ബാലൺ ദി ഓർ പുരസ്കാരം പിഎസ്ജിയുടെ ഒസ്മാൻ ഡെംബലെ സ്വന്തമാക്കി. ബാഴ്സലോണയുടെ ലാമിൻ യമാലിനെ മറികടന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. വനിതകളിൽ തുടർച്ചയായ മൂന്നാം ബാലൺ ദി ഓർ ഐറ്റാന ബോൺമാറ്റി സ്വന്തമാക്കി. മികച്ച ക്ലബ്ബും പരിശീലകനുമടക്കമുള്ള പുരസ്കാരങ്ങൾ വാരിക്കൂട്ടി പിഎസ്ജി.
71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന് നടക്കും. മോഹൻലാൽ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങും. മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം വിജയരാഘവനും, സഹനടിക്കുള്ള പുരസ്കാരം ഉർവശിയും സ്വീകരിക്കും.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയം കത്തി നിൽക്കുന്നതിനിടെ വി. ഡി. സതീശൻ ഇന്ന് പാലക്കാട് എത്തും. യുഡിഎഫിൻ്റെ നയ വിശദീകരണ യോഗത്തിൽ പങ്കെടുക്കാനാണ് പ്രതിപക്ഷ നേതാവ് എത്തുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിന് ശേഷം ഇതാദ്യമായാണ് സതീശൻ പാലക്കാട് എത്തുന്നത്.
കെ. ജെ. ഷൈനിന് എതിരായ അപകീർത്തി കേസിൽ നടപടി കടുപ്പിച്ച് അന്വേഷണ സംഘം. രണ്ടാം പ്രതി കെ എം ഷാജഹാൻ്റെ വീട്ടിൽ രാത്രി വൈകിയും അന്വേഷണസംഘം പരിശോധന നടത്തി. അപവാദ പ്രചാരണത്തിന് ഉപയോഗിച്ച ഐഫോൺ കണ്ടെടുത്തു.
സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ ഇന്ന് പ്രതിഷേധ ധർണ നടക്കും. ഡിഎംഇ ഓഫീസിലേക്കും പ്രിൻസിപ്പൽമാരുടെ ഓഫീസിലേക്കും ഡോക്ടർമാർ പ്രതിഷേധിക്കും. മ്പള പരിഷ്കരണം, കുടിശിക നികത്തൽ, ഒഴിവുകൾ നികത്തൽ എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ സംഘടിപ്പിക്കുന്നത്.
പലസ്തീനെ ഔദ്യോഗിക രാഷ്ട്രമായി അംഗീകരിച്ച് ഫ്രാൻസ്. യുഎൻ പൊതുസഭയിൽ ഫ്രാൻസിൻ്റെ പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപനം നടത്തി. ഇസ്രായേലിനും പലസ്തീനും ഇടയിൽ സമാധാനം പുലരട്ടെ എന്നും മാക്രോൺ പറഞ്ഞു. യു.കെ, കാനഡ, ഓസ്ട്രേലിയ രാജ്യങ്ങൾക്ക് പിന്നാലെയാണ് ഫ്രാൻസിൻ്റെ പ്രഖ്യാപനം.
തിരുവനന്തപുരത്ത് ആരോഗ്യ സർവകലാശാല സൗത്ത് സോൺ കലോത്സവത്തിൽ എസ്എഫ്ഐ നേതാവിനെ ജനറൽ കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റി. വിസി മോഹനൻ കുന്നുമ്മലാണ് എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം. എ. നന്ദനെ മാറ്റിയത്. നന്ദന് പകരം യൂണിയൻ ചെയർമാനെ ജനറൽ കൺവീനറായി നിയോഗിച്ചു.
ഹമാസ് ആയുധം താഴെ വെയ്ക്കണം എന്ന് പലസ്തീൻ ആവശ്യപ്പെട്ടു. ഗാസയുടെ ഭരണത്തിൽ ഹമാസിന് പങ്കുണ്ടാകില്ലെന്ന് പലസ്തീൻ പ്രസിഡൻ്റ് മഹ്‌മൂദ് അബ്ബാസ് യു എന്നിൽ സംസാരിക്കവെ വ്യക്തമാക്കി.
