

മലയാളത്തിന്റെ ഭാവഗായകന്‍ പി. ജയചന്ദ്രന്റെ വിയോഗമായിരുന്നു 2025ന്റെ തുടക്കത്തെ ദുഖാര്‍ദ്രമാക്കിയത്. വര്‍ഷം അവസാനിക്കുമ്പോള്‍ മലയാളിയെ ചിരിയിലൂടെ ചിന്തിപ്പിച്ച ചലച്ചിത്രകാരന്‍ ശ്രീനിവാസനും യാത്രയായി. ഇവര്‍ക്കൊപ്പം ചലച്ചിത്ര, പരസ്യ മേഖലയിലെ ഒരുപറ്റം പ്രതിഭകളെക്കൂടി 2025ല്‍ നമുക്ക് നഷ്ടപ്പെട്ടു.
പി. ജയചന്ദ്രൻ (ജനുവരി 9)
അര്‍ബുദബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു ഭാവഗായകന്‍ പി. ജയചന്ദ്രന്റെ വിയോഗം. അഞ്ച് പതിറ്റാണ്ടോളം മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി ഭാഷകളിലായി പതിനാറായിരത്തോളം ലളിതസുന്ദര ഗാനങ്ങൾ സമ്മാനിച്ചായിരുന്നു അദ്ദേഹത്തിന്റെ മടക്കം. 1986ല്‍ മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കി. അഞ്ച് തവണ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരവും ഒരു തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്കാരവും ലഭിച്ചു. 1997ല്‍ കലൈമാമണി പുരസ്കാരം നല്‍കി തമിഴ്‌നാട് ആദരിച്ചു. 2021ല്‍ ജെ.സി. ഡാനിയല്‍ പുരസ്കാരം നല്‍കി സംസ്ഥാന സര്‍ക്കാരും ആദരിച്ചു.
ഡേവിഡ് ലിഞ്ച് (ജനുവരി 15)
ലോക സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായിരുന്നു ഡേവിഡ് ലിഞ്ച്. 'മുൽഹോളണ്ട് ഡ്രൈവ്' (Mulholland Drive), വൈല്‍ഡ് അറ്റ് ഹാര്‍ട്ട് (Wild at Heart) 'ബ്ലൂ വെൽവെറ്റ്' (Blue Velvet) തുടങ്ങിയ ചിത്രങ്ങളിലൂടെ സർറിയലിസ്റ്റ് സിനിമാ ശൈലിക്ക് പുതിയ അർഥങ്ങള്‍ നൽകിയ വ്യക്തി. 1990ല്‍ കാന്‍ ചലച്ചിത്രോത്സവത്തില്‍ വൈല്‍ഡ് അറ്റ് ഹാര്‍ട്ട് പാം ദോര്‍ പുരസ്കാരം സ്വന്തമാക്കി. മൂന്ന് തവണ ഓസ്കര്‍ പുരസ്കാരം ലഭിച്ചിട്ടുള്ള ലിഞ്ചിനെ 2019ല്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്കാരം നല്‍കി ആദരിച്ചു. ലിഞ്ച് സംവിധാനം ചെയ്ത ട്വിൻ പീക്സ് എന്ന ടിവി സീരീസ് ഏക്കാലത്തെയും മികച്ച സീരീസുകളിൽ ഒന്നാണ്. നടന്‍, സംഗീതജ്ഞൻ, ചിത്രകാരൻ എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ടു.
ജീൻ ഹാക്ക്‌മാന്‍ (ഫെബ്രുവരി 18)
രണ്ട് തവണ ഓസ്കര്‍ പുരസ്കാരം നേടിയ പ്രശസ്ത താരം ജീൻ ഹാക്ക്‌മാനെയും ഭാര്യ ബെറ്റ്‌സി അറാകവയെയും ന്യൂ മെക്‌സിക്കോയിലെ സാന്റാ ഫെയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നൂറിലേറെ കഥാപാത്രങ്ങളെ അനശ്വരനാക്കിയ ഹാക്ക്‌മാന്റെ 'ദി ഫ്രഞ്ച് കണക്ഷൻ' (The French Connection), 'അൺഫോർഗിവൻ' (Unforgiven) തുടങ്ങിയ സിനിമകളിലെ പ്രകടനം ലോക ശ്രദ്ധ നേടിയിരുന്നു. നാല് ഗോള്‍ഡന്‍ ഗ്ലോബ്, സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡ് പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.
