NEWSROOM

VIDEO | കാണാതായ തസ്മിത് കന്യാകുമാരി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി; എക്സ്ക്ലൂസീവ് ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന്

കഴക്കൂട്ടത്ത് നിന്നും ഐലൻഡ് എക്സ്പ്രസിൽ കയറിയ പെണ്‍കുട്ടി കന്യാകുമാരിയിൽ ഇറങ്ങിയിരുന്നു. വീണ്ടും അതേ ട്രെയിനിൽ തന്നെ കയറിയെന്നാണ് അധികൃതർ നല്‍കുന്ന വിവരം

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം കഴക്കൂട്ടത്ത് കാണാതായ പെൺകുട്ടിയുടെ, കന്യാകുമാരി റെയിൽവെ സ്റ്റേഷനിൽ നിന്നുള്ള എക്സ്ക്ലൂസീവ് ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന്.  കഴക്കൂട്ടത്ത് നിന്നും ഐലൻഡ് എക്സ്പ്രസിൽ കയറിയ കുട്ടി കന്യാകുമാരിയിൽ ഇറങ്ങിയതിന്‍റെ  സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. 

അതിഥി തൊഴിലാളിയായ അസം സ്വദേശി അൻവർ ഹുസൈന്‍റെ മകൾ തസ്മിത് ബീഗത്തെയാണ് കഴിഞ്ഞ ദിവസം കാണാതായത്. കന്യാകുമാരിയിൽ ഇറങ്ങിയ പെൺകുട്ടി വീണ്ടും അതേ ട്രെയിനിൽ തന്നെ കയറിയെന്നാണ് അധികൃതർ നല്‍കുന്ന വിവരം.

കന്യാകുമാരി റെയിൽവേ സ്റ്റേഷനിൽ കുട്ടിയെ കണ്ടെന്ന് ശുചീകരണത്തൊഴിലാളിയും മൊഴി നൽകിയിരുന്നു. ഐലൻഡ് എക്സ്പ്രസ് വൃത്തിയാക്കാൻ വന്ന സ്ത്രീയുടേതാണ് മൊഴി. ഒന്നിലധികം തവണ കുട്ടി ഐലൻഡ് എക്സ്പ്രസിൽ കയറിയിറങ്ങിയെന്നായിരുന്നു ശുചീകരണത്തൊഴിലാളി പറഞ്ഞത്.


തസ്മിത്ത്, ഐലന്‍ഡ് ട്രെയിനില്‍ യാത്ര ചെയ്യുന്ന ദൃശൃങ്ങളും പൊലീസിന് ലഭിച്ചിരുന്നു. സൈബര്‍ പൊലീസിന്‍റെ പോസ്റ്റ് കണ്ട യാത്രക്കാരി ബബിതയാണ് പെണ്‍കുട്ടിയുടെ ചിത്രം പൊലീസിന് കൈമാറിയത്. ഇതോടെ പൊലീസ് റെയിൽവെ സ്റ്റേഷൻ പരിസരത്തും ബസ്സ്റ്റാൻ്റുകളിലും പരിശോധന നടത്തി. നാട്ടുകാർക്കും വ്യാപാരികൾക്കും ഫോട്ടോ കാണിച്ചും തെരച്ചിൽ നടത്തുന്നുണ്ട്. പെണ്‍കുട്ടി ട്രെയിനില്‍ ഇരുന്ന് കരയുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ചിത്രം പകര്‍ത്തിയതെന്നും, കൈയില്‍ 40 രൂപ ഉണ്ടായിരുന്നതായും ബബിത പൊലീസിനെ അറിയിച്ചു. 

കണിയാപുരം മുസ്ലിം ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് തസ്മീത്. സഹോദരിയുമായി വഴക്കിട്ടതിന് തസ്മീതിനെ അമ്മ ശകാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി വീട്ടിൽ നിന്ന് ഇറങ്ങി പോയത്. തുടർന്ന് കുടുംബം കഴക്കൂട്ടം പൊലീസിൽ പരാതി നൽകുകയായിരുന്നു. മൂന്ന് മാസം മുമ്പാണ് കുട്ടിയുടെ കുടുംബം തിരുവനന്തപുരത്തെത്തിയത്.

കന്യാകുമാരി റെയിൽവെ സ്റ്റേഷനിൽ നിന്നുള്ള എക്സ്ക്ലൂസീവ് ദൃശ്യങ്ങൾ:

SCROLL FOR NEXT