Source: News Malayalam 24x7
LOOKBACK 2025

ജീവനെടുക്കും ബന്ധങ്ങൾ... 2025ൽ കേരളത്തെ നടുക്കിയ ഗാർഹിക പീഡന മരണങ്ങൾ

ലഹരിയുടെ ഉപയോഗം, സാമ്പത്തിക തർക്കങ്ങൾ, സ്ത്രീധന സംബന്ധമായ ആവശ്യങ്ങൾ എന്നിവയെല്ലാം ഈ പീഡനങ്ങൾക്ക് പിന്നിലെ പ്രധാന കാരണങ്ങളായി മാറുന്നു...

Author : അഹല്യ മണി

സാംസ്കാരികമായും വിദ്യാഭ്യാസപരമായും നാം കൈവരിച്ച പുരോഗതിയുടെ തിളക്കത്തിനിടയിലും, കേരളത്തിലെ ആയിരക്കണക്കിന് വീടുകളിൽ ഇന്നും സ്ത്രീകളുടെ വിലാപം ഉയരുന്നുണ്ട്. 2025-ൽ കേരള പൊലീസിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഒക്ടോബർ മാസം വരെ മാത്രം അഞ്ച് സ്ത്രീധന മരണങ്ങളും 3,480ലധികം ഗാർഹിക പീഡന കേസുകളും (Cruelty by Husband or Relatives) സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 85, 86 പോലുള്ള നിയമങ്ങൾ കർക്കശമാക്കപ്പെട്ടിട്ടും, ഭർതൃഗൃഹങ്ങളിൽ സ്ത്രീകൾ നേരിടുന്ന ശാരീരികവും മാനസികവുമായ അതിക്രമങ്ങൾക്ക് കുറവുണ്ടാകുന്നില്ല എന്നത് ഗൗരവകരമായ ഒരു വസ്തുതയാണ്.

ലഹരിയുടെ ഉപയോഗം, സാമ്പത്തിക തർക്കങ്ങൾ, സ്ത്രീധന സംബന്ധമായ ആവശ്യങ്ങൾ എന്നിവയെല്ലാം ഈ പീഡനങ്ങൾക്ക് പിന്നിലെ പ്രധാന കാരണങ്ങളായി മാറുന്നു. 2025ൽ റിപ്പോർട്ട് ചെയ്യപ്പെട്ട പല സംഭവങ്ങളിലും ഇരകൾ ഉയർന്ന വിദ്യാഭ്യാസമുള്ളവരായിരുന്നു എന്നത് ചിന്തിക്കേണ്ട വസ്തുതയാണ്. നിയമങ്ങളിലൂടെ മാത്രം പരിഹരിക്കാൻ കഴിയാത്ത ഈ സാമൂഹിക വിപത്തിനെ പ്രതിരോധിക്കാൻ നമ്മുടെ മൂല്യബോധത്തിലും കുടുംബ വ്യവസ്ഥയിലും വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ചർച്ച ചെയ്യേണ്ടത് അനിവാര്യമാണ്.

സംസ്ഥാനത്തെ നടുക്കിയ ഗാർഹിക പീഡനമരണങ്ങൾ

വിഷ്ണുജ കേസ്

ജനുവരി 30നാണ് മലപ്പുറം പൂക്കോട്ടുംപാടം മാനിയിൽ പാലൊളി വാസുദേവന്റെ മകൾ വിഷ്ണുജ (26) യെ ഭർത്താവ് പ്രബിന്റെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കകം പ്രബിന്റെ സങ്കൽപത്തിനനുസരിച്ചു സൗന്ദര്യം ഇല്ലാത്തതിന്റെയും ജോലി ഇല്ലാത്തതിന്റെയും പേരിൽ വിഷ്ണുജ അവഗണന നേരിട്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇതിനു പിന്നാലെയുണ്ടായ ബുദ്ധിമുട്ടിലാണ് വിഷ്ണുജ ജീവനൊടുക്കിയത്. പ്രബിനിൽ നിന്ന് വിഷ്ണുജ നേരിട്ടത് വലിയ ശാരീരിക - മാനസിക പീഡനങ്ങളായിരുന്നുവെന്നതിൻ്റെ വിവരങ്ങൾ മരണത്തിന് പിന്നാലെ പുറത്തുവന്നു.

വിപഞ്ചിക കേസ്

ജൂലൈ 9ന് ഉച്ചയ്ക്കാണ് ചന്ദനത്തോപ്പ് രജിത ഭവനിൽ വിപഞ്ചിക മണിയനെയും (33) ഒന്നര വയസുള്ള മകൾ വൈഭവിയെയും ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വിപഞ്ചിക സമൂഹമാധ്യമത്തിൽ ഓട്ടോ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഭർത്താവ് നിതീഷിൽ നിന്ന് വിപഞ്ചികയ്ക്ക് ഏൽക്കേണ്ടിവന്ന കൊടിയ പീഡനത്തെ കുറിച്ച് പുറംലോകം അറിഞ്ഞത്. നിതീഷ് വിവാഹ മോചനത്തിനു ശ്രമിക്കുന്നുണ്ടെന്നും അതു നടന്നാൽ ജീവിച്ചിരിക്കില്ലെന്നും വിപഞ്ചിക അമ്മയോട് പറഞ്ഞിരുന്നു. നിതീഷിൻ്റെ സഹോദരി നീതു, അച്ഛൻ മോഹനൽ എന്നിവരിൽ നിന്നുമുണ്ടായ പീഡനത്തെ കുറിച്ചും വിപഞ്ചികയുടെ പോസ്റ്റിലൂടെ ലോകമറിഞ്ഞു. തനിക്ക് ക്രൂരമർദനമേറ്റതിൻ്റെ ചിത്രങ്ങളും കുറിപ്പിനൊപ്പം വിപഞ്ചിക പുറത്തുവിട്ടു.

അതുല്യ കേസ്

ജൂലൈ 19നാണ് കൊല്ലം ചവറ തെക്കുംഭാഗം കോയിവിള സ്വദേശിനി അതുല്യ (30) യെ ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് സതീഷ് ശങ്കറിന്റെ നിരന്തരം പീഡനവും ഉപദ്രവുമാണ് അതുല്യയുടെ മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു പരാതി. ഭര്‍ത്താവിന്റെ ഉപദ്രവം സംബന്ധിച്ച് അതുല്യ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയതിന്റെ ശബ്ദരേഖയും ഭര്‍ത്താവ് ഉപദ്രവിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തിന് പിന്നാലെ ദുബായില്‍ സൈറ്റ് എന്‍ജിനീയറായ സതീഷിനെ കമ്പനി ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. നാട്ടിലെത്തിയതിന് പിന്നാലെ സതീശിനെ കേരള പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

SCROLL FOR NEXT