വാൽ കിൽമർ (ഏപ്രില്‍ 1)
'ടോപ്പ് ഗൺ' എന്ന സിനിമയിലെ 'ഐസ്‌മാൻ' എന്ന വേഷത്തിലൂടെ ശ്രദ്ധേയന്‍. 1991ൽ, ഒലിവർ സ്റ്റോണിന്റെ ദി ഡോർസിൽ, ജിം മോറിസണായി വേഷമിട്ടതും കിൽമറിന്റെ പ്രശസ്തി വർധിപ്പിച്ചു. തൊണ്ടയിലെ അര്‍ബുദബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു.
മനോജ് കുമാർ (ഏപ്രില്‍ 4)
പ്രശസ്ത നടനും സംവിധായകനുമായിരുന്നു മനോജ് കുമാർ. ഇന്ത്യന്‍ ദേശീയതയും മൂല്യങ്ങളും ഉയർത്തിക്കാട്ടുന്ന 'ഉപ്‌കാർ', 'പുരബ് ഔർ പശ്ചിം' തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം സിനിമാ ചരിത്രത്തിൽ ഇടംപിടിച്ചു. ഷഹീദ്, ക്രാന്തി, റോട്ടി കപട ഔര്‍ മകാന്‍, ഷോര്‍, ഗുംനാം, രാജ് കപൂര്‍ സംവിധാനം ചെയ്ത് നായകവേഷത്തിലെത്തിയ മേരാ നാം ജോക്കര്‍ എന്നിവ അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങളാണ്. ദേശീയ ചലച്ചിത്ര പുരസ്‌കാരവും ഏഴ് ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 1992ല്‍ പത്മശ്രീയും 2015ല്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡും നല്‍കി ആദരിച്ചു.
രവികുമാർ മേനോൻ (ഏപ്രില്‍ 4)
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മലയാളത്തിലും തമിഴിലുമായി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. 1967ല്‍ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത 'അമ്മ' എന്ന ചിത്രമാണ് രവികുമാറിനെ ശ്രദ്ധേയനാക്കിയത്. ലിസ, അവളുടെ രാവുകള്‍, അങ്ങാടി, സര്‍പ്പം, തീക്കടല്‍, അനുപല്ലവി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. സിബിഐ അഞ്ച്: ദി ബ്രെയിന്‍ ആയിരുന്നു അവസാനം അഭിനയിച്ച ചിത്രം.
ഷാജി എൻ. കരുൺ (ഏപ്രില്‍ 28)
ലോകപ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ. കരുൺ അര്‍ബുദബാധിതനായി ചികിത്സയിലിരിക്കെയാണ് വിട വാങ്ങിയത്. മലയാള സിനിമയെ അന്താരാഷ്ട്ര തലത്തിൽ എത്തിച്ച 'പിറവി', 'വാനപ്രസ്ഥം', 'സ്വം' തുടങ്ങിയ ക്ലാസിക് ചിത്രങ്ങളുടെ സ്രഷ്ടാവായിരുന്നു അദ്ദേഹം. കെ.എസ്.എഫ്.ഡി.സി ചെയര്‍മാനായി പ്രവര്‍ത്തിക്കുകയായിരുന്നു. സംവിധായകന്‍, ഛായാഗ്രാഹകന്‍, നിര്‍മാതാവ്, മികച്ച സിനിമ എന്നിവയില്‍ ഏഴ് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാന പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. ഫ്രഞ്ച് സര്‍ക്കാര്‍ 'ദ ഓര്‍ഡര്‍ ഓഫ് ആര്‍ട്‌സ് ആന്റ് ലെറ്റേഴ്‌സ്' പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്. 2011ല്‍ രാജ്യം പദ്‌മശ്രീ സമ്മാനിച്ചു. 2024ല്‍ സംസ്ഥാന സര്‍ക്കാര്‍ ജെ.സി. ഡാനിയല്‍ പുരസ്കാരം നല്‍കി ആദരിച്ചു.
