NEWSROOM

മഹാരാഷ്ട്രയിൽ സംസ്ഥാന വ്യാപക ബന്ദിന് ആഹ്വാനം

ബദ്‌ലാപൂരിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പീഡനത്തിന് ഇരയായ സംഭവത്തിൽ പ്രതിഷേധം തുടരവെയാണ് ബന്ദിനുള്ള ആഹ്വാനം.

Author : ന്യൂസ് ഡെസ്ക്


ഓഗസ്റ്റ് 24ന് ശനിയാഴ്ച മഹാരാഷ്ട്രയിൽ സംസ്ഥാന വ്യാപക ബന്ദിന് ആഹ്വാനം ചെയ്ത് മഹാവികാസ് അഘാഡി സഖ്യം. സംസ്ഥാനത്ത് സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ ഉയർത്തിയാണ് പ്രതിഷേധം. ബദ്‌ലാപൂരിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പീഡനത്തിന് ഇരയായ സംഭവത്തിൽ പ്രതിഷേധം തുടരവെയാണ് ബന്ദിനുള്ള ആഹ്വാനം.

പശ്ചിമ ബംഗാളിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ് താനെയിലെ ബദ്‌ലാപൂരിൽ നാല് വയസുള്ള രണ്ട് കുഞ്ഞുങ്ങൾ ലൈംഗികാതിക്രമത്തിന് ഇരയായെന്ന റിപ്പോർട്ട് പുറത്തുവന്നത്. കുട്ടികൾ പഠിക്കുന്ന സ്കൂളിലെ ജീവനക്കാരനായിരുന്നു പ്രതി.

സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് ജനം ട്രെയിനടക്കം തടഞ്ഞു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിച്ചാർജും നടത്തി. സംഘർഷത്തിൽ 25 പൊലീസുദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. 75 പേർക്കെതിരെയാണ് ഇതിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പൊലീസിന്റെ നടപടിയേയും ഉദ്ധവ് താക്കറെ വിമർശിച്ചു. കുറ്റക്കാർക്ക് ഒത്താശ ചെയ്യുന്നതാണ് സർക്കാർ നിലപാടെന്ന് ഉദ്ധവ് താക്കറെ ആരോപിച്ചു. സർക്കാരിന്റെ നിലപാടുകൾക്കെതിരെ കൂടിയാണ് പ്രതിഷേധമെന്ന് മഹാവികാസ് അഘാഡി വ്യക്തമാക്കിയിട്ടുണ്ട്.

SCROLL FOR NEXT