ജേക്‌സ് ബിജോയ് Source: News Malayalam 24X7
LOOKBACK 2025

ജേക്‌സ് ബിജോയ്; മലയാളത്തിന് ഹിറ്റൊരുക്കിയ സംഗീതം

2014ല്‍ ഏയ്ഞ്ചല്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ കേട്ടുതുടങ്ങിയ ജേക്‌സിന്റെ ഈണം, ഈ വര്‍ഷം സൂപ്പര്‍ഹിറ്റുകളൊരുക്കി

Author : പാര്‍വ്വതി മനോജ്

ഒരുപിടി മികച്ച സിനിമാപ്പാട്ടുകള്‍ പിറവിയെടുത്ത വര്‍ഷമായിരുന്നു 2025. പുതിയ സംഗീതവും ഗായകരുമൊക്കെയായി പുതുമ നിറഞ്ഞുനിന്ന വര്‍ഷം. നല്ല മെലഡിക്കൊപ്പം റാപ്പും ഫോക്കും നാടന്‍ ശീലുമൊക്കെ മലയാള സിനിമയില്‍ കൂടുതലായി കേട്ടു. സംഗീതാസ്വാദകരുടെ പ്ലേ ലിസ്റ്റും സമ്പന്നമായി. അതില്‍ തന്നെ വ്യത്യസ്തമായ ഈണങ്ങളും ട്രീറ്റ്മെന്റും കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയത് ജേക്‌സ് ബിജോയ് ആയിരുന്നു. 2014ല്‍ ഏയ്ഞ്ചല്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ കേട്ടുതുടങ്ങിയ ജേക്‌സിന്റെ ഈണം, ഈ വര്‍ഷം സൂപ്പര്‍ഹിറ്റുകളൊരുക്കി. സംഗീതമൊരുക്കിയ ഏഴ് ചിത്രങ്ങളില്‍ നരിവേട്ട, തുടരും, ലോക: ചാപ്റ്റര്‍ 1 എന്നിവയിലെ ഗാനങ്ങള്‍ പ്ലേ ലിസ്റ്റുകള്‍ കീഴടക്കുകയും ചെയ്തു.

കണ്മണി പൂവേ... കണ്ണാടിപ്പൂവേ...

മലയാളികള്‍ ആഘോഷിച്ച മോഹന്‍ലാല്‍ ചിത്രമായിരുന്നു തുടരും. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ജനപ്രിയ ചിത്രമായി, ഏറ്റവും വേഗത്തില്‍ 100 കോടി കളക്ഷന്‍ നേടുന്ന രണ്ടാമത്തെ മലയാള ചിത്രവുമായി. ചിത്രത്തിന് പശ്ചാത്തല സംഗീതവും പാട്ടുകളും ഒരുക്കിയ ജേക്‌സും കൈയ്യടി നേടി. എം.ജി. ശ്രീകുമാര്‍ പാടിയ കണ്മണി പൂവേ... കണ്ണാടി പൂവേ... എന്ന ഗാനം പ്രായഭേദമെന്യേ എല്ലാവരെയും കീഴടക്കി. പാട്ടിന്റെ തുടക്കത്തിലെ 'ചെമ്പഴുക്ക തൊട്ടെടുത്ത്'എന്ന കുട്ടിപ്പാട്ടുകാരുടെ പോര്‍ഷനും അതിഗംഭീരമായാണ് ജേക്‌സ് ഒരുക്കിയത്. ഫീല്‍ ഗുഡ് മെലഡി എല്ലാവര്‍ക്കും ഒരുപോലെ സ്വീകാര്യമായി.

സംഗീതപ്രേമികളുടെ മനസിനെ പതുക്കെ തഴുകിയൊഴുകിയ പാട്ടായിരുന്നു മിഴിയോരം നനയുകയോ... എന്ന പാട്ട്. ഹരിഹരനും, ഗോകുല്‍ ഗോപകുമാറും ചേര്‍ന്നാണ് പാടിയത്. ബി.കെ. ഹരിനാരായണനാണ് രണ്ട് പാട്ടുകള്‍ക്കും വരികളെഴുതിയത്.