വിഷ്ണു പ്രസാദ് (മെയ് 2)
മലയാള സിനിമയിലും ടെലിവിഷൻ സീരിയലുകളിലും വില്ലൻ വേഷങ്ങളിലും, സ്വഭാവ നടനായും തിളങ്ങിയ നടനായിരുന്നു വിഷ്ണു പ്രസാദ്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കാശി, കൈയെത്തും ദൂരത്ത്, റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
മുകുൾ ദേവ് (മെയ് 24)
ബോളിവുഡിലെയും പ്രാദേശിക സിനിമകളിലെയും ശ്രദ്ധേയനായ താരം. പൃഥ്വിരാജിനേയും പാര്‍വതി തിരുവോത്തിനേയും പ്രധാനകഥാപാത്രങ്ങളാക്കി റോഷ്‌ണി ദിനകര്‍ സംവിധാനം ചെയ്ത മൈ സ്‌റ്റോറിയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
ഷെഫാലി ജരിവാല (ജൂൺ 27)
'കാട്ടാ ലഗാ'എന്ന ആൽബത്തിലൂടെ ശ്രദ്ധേയ. സൽമാൻ ഖാൻ ചിത്രമായ 'മുജ്‌സെ ഷാദി കരോഗി'യിൽ അഭിനയിച്ചു. 2019ൽ 'ബേബി കം ന' എന്ന വെബ്‌സീരീസിലും വേഷമിട്ടു. 'ബൂഗി വൂഗി', 'നാച്ച് ബലിയേ' തുടങ്ങിയ പ്രശസ്ത റിയാലിറ്റി ഷോകളിലും പങ്കെടുത്തു.
കലാഭവൻ നവാസ് (ഓഗസ്റ്റ് 1)
പ്രശസ്ത മിമിക്രി കലാകാരനും നടനും ഗായകനുമായ കലാഭവൻ നവാസിനെ ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണം. ഹാസ്യ വേഷങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരനായിരുന്നു.
1995ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാപ്രവേശം. ഹിറ്റ്‌ലർ ബ്രദേഴ്‌സ്, ജൂനിയർ മാൻഡ്രേക്ക്, മാട്ടുപ്പെട്ടി മച്ചാൻ, ചന്ദാമാമ, തില്ലാന തില്ലാന, മൈ ഡിയർ കരടി, വൺമാൻ ഷോ, വെട്ടം, ചട്ടമ്പിനാട്, കോബ്ര, എബിസിഡി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്തു.
റോബർട്ട് റെഡ്ഫോർഡ് (സെപ്റ്റംബർ 16)
ഹോളിവുഡിലെ എക്കാലത്തെയും വലിയ ഇതിഹാസങ്ങളിൽ ഒരാള്‍. അഭിനയത്തിന് പുറമെ സംവിധായകൻ എന്ന നിലയിലും അദ്ദേഹം ഓസ്കാർ നേടിയിട്ടുണ്ട്. സ്വതന്ത്ര സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 'സൺഡാൻസ് ഫിലിം ഫെസ്റ്റിവൽ' സ്ഥാപിച്ചത് റെഡ്ഫോർഡ് ആണ്. മികച്ച ചിത്രം, മികച്ച സംവിധായകൻ എന്നിവയുൾപ്പെടെ നാല് അക്കാദമി അവാർഡുകളും ഈ ചിത്രം നേടി. 2002-ൽ ഓണററി ലൈഫ് ടൈം അച്ചീവ്മെന്റ് ഓസ്കാറും റെഡ്ഫോർഡിനെ തേടിയെത്തി.
