Source: X/ BCCI
NEWSROOM

പൊതിരെ തല്ലുവാങ്ങി ഇന്ത്യൻ ബൗളർമാർ ; ദക്ഷിണാഫ്രിക്കയോട് തോറ്റതിന് പിന്നാലെ ടോസിനെ പഴിച്ച് ക്യാപ്റ്റൻ

ദക്ഷിണാഫ്രിക്കയെ സംബന്ധിച്ചിടത്തോളം ഇന്ത്യയിൽ ഏകദിന മത്സരങ്ങളിൽ അവരുടെ ഏറ്റവും ഉയർന്ന വിജയകരമായ റൺചേസായിരുന്നു ഇന്നലെ റായ്‌പൂരിലേത്.

Author : ന്യൂസ് ഡെസ്ക്

റായ്‌പൂർ: ബുധനാഴ്ച റായ്പൂരിൽ നടന്ന രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയോട് നാല് വിക്കറ്റിന് തോറ്റതിന് പിന്നാലെ ടോസിനെ പഴിച്ച് ക്യാപ്റ്റൻ കെ.എൽ. രാഹുൽ. മത്സരത്തിൽ ടോസ് നിർണായക പങ്ക് വഹിച്ചുവെന്നും വിജയിക്കണമെങ്കിൽ നിർണായക നിമിഷങ്ങളിൽ ഇന്ത്യൻ ടീം കൂടുതൽ ശ്രദ്ധാലുക്കളായിരിക്കണം എന്നും ഇന്ത്യൻ നായകൻ പറഞ്ഞു. ദക്ഷിണാഫ്രിക്കയെ സംബന്ധിച്ചിടത്തോളം ഇന്ത്യയിൽ ഏകദിന മത്സരങ്ങളിൽ അവരുടെ ഏറ്റവും ഉയർന്ന വിജയകരമായ റൺചേസായിരുന്നു ഇന്നലെ റായ്പൂരിലേത്.

"രണ്ടാം ഇന്നിംഗ്സിൽ എത്ര മഞ്ഞുവീഴ്ചയുണ്ടെന്നും ഫീൽഡ് ചെയ്യാൻ എത്ര ബുദ്ധിമുട്ടാണെന്നും കണക്കിലെടുക്കുമ്പോൾ മത്സരഫലം ഇങ്ങനെയാകുമെന്ന് വ്യക്തമായിരുന്നു. ഈഡൻ ഗാർഡനിലെ ഒന്നാം ഏകദിനത്തിൽ ഞങ്ങൾ നന്നായി കളിച്ചിരുന്നു. രണ്ടാം ഏകദിനത്തിൽ അമ്പയർമാർ പന്ത് മാറ്റിയത് നന്നായി. മാച്ചിൽ ടോസ് ഒരു വലിയ പങ്ക് വഹിക്കുന്നു. അതിനാൽ തോൽവിയുടെ ഉത്തരവാദിത്തം ഞാൻ സ്വയം ഏറ്റെടുക്കുന്നു," കെ.എൽ. രാഹുൽ പറഞ്ഞു.

ഇന്ത്യയ്ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുന്ന മേഖലകൾ ഉണ്ടായിരുന്നുവെന്നും രാഹുൽ മത്സരത്തിലെ തോൽവിക്ക് ശേഷം സമ്മതിച്ചു. "ആദ്യം ബാറ്റ് ചെയ്ത് 350 റൺസ് നേടിയാൽ വിജയിക്കാമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. കഴിഞ്ഞ മത്സരത്തിനു ശേഷം നനഞ്ഞ പന്തിൽ ബൗളർമാർക്ക് ഒരു ആശ്വാസം നൽകാനായി 20-25 റൺസ് അധികമായി നേടാം എന്നതിനെക്കുറിച്ചായിരുന്നു," അദ്ദേഹം പറഞ്ഞു.

വിരാട് കോഹ്‌ലിയെ ഒരറ്റത്ത് കൂട്ടാളിയായി നിർത്തി രണ്ടാം ഏകദിനത്തിൽ 195 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റിൽ ഗെയ്ക്‌വാദ് പടുത്തുയർത്തിയത്. ഏകദിനത്തിലെ കന്നി സെഞ്ച്വറിയാണ് റുതുരാജ് (83 പന്തിൽ 105) ഇന്ന് അടിച്ചെടുത്തത്. ഇതുവരെ 95 റൺസായിരുന്നു താരത്തിൻ്റെ കരിയറിലെ ഉയർന്ന സ്കോർ. ഈഡൻ ഗാർഡനിൽ സെഞ്ച്വറി നേടി മികച്ച ഫോമിലെത്തിയ വിരാട് കോഹ്‌ലിയെ ഒരറ്റത്ത് കാഴ്ചക്കാരനാക്കി നിർത്തി റുതുരാജായിരുന്നു ആദ്യം സെഞ്ച്വറിയിലേക്ക് കുതിച്ചെത്തിയത്.

താരത്തിൻ്റെ ടൈമിങ്ങും ഷോട്ട് സെലക്ഷനും പെർഫെക്ഷനും ആരുടെയും മനംമയക്കുന്നതായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ മഹാരാഷ്ട്രയ്ക്കായി സ്ഥിരതയാർന്ന നിരവധി പ്രകടനങ്ങൾ കാഴ്ചവച്ചിട്ടുണ്ടെങ്കിലും ഇന്ത്യക്കായി കാര്യമായ പ്രകടനങ്ങളൊന്നും നടത്താൻ കഴിഞ്ഞിരുന്നില്ല. അത്തരം ചീത്തപ്പേരിനെല്ലാം പരിഹാരം റായ്പൂരിൽ കണ്ടെത്താനായതിൻ്റെ ആത്മവിശ്വാസത്തിലാകും താരം ഇനി നാട്ടിലേക്ക് മടങ്ങുക.

SCROLL FOR NEXT