സിനിമയുടെ ട്രാക്ക് മാറുന്നതിനൊപ്പം നില്‍ക്കുന്നതായിരുന്നു അന്‍വര്‍ അലി വരികളെഴുതിയ പേമാരി... എന്ന് തുടങ്ങുന്ന പാട്ടിന് ജേക്‌സ് ഒരുക്കിയ ഈണം. അസുരതാളമായ ചെണ്ടയും കൊമ്പും ഉടുക്കും മണികിലുക്കവും ചേര്‍ന്ന് പാട്ടിന് നല്‍കിയത് വേറൊരുതരം ഫീലായിരുന്നു.

മോഹന്‍ലാലിന്റെ കഥാപാത്രമായ ബെന്‍സിന്റെ തിരിച്ചുവരവിന്, തരുണ്‍ മൂര്‍ത്തിയുടെ വരികള്‍ക്കാണ് ജേക്‌സ് ഈണമൊരുക്കിയത്. കാടേറും കൊമ്പാ... എന്ന് തുടങ്ങുന്ന ഗാനം ജേക്‌സും സംഘവുമാണ് ആലപിച്ചിരിക്കുന്നത്. അസുരതാളമായ ചെണ്ട തന്നെയാണ് പിന്നണിയുടെ ശക്തി. കൊമ്പും ചേങ്ങിലയും ചേരുമ്പോള്‍ കാടേറും കൊമ്പാ... പോരുന്നോ വേട്ടയ്ക്കായ് നീ... എന്ന പാട്ടിന് ഒരു വന്യതാളം വന്നുചേരുന്നുമുണ്ട്. തീയേറ്ററില്‍ മികച്ച ശ്രവ്യാനുഭവം പകര്‍ന്ന പാട്ടുകളത്രയും മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറി.

പാട്ടുകള്‍ക്കൊപ്പം ബാക്ക്ഗ്രൗണ്ട് സ്കോറുകളും ത്രസിപ്പിക്കുന്നതായിരുന്നു. മോഹന്‍ലാലിന്റെ ബെന്‍സിനായി ഒരുക്കിയ സ്കോറിനൊപ്പം, പ്രകാശ് വര്‍മ്മയുടെ വില്ലനൊരുക്കിയ സ്കോറും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നതായിരുന്നു. പ്രകാശ് വര്‍മ്മയുടെ സി.ഐ. ജോര്‍ജ് സാറിന്റെ ക്രൂരമുഖം സ്ക്രീനിലെത്തുമ്പോള്‍ വയലിനിലായിരുന്നു ജേക്‌സിന്റെ സ്കോര്‍.

നരിവേട്ടയിലെ ഫോക് ഈണങ്ങള്‍

മുത്തങ്ങ സമരത്തിന്റെ സിനിമാഭാഷ്യമായിരുന്നു അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത നരിവേട്ട. ചിത്രത്തിന്റെ ബിജിഎമ്മും പാട്ടുകളും ജേക്‌സിന്റെ മറ്റൊരു പരീക്ഷണമായിരുന്നു. മിന്നല്‍ വള കയ്യിലിട്ട പെണ്ണഴകേ... എന്ന കൈതപ്രത്തിന്റെ വരികളില്‍ ഹൃദയഹാരിയായ പ്രണയഗാനമായാണ് ജേക്‌സ് ഒരുക്കിയത്. സിദ് ശ്രീറാമിന്റെയും സിതാര കൃഷ്ണകുമാറിന്റെയും ശബ്ദം പാട്ടിന് മികച്ച ഫീല്‍ സമ്മാനിച്ചു. ബാക്കിയുള്ള പാട്ടുകള്‍ക്ക് ഫോക് സംഗീതത്തെ കൂട്ടുപിടിച്ചാണ് ജേക്‌സ് ഈണമൊരുക്കിയത്. ആട് പൊന്മയിലേ... എന്ന വയനാട് പുലയരുടെ പരമ്പരാഗത വരികള്‍ക്ക് പിന്നണിയൊരുക്കാന്‍ സോള്‍ ഓഫ് ഫോക്കിനെയാണ് ജേക്‌സ് ഉപയോഗപ്പെടുത്തിയത്. പരമ്പരാഗത തുകല്‍-മുള വാദ്യവും, മണിയും, കൊമ്പുമൊക്കെയാണ് പാട്ടിന് ഭംഗിയേകുന്നത്. നാടന്‍പാട്ടില്‍ പ്രതിഭ തെളിയിച്ച അതുല്‍ നറുകരയും ബിന്ദു ചേലക്കരയും ചേര്‍ന്നാണ് ആലാപനം.