സുബീൻ ഗാർഗ് (സെപ്റ്റംബർ 19)
അസമീസ്-ബോളിവുഡ് സംഗീത ലോകത്തെ പ്രശസ്ത ഗായകന്‍ സുബീൻ ഗാർഗിന്റേത് അപ്രതീക്ഷിത വിയോഗമായിരുന്നു. സിംഗപ്പൂര്‍ പര്യടനത്തിനിടെ, സ്കൂബ ഡൈവിങ്ങിനിടെയുണ്ടായ അപകടമാണ് അദ്ദേഹത്തിന്റെ ജീവനെടുത്തത്. 2006ല്‍ പുറത്തിറങ്ങിയ 'ഗ്യാങ്സ്റ്റർ' എന്ന ചിത്രത്തിലെ 'യാ അലി' എന്ന ഗാനമാണ് ഗാര്‍ഗിനെ ഇന്ത്യയിലും ദക്ഷിണേഷ്യയിലും പ്രശസ്തനാക്കിയത്. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ പാടുന്നതിനൊപ്പം, ഡ്രംസും ഗിത്താറും തബലയും ഉള്‍പ്പെടെ 12ഓളം സംഗീതോപകരണങ്ങളും വായിച്ചിരുന്നു. ജാതിവാദത്തോട് എതിര്‍ത്തുനിന്നിരുന്ന സുബീന്‍ ഗാര്‍ഗ്, ഗാർഗ് കലാഗുരു ആർട്ടിസ്റ്റ് ഫൗണ്ടേഷൻ എന്ന പേരില്‍ ചാരിറ്റി സ്ഥാപനവും നടത്തിയിരുന്നു.
ഡയാൻ കീറ്റൺ (ഒക്ടോബർ 11)
ആനി ഹാള്‍, ദി ഗോഡ് ഫാദർ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധേയായിരുന്നു ഡയാൻ കീറ്റൺ. ഗോഡ് ഫാദറിലെ കേ ആഡംസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതായിരുന്നു കരിയറിലെ വലിയ വഴിത്തിരിവ്. 1977ൽ പുറത്തിറങ്ങിയ ആനി ഹാൾ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ഓസ്കാർ പുരസ്കാരം സ്വന്തമാക്കിയിരുന്നു. 'ദി ഫസ്റ്റ് വൈവ്സ് ക്ലബ്', 'സംതിങ്‌സ് ഗോട്ട ഗിവ്', 'ബുക്ക് ക്ലബ്' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ കീറ്റൺ സമ്മാനിച്ചു.
പങ്കജ് ധീർ (ഒക്ടോബർ 15)
'മഹാഭാരതം' സീരിയലിലെ കർണന്റെ വേഷത്തിലൂടെ പ്രശസ്തനായിരുന്നു. അർബുദബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ഗോവർധൻ അസ്രാനി (ഒക്ടോബർ 20)
ബോളിവുഡിന്റെ ഹാസ്യസാമ്രാട്ടായിരുന്നു ഗോവർധൻ അസ്രാനി. 'ഷോലെ'യിലെ ജയിലറുടെ വേഷം ഉൾപ്പെടെ അഞ്ഞൂറിലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നിരവധി ഗുജറാത്തി സിനിമകളില്‍ നായകനായും അഭിനയിച്ചു.
മലേഷ്യ ഭാസ്‌കർ (ഒക്ടോബര്‍ 23)
സിനിമ ഫൈറ്റ് മാസ്റ്ററും നിർമാതാവുമായിരുന്നു മലേഷ്യ ഭാസ്‌കർ. തമിഴ്, മലയാളം, തെലുഗു, കന്നഡ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഫാസിൽ, സിദ്ധിഖ്, സിബി മലയിൽ എന്നിവരുടെയും പുതുമുഖ സംവിധായകരുടെയും ചിത്രങ്ങളിലിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായിരുന്നു. ഫ്രണ്ട്‌സ്, മൈ ഡിയര്‍ കരടി, കൈയെത്തും ദൂരത്ത്, അമൃതം, ബോഡി ഗാര്‍ഡ് തുടങ്ങിയ ജനപ്രിയ ചിത്രങ്ങളുടെ ഫൈറ്റ് കൊറിയോഗ്രഫി നിർവഹിച്ചത് മലേഷ്യ ഭാസ്‌കർ ആയിരുന്നു.