ചേർത്തല ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയ കേസിൽ പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ആലപ്പുഴ ക്രൈം ബ്രാഞ്ച് ആണ് സെബാസ്റ്റ്യനെ കസ്റ്റഡിയിൽ വാങ്ങുന്നത്. നിലവിൽ ഏറ്റുമാനൂരിലെ ജെയ്നമ്മ തിരോധാന കേസിൽ റിമാൻഡിൽ കഴിയുകയാണ് സെബാസ്റ്റ്യൻ.
തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറും ഇന്ന് കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12 മണിക്കാണ് കൂടിക്കാഴ്ച. സംസ്ഥാനത്തെ എസ്‌ഐആർ നടപടികൾ തദ്ദേശ തെരഞ്ഞെടുപ്പ് വരെ നീട്ടിവെക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരുടെയും കൂടിക്കാഴ്ച തീരുമാനിച്ചത്.
അപവാദ പ്രചാരണം നടത്തിയതിൽ കൂടുതൽ പേർക്കെതിരെ പരാതി നൽകി സിപിഐഎം നേതാവ് കെ.ജെ. ഷൈൻ. കോൺഗ്രസ് പറവൂർ ബ്ലോക്ക് പ്രസിഡൻ്റ് എം. എസ് റെജിക്കെതിരെയാണ് ഷൈൻ പരാതി നൽകിയിരിക്കുന്നത്. ഇയാൾ ലൈംഗിക ചുവയുള്ള സൈബറാക്രമണത്തെ സാധുകരിക്കുകയും സ്ഥിരീകരിക്കുകയും ചെയ്തിരിക്കുന്നതായി പരാതിയിൽ പറയുന്നു.
തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുടെ മരണത്തിൽ പ്രതിരോധത്തിലായി ബിജെപി. അനിൽകുമാറിന് സാമ്പത്തിക ബാധ്യതയില്ലെന്ന് അണികളെ ബോധ്യപ്പെടുത്താൻ നേതൃത്വത്തിന് കഴിഞ്ഞില്ല. കേസിൽ അനിൽ കുമാറിൻ്റെ കുടുംബാംഗങ്ങളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.
തിരുവനന്തപുരത്തെ ബി ജെ പി കൗൺസിലർ അനിൽകുമാറിൻ്റെ ആത്മഹത്യയിൽ നിർണായക വെളിപ്പെടുത്തൽ ന്യൂസ് മലയാളത്തിന്. പൊലീസിൽ പരാതി നൽകാൻ പറഞ്ഞത് അനിൽകുമാറെന്ന് പരാതിക്കാരി വത്സല പറഞ്ഞു. സ്റ്റേഷനിൽ പോകാൻ ഓട്ടോ കാശ് നൽകി. മരിക്കുന്നതിന് പത്ത് ദിവസം മുന്നേയാണ് പരാതി നൽകാൻ ആവശ്യപ്പെട്ടതെന്നും പരാതിക്കാരി വെളിപ്പെടുത്തി.
അധിക തീരുവ തർക്കങ്ങൾക്കിടെ കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കറും മാർക്കോ റൂബിയോയും. വ്യാപാരം, ഊർജം, പ്രതിരോധ മേഖലകളിലെ സഹകരണം ചർച്ചയായി. ഇന്ത്യയുമായുള്ള ബന്ധം യുഎസിന് നിർണായകമെന്ന് മാർക്കോ റൂബിയോ പറഞ്ഞു. വ്യാപാര കരാറും അധിക തീരുവയും ചർച്ചയായെന്നാണ് സൂചന.
കെ. ജെ. ഷൈനെതിരായ അപകീർത്തി പരാമർശത്തിൽ കെ. എം. ഷാജഹാനെതിരെ പോസ്റ്റർ. ഷാജഹാൻ്റെ വീടിന് സമീപത്താണ് ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും ഉയർന്നത്. ചെറുവക്കൽ ജനകീയ സമിതിയുടെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
ഗവർണർ കോടതി ചെലവ് ആവശ്യപ്പെട്ട സംഭവത്തിൽ നിലപാട് മയപ്പെടുത്തി രാജ്ഭവൻ. സുപ്രീം കോടതിയിലെ കേസ് നടത്തിപ്പിനുള്ള പണം സർവകലാശാല നൽകിയില്ലെങ്കിലും പ്രശ്നമില്ലെന്നും, പണം രാജ്ഭവൻ തന്നെ നൽകാമെന്നും രാജ്ഭവൻ അറിയിച്ചു.
പാകിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് നീട്ടി. ഒക്ടോബർ 24 വരെ നിയന്ത്രണം തുടരും. ഇന്ത്യൻ വിമാനങ്ങൾക്കെതിരായ വിലക്ക് പാകിസ്ഥാനും നീട്ടിയിരുന്നു.
കാബൂളിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിൽ അഫ്ഗാൻ ബാലൻ്റെ സാഹസിക യാത്ര. രണ്ട് മണിക്കൂറോളമാണ് പതിമൂന്നുകാരൻ വിമാനത്തിലെ ലാൻഡിങ് ഗിയർ കംപാർട്ട്മെൻ്റിൽ ഒളിച്ചിരുന്നത്. വിമാനത്തിൽ കയറിയത് കൗതുകം കാരണമെന്നാണ് കുട്ടിയുടെ മൊഴി.
തിരുവനന്തപുരത്ത് മണ്ണന്തലയിൽ ഗുണ്ടാ വിളയാട്ടം. വീട്ടിലേക്ക് പടക്കമെറിഞ്ഞ ഗുണ്ടകൾ വഴിയിലുണ്ടായിരുന്ന വാഹനങ്ങൾ അടിച്ചു തകർത്തു. മൂന്ന് ഓട്ടോ, രണ്ട് കാർ, ഒരു ബൈക്ക് എന്നിവയാണ് ഏഴംഗ സംഘം അടിച്ചുതകർത്തത്. നിരവധി കേസുകളിൽ പ്രതിയായ ശരത്തും സംഘവുമാണ് അക്രമത്തിന് പിന്നിൽ.
കൊല്ലത്ത് 900 കിലോ നിരോധിത ലഹരി ഉൽപ്പന്നങ്ങൾ പിടികൂടി. ഇന്ന് പുലർച്ചെ എക്‌സൈസ് സംഘം നടത്തിയ നടത്തിയ പരിശോധനയിലാണ് 10 ലക്ഷം രൂപ വിലവരുന്ന വസ്തുക്കൾ പിടികൂടിയത്. കുമ്മിൾ തെറ്റിമുക്ക് സ്വദേശി നൗഫലി (30) നെതിരെ കേസെടുത്തു. പരിശോധനയുടെ എക്‌സൈസ് സംഘത്തെ കണ്ട് വാഹനങ്ങൾ ഉപേക്ഷിച്ച് നൗഫലും കൂട്ടാളിയും ഓടി രക്ഷപ്പെട്ടു. പ്രതിക്ക് വേണ്ടി അന്വേഷണം ഊർജ്ജതമാക്കി.
തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ തിരുമല അനിലിൻ്റെ മരണത്തിൽ അന്വേഷണം പ്രത്യേക സംഘത്തിന്. കൻ്റോൺമെൻ്റ് എസിക്കാണ് അന്വേഷണച്ചുമതല. പ്രാഥമിക റിപ്പോർട്ട് ലഭിച്ചാൽ അന്വേഷണം സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് വിട്ടേക്കും.
പലസ്തീൻ രാഷ്ട്രപദവി അവകാശമാണെന്നും, അത് ഔദാര്യമല്ലെന്നും യുഎൻ മേധാവി അൻ്റോണിയോ ഗുട്ടറസ്. സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള ഏക മാർഗം ദ്വി രാഷ്ട്രമാണെന്നുംഗുട്ടറസ് വ്യക്തമാക്കി.
വിദ്വേഷ പ്രസംഗത്തിൽ ശ്രീരാമദാസ മിഷൻ അധ്യക്ഷനെതിരെ പരാതി. വാവർ മുസ്ലിം തീവ്രവാദിയാണെന്ന് പന്തളം ശബരിമല സംരക്ഷണ സംഗമത്തിൽ പ്രസംഗിച്ച ശാന്താനന്ദ മഹർഷിക്കെതിരെ കോൺഗ്രസ് മാധ്യമ വക്താവ് അനൂപ് വി ആറാണ് പരാതി നൽകിയത്. വിശ്വാസം വ്രണപ്പെടുത്തൽ മത വിഭാഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പരാതി കൊടുത്തിരിക്കുന്നത്.
