണം. ഏതെല്ലാം ടൂളുകളാണ് ഉപയോഗിച്ചതെന്ന് വ്യക്തമാക്കണം. ഉത്തരവുകള്‍ എഴുതാനും സാക്ഷിമൊഴികള്‍ രേഖപ്പെടുത്താനുമൊക്കെ എഐ ടൂളുകള്‍ ഉപയോഗിക്കുന്നുണ്ട്. എഐ ടൂളുകള്‍ ഉപയോഗിക്കുന്ന എല്ലാ ഘട്ടത്തിലും മേല്‍നോട്ടമുണ്ടാകണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ചാറ്റ് ജിപിടി പോലുള്ള ക്ലൗഡ് അധിഷ്ഠിത എഐ ടൂളുകള്‍ ഉപയോഗിക്കരുതെന്നും കോടതി വ്യക്തമക്കി.

SCROLL FOR NEXT