പിയൂഷ് പാണ്ഡെ (ഒക്ടോബർ 24)
ഇന്ത്യൻ പരസ്യകലയിലെ കുലപതി. ഫെവികോള്‍, ഏഷ്യന്‍ പെയിന്റ്‌സ്, ഹച്ച്, വോഡഫോണ്‍, കാഡ്ബറി, ബജാജ്, പോണ്ട്‌സ്, ലൂണ മോപ്പഡ്, ഫോര്‍ച്യൂണ്‍ ഓയില്‍ തുടങ്ങിയ ബ്രാന്‍ഡുകളുടെ ജനപ്രിയമായ ഒട്ടേറെ പരസ്യങ്ങള്‍ ഒരുക്കിയത് പിയൂഷ് പാണ്ഡെയാണ്. മിലേ സുര്‍ മേരാ തുമാരാ... എന്ന ദേശീയ ഐക്യ ഗാനത്തിന്റെ വരികള്‍ പിയൂഷ് പാണ്ഡെയുടേതായിരുന്നു.
സതീഷ് ഷാ (ഒക്ടോബർ 25)
ഹാസ്യ വേഷങ്ങളിലൂടെയും സ്വഭാവ നടനായും ശ്രദ്ധേയനായിരുന്നു. 'അരവിന്ദ് ദേശായി കി അജീബ് ദാസ്താൻ' (1978) എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ അദ്ദേഹം കരിയറിൽ 250ൽ അധികം സിനിമകളിൽ അഭിനയിച്ചു.
സുലക്ഷണ പണ്ഡിറ്റ് (നവംബർ 6)
പഴയകാല നടിയും ഗായികയും. 1975ൽ ഉൽജാൻ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന സുലക്ഷണ ചെഹ്രെ പെ ചെഹ്രാൻ, സങ്കോച്, ഹേരാ ഫേരി, ഖണ്ഡാൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. പിന്നണിഗായിക എന്ന നിലയിൽ ‘തു ഹി സാഗർ തു ഹി കിനാര’, ‘പർദേശിയ തേരേ ദേശ് മേ’, ‘ബാന്ധി രേ കഹേ പ്രീത്’, ‘സോംവാർ കോ ഹം മിലേ’ തുടങ്ങിയ ഹിറ്റുകൾ പാടിയിട്ടുണ്ട്.
ധർമേന്ദ്ര (നവംബർ 24)
ബോളിവുഡിലെ 'ഹീ-മാൻ'. ആറ് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിൽ 'ഷോലെ', 'ധരം വീർ' തുടങ്ങിയ അനശ്വര ചിത്രങ്ങളിലൂടെ അദ്ദേഹം തലമുറകളെ വിസ്മയിപ്പിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. 1997ൽ, ബോളിവുഡിന് നൽകിയ സംഭാവനകൾക്ക് ഫിലിംഫെയർ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിച്ചു. 2012ൽ പദ്മ ഭൂഷണ്‍ നൽകി രാജ്യം ആദരിച്ചു. പതിനഞ്ചാം ലോക്‌സഭയില്‍ രാജസ്ഥാനിലെ ബിക്കാനീർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് ബിജെപി എംപിയായിരുന്നു.
അഖിൽ വിശ്വനാഥ് (ഡിസംബര്‍ 12)
സംസ്ഥാന അവാർഡ് ജേതാവായ യുവനടനെ കണ്ണൂരിലെ വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സനൽ കുമാർ ശശിധരന്റെ 'ചോല' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെയാണ് നടൻ ശ്രദ്ധിക്കപ്പെട്ടത്. കുട്ടിക്കാലത്ത് മികച്ച ബാലതാരത്തിനുള്ള അവാർഡും നേടിയിട്ടുണ്ട്.
റോബ് റെയ്‌നർ (ഡിസംബര്‍ 16)
വിഖ്യാത ഹോളിവുഡ് ചലച്ചിത്രകാരൻ റോബ് റെയ്നറേയും ഭാര്യ മിഷേലിനേയും ലോസ് ഏഞ്ചൽസിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കേസിൽ മകൻ നിക്ക് റെയ്നറിനേയാണ് പ്രതിയായി കണ്ടെത്തിയത്.
