KERALA

തൃശൂര്‍ പൂരം അലങ്കോലമായ സംഭവം: സുരേഷ് ഗോപിയുടെ മൊഴിയെടുത്തു

പൂരം അലങ്കോലമായത് അറിയിച്ചത് ബിജെപി പ്രവര്‍ത്തകരാണെന്നാണ് സുരേഷ് ഗോപി മൊഴി നല്‍കിയത്

Author : ന്യൂസ് ഡെസ്ക്

തൃശൂര്‍ പൂരം അലങ്കോലമാക്കിയ സംഭവത്തില്‍ സുരേഷ് ഗോപി എംപിയുടെ മൊഴി രേഖപ്പെടുത്തി. ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് മൊഴി എടുത്തത്. തിരുവനന്തപുരത്ത് അതീവ രഹസ്യമായാണ് മൊഴി രേഖപ്പെടുത്തിയത്.

പൂരം അലങ്കോലമായത് അറിയിച്ചത് ബിജെപി പ്രവര്‍ത്തകരാണെന്നാണ് സുരേഷ് ഗോപി മൊഴി നല്‍കിയത്. ഇവര്‍ അറിയിച്ചതനുസരിച്ചാണ് താന്‍ സംഭവ സ്ഥലത്തേക്ക് എത്തിയതെന്നും സുരേഷ് ഗോപി മൊഴി നല്‍കിയതായാണ് വിവരം.

പൂരം അലങ്കോലമാക്കിയ സംഭവത്തില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം അവസാന ഘട്ടത്തിലാണ്. അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി എച്ച്. വെങ്കിടേഷ് ഉടന്‍ സമര്‍പ്പിക്കുമെന്നാണ് സൂചന. ഇതാദ്യമായാണ് സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തുന്നത്.

പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ ത്രിതല അന്വേഷണമാണ് പ്രഖ്യാപിച്ചത്. ഇതില്‍ രണ്ട് അന്വേഷണം പൂര്‍ത്തിയായി. എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗൂഢാലോചന സംബന്ധിച്ച അന്വേഷണം നടത്തുന്നത്.

പൂരം അലങ്കോലപ്പെട്ടപ്പോള്‍ സ്ഥലത്ത് ആദ്യമെത്തിയ നേതാവ് സുരേഷ് ഗോപിയാണ്. എങ്ങനെയാണ് അറിഞ്ഞതെന്നും സ്ഥലത്ത് എത്തിയതെന്നുമാണ് അന്വേഷണ സംഘം പ്രധാനമായും ആരാഞ്ഞത്. പൂര സ്ഥലത്ത് തൃശൂര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപി സേവാഭാരതിയുടെ ആംബുലന്‍സില്‍ എത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

SCROLL FOR NEXT