സീത ഷെൽക്കെ ബെയ്‌ലി പാലത്തിൻ്റെ നിർമാണത്തിനിടെ 
NEWSROOM

തലയെടുപ്പോടെ മേജർ സീത ഷെൽക്കെ, സല്യൂട്ട് ചെയ്ത് കേരളം!

മുണ്ടക്കൈ ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനത്തിനായുള്ള ബെയ്‌ലി പാലത്തിൻ്റെ നിർമാണത്തിന് നേതൃത്വം നൽകിയ സൈനിക ഉദ്യോഗസ്ഥയാണ് സീത ഷെൽക്കെ

Author : ന്യൂസ് ഡെസ്ക്

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ഒരു യുവതിയുടെ ചിത്രം വൈറലായി. മുണ്ടക്കൈ ഉരുൾപൊട്ടലിൽ സൈന്യം തയ്യാറാക്കിയ ബെയ്‌ലി പാലത്തിന് മുകളിൽ തലയുയർത്തി നിൽക്കുന്ന ഒരു യുവതി. സൈനികയൂണിഫോമണിഞ്ഞ് അഭിമാനപൂർവം നിൽക്കുന്ന ആ യുവതിയുടെ കണ്ണുകളിലെ നിശ്ചയദാർഢ്യമാണ് ഇന്ന് ചൂരൽമലയ്ക്കും ആത്മവിശ്വാസമേകിയത്. ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിനായി നിർമിച്ച ബെ‌യ്‌ലി പാലത്തിൻ്റെ നിർമാണത്തിൻ്റെ നേതൃത്വം വഹിച്ച സൈനിക ഉദ്യോഗസ്ഥ മേജർ സീത അശോക് ഷെൽക്കെയാണ് ഇപ്പോൾ സമൂഹമാധ്യമത്തിലെ താരം.

ദുരന്തമുഖത്ത് സ്ത്രീകൾക്കൊന്നും ചെയ്യാനില്ലെ?സമത്വം പറയുന്നവർ രക്ഷാപ്രവർത്തനത്തിനെത്തിയില്ലല്ലോ? ഇങ്ങനെ നീണ്ട ആൺഗർവ്വുകളുടെ വായടപ്പിക്കുകയാണ് സീത ഷെൽക്കെയുടെ ചിത്രം. തകർന്നുപോയ വയനാടിനെ താങ്ങി നിർത്താനായി ഒരു രാവും പകലും അധ്വാനിച്ചാണ് മദ്രാസ് സാപ്പേഴ്‌സ് എന്നറിയപ്പെടുന്ന സൈന്യത്തിൻ്റെ പ്രത്യേക സംഘം ബെയ്‌ലി പാലം നിർമിച്ചത്. മദ്രാസ് സാപ്പേഴ്സിലെ ഏക വനിതാ ഉദ്യോഗസ്ഥയാണ് സീത ഷെൽക്കെ. കേരളം പ്രതീക്ഷയോടെ കാത്തിരുന്ന ഈ പാലത്തിൻ്റെ നിർമാണത്തിന് നേതൃത്വം വഹിച്ചതിനുള്ള അഭിമാനവും സീത ഷെൽക്കെയുടെ ചിത്രത്തിൽ തെളിഞ്ഞ് കാണാം.

മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിലെ ഗാഡിൽഗാവ് എന്ന് ഗ്രാമത്തിൽ നിന്നാണ് മേജർ സീത ഷെൽക്കെ ഇന്ത്യൻ സൈന്യത്തിലേക്കെത്തുന്നത്. രാജ്യസേവനമായിരുന്നു ചെറുപ്പം മുതൽക്കേ സീതയുടെ ലക്ഷ്യം. ഈ ചെറുഗ്രാമത്തിൽ നിന്ന് ഐപിഎസ് എന്ന മോഹത്തിലേക്ക് എത്തിചേരാൻ ഒരുപാട് ദൂരമുണ്ടെന്ന് മനസിലാക്കിയതോടെ ഇന്ത്യൻ സൈന്യത്തിലേക്കായി സീത ഷെൽക്കെയുടെ ശ്രദ്ധ മുഴുവൻ. അഹമ്മദ് നഗറിലെ പ്രവാര റൂറൽ റൂറൽ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം പൂർത്തിയാക്കിയ ശേഷം സീത തൻ്റെ ലക്ഷ്യത്തിലേക്കുള്ള അധ്വാനം ആരംഭിച്ചു.


സീതയുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. രണ്ട് തവണ എസ്എസ്ബി പരീക്ഷയില്‍ പരാജയപ്പെട്ടെങ്കിലും അവർ പിൻവാങ്ങിയില്ല. മൂന്നാം തവണ സീത പരീക്ഷ പാസായി. പിന്നാലെ 2012ൽ സീത അശോക് ഷെൽക്കെ ഇന്ത്യൻ സൈന്യത്തിൻ്റെ ഭാഗമായി. മാതാപിതാക്കളുടെ പിന്തുണയാണ് ആ ചെറുഗ്രാമത്തിൽ നിന്ന് കണ്ട സ്വപ്നങ്ങൾക്ക് ചിറക് നൽകിയതെന്ന് സീത ഷെൽക്കെ പറയുന്നു.

പാലത്തിൻ്റെ നിര്‍മാണം പൂര്‍ത്തിയായതോടെ മുണ്ടക്കൈ മേഖലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ വേ​ഗത്തിൽ നടത്താൻ സാധിക്കുമെന്ന പ്രതീക്ഷയാണ് രക്ഷാപ്രവർത്തകർ പങ്കുവെക്കുന്നത്. പാലം പണി പൂർത്തിയായതോടെ ഭാരമേറിയ യന്ത്രസാമഗ്രികള്‍ ഉള്‍പ്പെടെ ഇനി മുണ്ടക്കൈയിലേക്ക് എത്തിക്കാൻ സാധിക്കും.

SCROLL FOR NEXT