കൊൽക്കത്തയിൽ കനത്ത മഴയിൽ അഞ്ച് പേർ മരിച്ചു. പലയിടങ്ങളിലും വെള്ളപ്പൊക്ക സമാനമായ സാഹചര്യമാണ് ഉള്ളത്.
മുഖ്യമന്ത്രി പിണറായി വിജയനും കോൺഗ്രസ് നേതാവ് ശശി തരൂരിനും രാജ്ഭവൻ്റെ ക്ഷണം. ക്ഷണം രാജ്ഭവൻ്റെ ഇൻഹൗസ് മാഗസിൻ രാജഹംസത്തിൻ്റെ പ്രകാശനത്തിന് പങ്കെടുക്കാനാണ് ഇരുവരേയും ക്ഷണിച്ചത്. ഞായറാഴ്ച രാവിലെ 11 മണിക്കാണ് ചടങ്ങ് നടക്കുക.
ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി നവംബർ 15 ന് കേരളത്തിലെത്തും. കൊച്ചിലെത്തുന്ന അർജൻ്റീൻ ടീം 18-ാം തീയതി വരെ കേരളത്തിൽ ഉണ്ടാകും. ടീം പ്രതിനിധി ഇന്ന് കൊച്ചിയിലെത്തി ഉച്ചയ്ക്ക് ശേഷം കലൂർ സ്റ്റേഡിയം സന്ദർശിക്കും.
കെ. ജെ. ഷൈൻ ടീച്ചർക്കെതിരെ അപവാദപ്രചരണം നടത്തിയെന്ന കേസിലെ ഒന്നാം പ്രതി സി. കെ. ഗോപാലകൃഷ്ണൻ എറണാകുളം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചു. കോൺഗ്രസ് പ്രാദേശിക നേതാവായ ഗോപാലകൃഷ്ണനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് പൊലീസ് നോട്ടീസ് നൽകിയിരുന്നു.
വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി പൊലീസുകാരനെ മർദിച്ച സംഭവത്തിൽ സഹകരണ വകുപ്പ് ജൂനിയർ ഇൻസ്പെക്ടർ സന്തോഷിനെതിരെ വകുപ്പുതല നടപടി. റിമാൻ്റിലുള്ള സന്തോഷിനെ സസ്പെൻ്റ് ചെയ്തു. യാത്രകാരിയെ ശല്യം ചെയ്ത കേസിലാണ് സന്തോഷിനെ പൊലീസ് പിടികൂടിയത്. കുണ്ടറ പൊലീസ് സ്റ്റേഷനിലെ സിപിഒ റിയാസിനെയും സന്തോഷ് ആക്രമിച്ചു.
രൂപയുടെ മൂല്യം ഇടിഞ്ഞു. ഡോളറിനെതിരെ റെക്കോർഡ് താഴ്ചയിലാണ് രൂപയുടെ മൂല്യം. ഇത് 88.46 ആയാണ് കുറഞ്ഞത്. 88.45 ഈ മാസം ആദ്യം രേഖപ്പെടുത്തിയത്. ഇന്ത്യൻ ഓഹരിവിപണിയും ഇടിഞ്ഞു.
തിരുവനന്തപുരം വർക്കലയിൽ മധ്യവയസ്കനെ മർദിച്ച് അവശനാക്കി മൊബൈൽ ഫോൺ മോഷ്ടിച്ചു. ആക്രമണത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറുന്നിയൂർ സ്വദേശികളായ നന്ദു അനീഷ് എന്നിവരാണ് ആക്രമണം നടത്തിയത്. ഇരുവരെയും വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. ജോലി കഴിഞ്ഞശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്.
ഈ മാസത്തെ ക്ഷേമ പെൻഷൻ 25 മുതൽ വിതരണം ചെയ്യും. ഇതിനായി 841 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. 62 ലക്ഷത്തോളം പേർക്ക് 1600 രൂപവീതം ലഭിക്കും.
കണ്ണൂരിലെ സൈനിക കേന്ദ്രത്തിൽ ബോംബ് ഭീഷണി. ഡിഎസ്‌സി സെൻ്ററിലേക്ക് ഇ മെയിൽ വഴിയാണ് ബോംബ് ഭീഷണി വന്നത്. പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തുന്നു.
