ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉറപ്പ് നൽകി
രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കുള്ള നിർദേശങ്ങളുമായി പശ്ചിമ ബംഗാൾ സർക്കാർ. പ്രത്യേക മൊബൈൽ ആപ്പ്, സേഫ് സോണുകൾ, രാറ്റിരേർ ഷതി എന്നിവയടങ്ങുന്ന അഞ്ച് നിർദേശങ്ങളാണ് മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. സർക്കാർ ആശുപത്രികളിലും, മെഡിക്കൽ കോളേജുകളിലും, മറ്റ് ജോലിസ്ഥലങ്ങളിലും സ്ത്രീകൾക്ക് സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ ഒരുക്കുകയാണ് സർക്കാർ ഇതുവഴി ലക്ഷ്യമിടുന്നത്.
സ്ത്രീകൾക്ക് ടോയ്‌ലറ്റുകളുള്ള പ്രത്യേക വിശ്രമമുറികൾ, രാത്രിയിൽ ഡ്യൂട്ടിക്കായി 'രാറ്റിരേർ ഷതി' അഥവാ വനിതാ സന്നദ്ധപ്രവർത്തകർ, സിസിടിവി ഉപയോഗിച്ചുള്ള സേഫ് സോണുകൾ, ലോക്കൽ പൊലീസ് സ്റ്റേഷനുകൾ/പൊലീസ് കൺട്രോൾ റൂമുകളുമായി ബന്ധിപ്പിക്കുന്ന അലാറം സെറ്റ് ചെയ്തുള്ള പ്രത്യേക മൊബൈൽ ഫോൺ ആപ്പ്, അടിയന്തര ഹെൽപ്പ് ലൈൻ നമ്പർ 100/112 എന്നിവയുടെ ഉപയോഗം തുടങ്ങിയവയാണ് സർക്കാരിന്റെ അഞ്ച് നിർദേശങ്ങൾ.
ALSO READ: തിരികെ ജോലിയിൽ പ്രവേശിക്കണം, സുരക്ഷ ഉറപ്പാക്കാൻ സാധ്യമായതൊക്കെ ചെയ്യും: ഡോക്ടർമാർക്ക് ഉറപ്പുമായി കേന്ദ്രം
കൂടാതെ, സാധ്യമാകുന്നിടത്തെല്ലാം രാത്രി ഡ്യൂട്ടിയിൽ നിന്ന് സ്ത്രീകളെ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി മമതാ ബാനർജിയുടെ മുഖ്യ ഉപദേഷ്ടാവ് അലപൻ ബന്ദ്യോപാധ്യായ പറഞ്ഞു. കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് സർക്കാരിന്റെ തീരുമാനം.
അതേസമയം, ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉറപ്പ് നൽകി. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ നിർദേശിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും ഔദ്യോഗിക പ്രസ്താവനയിയിലൂടെ മന്ത്രാലയം വ്യക്തമാക്കി.
ALSO READ: "കൊൽക്കത്തയിലെ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടു, മമത രാജി വെക്കണം"; നിർഭയയുടെ അമ്മ
ഫെഡറേഷൻ ഓഫ് റസിഡൻ്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ഡൽഹിയിലെ ഗവൺമെൻ്റൽ മെഡിക്കൽ കോളേജുകളിലെയും ആശുപത്രികളിലെയും റസിഡൻ്റ് ഡോക്‌ടേഴ്‌സ് അസോസിയേഷനുകളുടെ പ്രതിനിധികൾ എന്നിവർ ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രസ്താവന ഇറക്കിയത്.