പെൺകുട്ടിയെ കന്യാകുമാരിയിൽ കണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയിരുന്നെങ്കിലും കുട്ടിയെ കണ്ടെത്താനായില്ലെന്ന് കഴക്കൂട്ടം എസ്.ഐ ശരത്ത് പറഞ്ഞു
തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനി 13കാരി തസ്മിത്തിനായുള്ള തെരച്ചിൽ തുടങ്ങിയിട്ട് 27 മണിക്കൂർ പിന്നിട്ടു. പെൺകുട്ടിയെ കന്യാകുമാരിയിൽ കണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയിരുന്നെങ്കിലും കുട്ടിയെ കണ്ടെത്താനായില്ലെന്ന് കഴക്കൂട്ടം എസ്.ഐ ശരത് പറഞ്ഞു. സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. സിസിടിവിയിൽ പെടാതെ കുട്ടി പുറത്തേക്ക് പോയോ എന്നും പരിശോധിച്ചു വരുന്നുണ്ട്. കേരള പൊലീസിൻ്റെ മറ്റൊരു സംഘം നാഗർകോവിലിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കേരള- തമിഴ്നാട് പൊലീസ് സംയുക്തമായാണ് കുട്ടിക്കായി തെരച്ചില്‍ നടത്തുന്നത്.
READ MORE: തമിഴ്നാട്ടിലുള്ള സഹോദരന്റെ വിവരം തസ്മിത് ചോദിച്ചറിഞ്ഞിരുന്നുവെന്ന് പിതാവ്; തെരച്ചിൽ തുടരുന്നു
പെൺകുട്ടി തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂര്‍ - കന്യാകുമാരി എക്‌സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യുന്ന ദൃശൃങ്ങൾ നേരത്തേ പൊലീസിന് ലഭിച്ചിരുന്നു. സൈബര്‍ പൊലീസിന്റെ പോസ്റ്റ് കണ്ട സഹയാത്രികയാണ് പെണ്‍കുട്ടിയുടെ ദൃശൃം പൊലീസിന് കൈമാറിയത്. ഇതോടെ പൊലീസ് റെയിൽവേ സ്റ്റേഷൻ പരിസരത്തും ബസ്റ്റാൻ്റുകളിലും പരിശോധന നടത്തി. നാട്ടുകാർക്കും വ്യാപാരികൾക്കും ഫോട്ടോ കാണിച്ച് കൊടുത്തും തെരച്ചിൽ നടത്തുന്നുണ്ട്.
തിരുവനന്തപുരം കഴക്കൂട്ടത്ത് താമസിക്കുന്ന അതിഥി തൊഴിലാളിയായ അസം സ്വദേശി അൻവർ ഹുസൈന്റെ മകൾ തസ്മിത്ത് ബീഗത്തെ കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെയാണ് കാണാതായത്. കണിയാപുരം മുസ്ലിം ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് കാണാതായ തസ്മിത്ത്.