NEWSROOM

അക്രമ സംഭവങ്ങൾക്ക് സാധ്യത: കൊൽക്കത്ത നഗരത്തിൽ ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ

ആർ.ജി. കർ മെഡിക്കൽ കോളേജ് ആശുപത്രിക്ക് ചുറ്റും കൂട്ടം കൂടുന്നത് ഏഴ് ദിവസത്തേക്കാണ് കൊൽക്കത്ത പൊലീസ് നിരോധിച്ചത്. ഞായറാഴ്ച മുതൽ നിരോധനാജ്ഞ നിലവിൽ വന്നു

Author : ന്യൂസ് ഡെസ്ക്


വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ കൊൽക്കത്ത നഗരത്തിൽ ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊലപാതകം നടന്ന ആർ.ജി. കർ മെഡിക്കൽ കോളേജ് ആശുപത്രിക്ക് ചുറ്റും കൂട്ടം കൂടുന്നത് ഏഴ് ദിവസത്തേക്കാണ് കൊൽക്കത്ത പൊലീസ് നിരോധിച്ചത്. ഞായറാഴ്ച മുതൽ നിരോധനാജ്ഞ നിലവിൽ വന്നു.


ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ സെക്ഷൻ 163 (മുമ്പ് സിആർപിസിയുടെ 144 വകുപ്പ്) പ്രകാരം ആശുപത്രിക്ക് ചുറ്റും കൂട്ടം കൂടുന്നതിന് വിലക്കേർപ്പെടുത്തി. കൊൽക്കത്തയിലെ നിർദ്ദിഷ്‌ട പ്രദേശത്ത് റാലികൾ, യോഗങ്ങൾ, ഘോഷയാത്രകൾ, ധർണകൾ, പ്രകടനങ്ങൾ, അഞ്ചോ അതിലധികമോ ആളുകളുടെ നിയമവിരുദ്ധമായി ഒത്തുകൂടൽ എന്നിവ നിരോധിച്ചിട്ടുണ്ടെന്ന് പൊലീസ് കമ്മീഷണർ വിനീത് കുമാർ ഗോയൽ ശനിയാഴ്ച പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി.

"വിശ്വസനീയമായ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ, ഒരു വിഭാഗം പൊതുജനങ്ങളുടെയോ ഒരു സംഘടനയുടെയോ അക്രമാസക്തമായ പ്രകടനങ്ങൾ, റാലികൾ, മീറ്റിംഗുകൾ എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് പൊലീസ് കണ്ടെത്തി. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായേക്കുമെന്നും റിപ്പോർട്ട് ലഭിച്ചു. ആശുപത്രിയുടെ സുരക്ഷ, മനുഷ്യജീവന് അപകടം, ഡോക്ടർമാർ, നഴ്‌സിംഗ് സ്റ്റാഫ്, മെഡിക്കൽ സ്റ്റാഫ്, പ്രസ്തുത പ്രദേശത്തെ നിയമാനുസൃതമായി ജോലി ചെയ്യുന്ന വ്യക്തികൾ എന്നിവരുടെ സുരക്ഷ എന്നീ വിഷയങ്ങൾ കണക്കിലെടുത്താണ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്," കമ്മീഷണർ ഉത്തരവിൽ പറയുന്നു.

SCROLL FOR NEXT