തിരുവനന്തപുരം പോത്തൻകോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ ഏറ്റുമുട്ടി. സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഓപ്പറേഷൻ നുംകൂർ എന്ന പേരിൽ കൊച്ചിയിൽ സൂപ്പർ താരങ്ങളുടെ വസതികളിൽ റെയ്‌ഡ്. ദുൽഖർ സൽമാൻ്റെയും, പൃഥ്വിരാജിൻ്റെയും വീടുകളിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധനയ്‌ക്കെത്തിയത്. ഭൂട്ടാനിൽ നിന്ന് വാഹനം നിയമവിരുദ്ധമായി കടത്തിയെന്നുള്ള ആരോപണത്തിൻ്റെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തുന്നത്.
ശ്വേത മേനോനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലെ തുടര്‍ നടപടികള്‍ക്കുള്ള സ്‌റ്റേ തുടരും. ഇടക്കാല ഉത്തരവ് ഹൈക്കോടതി ഒക്ടോബര്‍ 28 വരെ നീട്ടി. അശ്ലീല ഉള്ളടക്കമുള്ള സിനിമകളില്‍ അഭിനയിച്ചുവെന്ന പരാതിയിലായിരുന്നു കേസെടുത്തത്.
ഓപ്പറേഷൻ നുംകൂറിൻ്റെ ഭാഗമായി കോഴിക്കോടും പരിശോധന. തൊണ്ടയാട് പ്രവർത്തിക്കുന്ന റോഡ് വേ എന്ന യൂസ്ഡ് കാർ ഷോ റൂമിലാണ് പരിശോധന നടത്തുന്നത്. കോഴിക്കോട് മലപ്പുറം ജില്ലകളിലായി ഏഴ് സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്. ഇരുജില്ലകളിൽ നിന്നായി 11 വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തു. കസ്റ്റഡിയിൽ എടുത്ത വാഹനങ്ങൾ കരിപ്പൂർ എയർപോർട്ടിലെ ഓഫീസിലേക്ക് എത്തിക്കും.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട്ടേക്ക് തിരിച്ചു വരുമെന്ന് യുഡിഎഫ് പാലക്കാട് ജില്ലാ ചെയർമാൻ മരക്കാർ മാരായമംഗലം. പാലക്കാടിന് നാഥനില്ലെന്ന കാര്യം ഉടൻ പരിഹരിക്കപ്പെടുമെന്നും രാഹുൽ വിഷയം വോട്ടർമാരെ ബാധിക്കില്ലെന്നും മരക്കാർ മാരായമംഗലം പറഞ്ഞു. രാഹുൽ മണ്ഡലത്തിലെത്തുമ്പോൾ സംരക്ഷണം ഒരുക്കണമോയെന്ന് യുഡിഎഫ് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒറ്റപ്പാലം അമ്പലപ്പാറയിൽ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം. 10000 രൂപയാണ് ക്ഷേത്രത്തിൽ നിന്നും നഷ്ടപ്പെട്ടത്. അമ്പലപ്പാറ ചെറുമുണ്ടശ്ശേരി പാലേക്കാവിൽ അയ്യപ്പ ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിൻ്റെ മുൻവശത്ത് സ്ഥാപിച്ചിരുന്ന ഭണ്ഡാരവും മറ്റ് രണ്ട് ഭാഗത്തെ ഭണ്ഡാരങ്ങളും തകർത്താണ് മോഷണം നടന്നത്. രാവിലെ ക്ഷേത്രത്തിൽ എത്തിയ പൂജാരിയാണ് ഭണ്ഡാരങ്ങൾ തകർന്ന നിലയിൽ കണ്ടെത്തുന്നത്.
സ്ത്രീകൾക്കെതിരായ കേസുകളിൽ പൊലീസ് നടപടകളിൽ കാലതാമസമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ പി. സതീദേവി. പ്രത്യേകിച്ച് സൈബർ സെല്ലിന്റെ പ്രവർത്തനത്തിലെ കാലതാമസം, കമ്മീഷൻ്റെ തുടർ നടപടികളിലുൾപ്പടെ സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിക്കാത്തത പലപ്പോഴും കാലതാമസമുണ്ടാക്കാറുണ്ട്. മുതിർന്ന രാഷ്ട്രീയ നേതാവിൻ്റ മാധ്യമപ്രവർത്തകയാടുള്ള പ്രതികരണം പാടില്ലാത്തതാണെന്നും പി. സതീദേവി പറഞ്ഞു.