സ്റ്റാൻഡ് ബൈ മി, ദി പ്രിൻസസ് ബ്രൈഡ്, വെൻ ഹാരി മെറ്റ് സാലി, മിസറി, എ ഫ്യൂ ഗുഡ് മെൻ എന്നിങ്ങനെ ക്ലാസിക് ഹോളിവുഡ് ചിത്രങ്ങൾ റോബ് റെയ്നനറുടെ സംഭാവനയായിരുന്നു. 'എ ഫ്യൂ ഗുഡ് മെൻ' മികച്ച ചിത്രത്തിനുള്ള ഓസ്കാറും സ്വന്തമാക്കി.
ശ്രീനിവാസൻ (ഡിസംബര്‍ 20)
മലയാള സിനിമയ്ക്ക് ചിരിയും ചിന്തയും സമ്മാനിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായിരുന്നു ശ്രീനിവാസന്‍. ദീർഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. മലയാളത്തിലെ മികച്ച ആക്ഷേപഹാസ്യ ചിത്രങ്ങൾ എന്ന് വിശേഷിപ്പിക്കാവുന്ന 'വടക്കുനോക്കിയന്ത്രം', 'ചിന്താവിഷ്ടയായ ശ്യാമള' എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. ആദ്യമായി സംവിധാനം ചെയ്ത 'വടക്കുനോക്കിയന്ത്ര'ത്തിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചു. കഥപറയുമ്പോൾ, തകരച്ചെണ്ട, ഉദയനാണ് താരം, ചിന്താവിഷ്ടയായ ശ്യാമള, മഴയെത്തും മുൻപെ, സന്ദേശം, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങൾക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും 'ചിന്താവിഷ്ടയായ ശ്യാമള'ക്ക് 1998ലെ മികച്ച സാമൂഹിക ക്ഷേമ ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
കെ. ശേഖർ (ഡിസംബര്‍ 27)
വെള്ളിത്തിരയിലെ വിസ്മയങ്ങളുടെ ശിൽപ്പി. 'മൈ ഡിയർ കുട്ടിച്ചാത്തൻ' ഉൾപ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ കലാസംവിധാനം നിർവഹിച്ചത് ശേഖർ ആയിരുന്നു. ജിജോ പുന്നൂസിന്റെ സംവിധാനത്തിൽ 1982ൽ ഇറങ്ങിയ 'പടയോട്ടം' എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് 'മൈ ഡിയർ കുട്ടിച്ചാത്തൻ', 'നോക്കെത്താ ദൂരത്ത് കണ്ണും നട്ട്', 'ഒന്ന് മുതൽ പൂജ്യം വരെ' തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളിൽ കലാസംവിധായകനായി പ്രവർത്തിച്ചു.
ബ്രിജിറ്റ് ബർദോത് (ഡിസംബർ 28)
പ്രശസ്ത ഫ്രഞ്ച് നടിയും ഗായികയും മൃഗസംരക്ഷണ പ്രവർത്തകയുമായിരുന്നു ബ്രിജിറ്റ് ബർദോത്. 1950-60 കാലഘട്ടത്തിൽ ലിംഗപരമായ വ്യക്തി സ്വാതന്ത്ര്യത്തിന്റെ പ്രതീകമായാണ് നടിയെ കണക്കാക്കിയിരുന്നത്. 1956ൽ ഇറങ്ങിയ 'ആൻഡ് ഗോഡ് ക്രിയേറ്റഡ് വുമൺ' എന്ന സിനിമയിലൂടെയാണ് ലോകപ്രശസ്തി നേടുന്നത്. 50 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. 1973ൽ അഭിനയം അവസാനിപ്പിച്ച ബർദോത് മൃഗസംരക്ഷണത്തിനായി പ്രവർത്തിച്ചു. തീവ്ര വലതുപക്ഷ നിലപാടുകൾ വിവാദങ്ങൾക്കും കാരണമായി.