നരിവേട്ടയിലെ പാട്ടുകളെല്ലാം ഫോക് ഫ്ലേവര്‍ ചേര്‍ത്താണ് ജേക്‌സ് അവതരിപ്പിച്ചിരിക്കുന്നത്. അതിനനുസരിച്ചാണ് ഓര്‍ക്കസ്ട്രേഷനും ഒരുക്കിയിരിക്കുന്നത്. നാടന്‍പാട്ട് ഗായകരുടെ ശബ്ദവും പ്രയോജനപ്പെടുത്തി. വിനി കിടച്ചൂലന്റെ മായു മായു മണ്ണേ... എന്ന പാട്ട് തുടിതാളം നാടന്‍പാട്ട് സംഘത്തിലെ ശ്രുതിയാണ് പാടിയിരിക്കുന്നത്. അന്‍വര്‍ അലിയുടെ കാറ്റിനു മേയാന്‍... എന്ന വരികള്‍ പാടിയിരിക്കുന്നത് നാടന്‍ പാട്ടിലെ ശ്രദ്ധേയ ശബ്ദം സുനില്‍ മത്തായി ആണ്.

പ്രോമോ സോങ്ങെന്ന രീതിയില്‍ ഇറക്കിയ പാട്ടായിരുന്നു വാടാ വേടാ. വേടന്റെ വരികള്‍ക്കാണ് ജേക്‌സ് ഈണമൊരുക്കിയത്. വേടന്റെ ആലാപനം കൂടിയായപ്പോള്‍ പാട്ട് വേറെ ലെവലായി. യുട്യൂബില്‍ ട്രെന്‍ഡിങ്ങായ വാടാ വേടാ... പോയവര്‍ഷത്തെ മികച്ച റാപ്പുകളിലൊന്നുമായി.

ലോക എഫക്ട്

മലയാള സിനിമയ്ക്ക് ആഗോളപ്രശസ്തി നേടിക്കൊടുത്ത ചിത്രമായിരുന്നു ലോക ചാപ്റ്റര്‍ 1: ചന്ദ്ര. ഡൊമിനിക് അരുണാണ് മലയാളത്തിന് സൂപ്പര്‍ ഹീറോയിനെ സമ്മാനിച്ച ചിത്രം സംവിധാനം ചെയ്തത്. മികച്ച പ്രകടനംകൊണ്ട് കല്യാണി പ്രിയദര്‍ശന്‍ കളം വാണ ലോകയ്ക്ക് സംഗീതമൊരുക്കി ജേക്‌സും കയ്യടി നേടി. പാട്ടുകള്‍ക്കും ബിജിഎമ്മിനും ഒരുപോലെ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ കഴിഞ്ഞു. ചിത്രത്തോടൊപ്പം പ്രേക്ഷകരില്‍ ഓളം സൃഷ്ടിച്ച റാപ്പ് ഗാനമായിരുന്നു 'തനി ലോക മുറക്കാരി'. മുഹ്‌സിന്‍ പരാരിയുടെ വരികള്‍, നൂറാന്‍ സിസ്റ്റേഴ്സിലെ ജ്യോതിയുടെ മലയാള അരങ്ങേറ്റം. തമിഴ്, മലയാളം, അറബി, ഇംഗ്ലീഷ് ഭാഷകള്‍ ചേര്‍ന്നുള്ള പാട്ടിന്റെ ഇംഗ്ലീഷ് ഭാഗം പാടിയത് റെബിള്‍ ആയിരുന്നു.

