NEWSROOM

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നാല്‍ ഒന്നും സംഭവിക്കില്ല: എം. മുകേഷ് എംഎൽഎ

സിനിമാ മേഖലയിൽ മാത്രമല്ല എല്ലാ മേഖലയിലെയും സ്ത്രീകൾക്ക് സംരക്ഷണം നൽകണമെന്നും എ. മുകേഷ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്


ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതുകൊണ്ട് ഒന്നും സംഭവിക്കാനില്ലെന്ന് നടനും എംഎൽഎയുമായ എം. മുകേഷ്. നാല് മണിക്കൂറോളം ഹേമ കമ്മിറ്റിയുമായി സംസാരിച്ചിരുന്നു. മറ്റുള്ളവർ എന്ത് പറഞ്ഞെന്ന് അറിയില്ല. സിനിമാ മേഖലയിൽ മാത്രമല്ല എല്ലാ മേഖലയിലെയും സ്ത്രീകൾക്ക് സംരക്ഷണം നൽകണമെന്നും മുകേഷ് പറഞ്ഞു.

വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചവര്‍ക്ക് ഇന്ന് രാവിലെ 11 മണിക്ക് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കൈമാറുമെന്നാണ് നേരത്തെ സാംസ്കാരിക വകുപ്പ് അറിയിച്ചിരുന്നത്. അതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തുവിടും മുൻപെ മൊഴി കൊടുത്തവര്‍ക്ക് പകര്‍പ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി വെള്ളിയാഴ്ച ഹൈക്കോടതിയെ സമീപിച്ചത്. തിങ്കളാഴ്ച കേസ് ഹൈക്കോടതി പരിഗണിക്കുന്നത് വരെ റിപ്പോർട്ട് പുറത്തുവിടാൻ ഉള്ള തീരുമാനം മരവിപ്പിക്കുന്നതാണ് ഉചിതമെന്ന് സാംസ്കാരിക വകുപ്പിന് നിയമോപദേശം ലഭിച്ചിരുന്നു.

നിര്‍മാതാവ് സജിമോന്‍ പാറയിലിന്റെ ഹര്‍ജി തള്ളിയ കോടതി ഉത്തരവ് അനുസരിച്ച് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ 19-ാം തീയതി വരെ സര്‍ക്കാരിന് സമയമുണ്ട്. അതിനാല്‍ തിങ്കളാഴ്‌ച കോടതി ഇടപെടലിന്റെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കാമെന്ന് സാംസ്കാരിക വകുപ്പ് തീരുമാനിക്കുകയായിരുന്നു. എന്നാൽ വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരം ഹേമ കമ്മിറ്റി റിപ്പോർട്ട് ഇതുവരെ കൈമാറാത്ത കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വിവരാവകാശ കമ്മീഷണർ സാംസ്കാരിക വകുപ്പിന് കത്തു നൽകി.

SCROLL FOR NEXT