ശബരിമല സംരക്ഷണ സംഗമത്തിലെ വിദ്വേഷ പ്രസംഗത്തിനെതിരെ പന്തളം കുടുംബാംഗം. പന്തളം കുടുംബാംഗം പ്രദീപ് വർമ്മയാണ് പൊലീസിൽ പരാതി നൽകിയത്. ബദൽ സംഗമത്തിൽ ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശാന്താനന്ദ മഹർഷിയാണ് വർഗീയ പ്രസംഗം നടത്തിയത്. വാവർ മുസ്ലിം തീവ്രവാദിയാണെന്നായിരുന്നു ശാന്താനന്ദ മഹർഷി നടത്തിയ പരാമർശമാണ് വിവാദമായത്.
ശബരിമല സംരക്ഷണ സംഗമത്തിനെതിരെ പന്തളം കുടുംബാംഗം പ്രദീപ് വർമ. ശബരിമല സംരക്ഷണ സംഗമം വർഗീയ പരിപാടിയായിപ്പോയി. ശ്രീരാമദാസ മിഷൻ അധ്യക്ഷൻ നടത്തിയ പ്രസ്താവന ഒരുതരത്തിലും അംഗീകരിക്കാനും ആകില്ല. മതസൗഹാർദ്ദം തകർക്കാനും ഹിന്ദു-മുസ്ലിം വിദ്വേഷം വളർത്താൻ വേണ്ടിയുള്ള പരിപാടിയായി മാറിയെന്ന് പ്രദീപ് വർമ പറഞ്ഞു.
പിണറായി വിജയൻ അയ്യപ്പ ഭക്തൻ എന്നാണ് പറഞ്ഞതിന് രണ്ട് കാരണങ്ങൾ ഉണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ. തിരുവിതാംകൂർ ദേവസ്വത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ പിണറായി സർക്കാർ ശക്തമായ ഇടപെടൽ നടത്തി. രണ്ടാമത്തേത് വേദിയിൽ ഞങ്ങൾ നൽകിയത് അയ്യപ്പ വിഗ്രഹമാണ്. അദ്ദേഹം നീരസം ഒന്നും കൂടാതെ സന്തോഷത്തോടെയാണ് അത് സ്വീകരിച്ചത്. അയ്യപ്പ വിഗ്രഹം അദ്ദേഹം നെഞ്ചോട് ചേർത്ത് വാങ്ങിയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കും. ഡിസംബർ 20 ന് മുമ്പ് തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാക്കാനും നിർദേശം.
ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സി നവംബർ 15ന് കേരളത്തിലെത്തുമെന്നത് ഉറപ്പാണെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. ക്രമീകരണങ്ങൾ എല്ലാം അർജന്റീന ടീമിന് തൃപ്തികരമാണ്. മത്സര തീയതിയും എതിർ ടീമും മുഖ്യമന്ത്രി പ്രഖ്യാപിക്കും. അർജന്റീന വരും എന്ന കാര്യം ഉറപ്പാണെന്നും മന്ത്രി.
തിരുവനന്തപുരം കടയ്ക്കാവൂരിൽ വാഹനാപകടത്തിൽ ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. കായിക്കര സ്വദേശി സഖിയാണ് മരിച്ചത്. തെരുവുനായ റോഡിന് കുറുകെ ചാടിയതാണ് അപകടത്തിന് കാരണം.
ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ സുവർണ കാലമാണ് ഇതെന്നും ട്രംപ്.
റോറോ ബോട്ട് നിയന്ത്രണം വിട്ട് ചീനവലയിൽ കുടുങ്ങി. ഫോർട്ടുകൊച്ചിയിൽ നിന്നും വൈപ്പിനിലേയ്ക്ക് പോയ റോറോ ബോട്ടാണ് എൻജിൻ തകരാറിനെ തുടർന്ന് നിയന്ത്രണം വിട്ടത്
തൃശൂർ ചേലക്കരയിൽ കൂട്ട ആത്മഹത്യാ ശ്രമം. ആറ് വയസുകാരിക്ക് ദാരുണാന്ത്യം. മേപ്പാടം കോൽപ്പുറത്ത് വീട്ടിൽ അണിമയാണ് മരിച്ചത്. അണിമയുടെ മാതാവ് ഷൈലജയും സഹോദരൻ അക്ഷയും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.