പ്രതീകാത്മക ചിത്രം 
NEWSROOM

ഏഴു വയസുകാരന്റെ തുടയില്‍ സൂചി തുളച്ചു കയറി; കായംകുളം താലൂക്ക് ആശുപത്രിയില്‍ കൂട്ട നടപടി

നഴ്‌സിങ് സ്റ്റാഫുകള്‍, നഴ്‌സിങ് അസിസ്റ്റന്റുമാര്‍, ക്ലീനിങ് സ്റ്റാഫുകള്‍ എന്നിവര്‍ക്കെതിരെയാണ് നടപടി

Author : ന്യൂസ് ഡെസ്ക്

ഏഴ് വയസുകാരന്റെ തുടയില്‍ സൂചി തുളച്ചു കയറിയ സംഭവത്തില്‍ കായംകുളം താലൂക്ക് ആശുപത്രിയില്‍ കൂട്ട നടപടി. സംഭവത്തില്‍ ആശുപത്രി ജീവനക്കാരുടെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ച്ചയുണ്ടായെന്ന് ആലപ്പുഴ ഡിഎംഒ ജമുന വര്‍ഗീസിന്റെ റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗം ഡോക്ടര്‍മാര്‍ ഒഴികെ മുഴുവന്‍ ജീവനക്കാരും നടപടി നേരിടും. ആശുപത്രി കിടക്കയില്‍ ഉപയോഗിച്ച സൂചി കിടന്നത് സംഭവിക്കാന്‍ പാടില്ലാത്ത പിഴവാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വീഴ്ച്ച വരുത്തിയ മുഴുവന്‍ ജീവനക്കാരേയും സ്ഥലം മാറ്റാന്‍ ഡിഎംഒ ഉത്തരവിറക്കി. നഴ്‌സിങ് സ്റ്റാഫുകള്‍, നഴ്‌സിങ് അസിസ്റ്റന്റുമാര്‍, ക്ലീനിങ് സ്റ്റാഫുകള്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. അത്യാഹിത വിഭാത്തിലേയും ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ വിഭാഗത്തിലേയും ചുമതലയുള്ള ഹെഡ് നഴ്‌സുമാര്‍ ശിക്ഷണ നടപടികള്‍ സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഹെഡ് നഴ്‌സുമാര്‍ക്കെതിരെ നടപടിക്കായി ഡിഎച്ച്എസിന് ഡിഎംഒ റിപ്പോര്‍ട്ട് കൈമാറി.

അതേസമയം, സൂചി തുളച്ചു കയറിയ സംഭവത്തില്‍ പതിനാല് വര്‍ഷം തുടര്‍നിരീക്ഷണം വേണമെന്ന വാര്‍ത്തയ്ക്ക് ശാസ്ത്രീയ അടിസ്ഥാനമില്ലെന്ന് വിദഗ്ധ പാനല്‍ വിലയിരുത്തി. ജമുന വര്‍ഗീസിന്റെ നേതൃത്വത്തിലാണ് വിദഗ്ധ സമിതി ചേര്‍ന്നത്.

കുട്ടിയുടെ ശരീരത്തില്‍ തുളച്ചു കയറിയ സൂചിയില്‍ കട്ടപിടിച്ച പഴയ രക്തമുണ്ടായിരുന്നതായി പ്രാഥമിക പരിശോധനയില്‍ ബോധ്യപ്പെട്ടിരുന്നു. സാധാരണഗതിയില്‍ കുട്ടിക്ക് ഹെപ്പറ്റൈറ്റിസ് ബിയുടെ നേരിയ രോഗസാധ്യതയാണുള്ളത്. രക്ത പരിശോധനയില്‍ ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധ കുത്തിവെപ്പ് മുഖേന കുട്ടിയുടെ പ്രതിരോധ സംവിധാനം തൃപ്തികരമാണ്. കട്ടപിടിച്ച് പഴകിയ രക്തത്തില്‍ നിന്നും എച്ച്‌ഐവി അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ വിരളമാണെന്നും വിദഗ്ധ സമിതി വിലയിരുത്തി. എങ്കിലും കുടുംബത്തിന്റെ ആശങ്കയകറ്റാന്‍ മൂന്നാം മാസവും ആറാം മാസവും കുട്ടിക്ക് പുനര്‍പരിശോധന നടത്തി നിരീക്ഷിക്കും.

കഴിഞ്ഞ ജുലൈ 19 നാണ് കായംകുളം താലൂക്ക് ആശുപത്രിയില്‍ കുട്ടിയുടെ ദേഹത്ത് സിറിഞ്ച് തുളച്ചുകയറിയത്. പനി ബാധിച്ചാണ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ കുട്ടിയെ പ്രവേശിപ്പിച്ചത്. കട്ടിലില്‍ കിടത്തിയപ്പോള്‍ സൂചി തുളച്ചു കയറുകയായിരുന്നു. മറ്റൊരു രോഗിക്ക് കുത്തിവെച്ച സിറിഞ്ചാണ് കിടക്കയിലുണ്ടായിരുന്നത്. രോഗിയെ മാറ്റി മറ്റൊരു രോഗിയെ കിടത്തുന്നതിനു മുമ്പ് കിടക്കവിരി ഉള്‍പ്പെടെ മാറ്റി വൃത്തിയാക്കണം. എന്നാല്‍ ഇത് പാലിച്ചിരുന്നില്ല. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. രണ്ടാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു.


SCROLL FOR NEXT