ലോകയുടെ സൗണ്ട് ട്രാക്കിനായി മൊഴിഗ എന്ന പുതിയ ഭാഷയാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. മലയാളത്തിനൊപ്പം ആറ് ഗോത്രഭാഷകള്‍ കൂട്ടിച്ചേര്‍ത്ത് ഗാനരചയിതാവ് ബി.കെ. ഹരിനാരായണനാണ് മൊഴിഗ വികസിപ്പിച്ചെടുത്തത്. അതു തന്നെയായിരുന്നു ലോകയുടെ പാട്ടുകളെ വേറിട്ടതാക്കിയത്. നാടോടി സംഗീതവും ഓര്‍ക്കസ്‌ട്രേഷനും ലോകയിലും ജേക്‌സ് പരീക്ഷിച്ചു. അതെല്ലാം നല്ല രീതിയില്‍ ഫലം കാണുകയും ചെയ്തു. ബി.കെ. ഹരിനാരായണന്‍ എഴുതി അനുരാധ ശ്രീറാം പാടിയ പറഞ്ചെ പറഞ്ചെ മുതല്‍ ബെന്നി ദയാല്‍, പ്രണവം ശശി, ജമിമാ എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ച വിനായക് ശശികുമാര്‍ വരിയെഴുതിയ ശോക മൂകം, സേബാ ടോമി എഴുതി പാടിയ ക്വീന്‍ ഓഫ് ദി നൈറ്റ്, ഹനാന്‍ ഷായും റിയാനും പാടിയ നീയേ പുഞ്ചിരി വരെയുള്ള പാട്ടുകള്‍ ശ്രദ്ധേയമായി. ചിത്രത്തിന്റെ ആദ്യവസാനം ചെറുതും വലുതുമായ ബിജിഎമ്മിലൂടെ പ്രേക്ഷകരെ കൈയിലെടുക്കാനും ജേക്‌സിനായി.

മലയാളത്തിനപ്പുറം

ഐഡന്റിറ്റി, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, പാതിരാത്രി, വിലായത്ത് ബുദ്ധ എന്നി ചിത്രങ്ങള്‍ക്കും ജേക്‌സ് തന്നെയായിരുന്നു ബിജിഎമ്മും പാട്ടുകളും ഒരുക്കിയത്. രത്തീനയുടെ സംവിധാനത്തിലൊരുങ്ങിയ പാതിരാത്രിക്കായി ചിന്മയി ശ്രീപദ പാടിയ നിലഗമനം എന്ന പ്രോമോ സോങ് പുറത്തിറക്കിയിരുന്നു. ചിന്മയിയുടെ ശബ്ദവും ആലാപനവും തന്നെയായിരുന്നു പാട്ടിന്റെ ഹൈലൈറ്റ്. ഈണവും താളവുമൊക്കെ വ്യത്യസ്തമായിരുന്നെങ്കിലും, ലോകയിലെ തനിമുറക്കാരിയുടെ ശൈലിയോടുള്ള താരതമ്യം പാട്ടിന് വിനയായി.

മലയാളത്തിനു പുറമേ ഹിന്ദിയിലും തമിഴിലും ജേക്‌സിന്റെ ഈണമെത്തി. മലയാളചിത്രം മുംബൈ പൊലീസിന്റെ ഹിന്ദി പതിപ്പായ ദേവയില്‍ രണ്ട് പാട്ടുകള്‍ക്ക് ജേക്‌സ് ഈണമൊരുക്കി. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ തമിഴ് ചിത്രം കാന്തയ്ക്ക് ത്രില്ലര്‍ മൂഡില്‍ പശ്ചാത്തല സംഗീതമൊരുക്കിയതും ജേക്‌സ് ആയിരുന്നു. പുതിയ വര്‍ഷത്തില്‍ വന്‍ പ്രോജക്ടുകളാണ് ജേക്‌സ് കമ്മിറ്റ് ചെയ്തിരിക്കുന്നത്. തമിഴില്‍ കമല്‍ ഹാസന്‍ ചിത്രവും ഇതില്‍ ഉള്‍പ്പെടുന്നു.

SCROLL FOR NEXT