മോഹന്‍ലാല്‍ 
NEWSROOM

വയനാടിനെ ചേര്‍ത്തുപിടിച്ച് മോഹന്‍ലാല്‍; സൈന്യത്തിനൊപ്പം ദുരിതബാധിത മേഖലയില്‍

മോഹന്‍ലാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു

Author : ന്യൂസ് ഡെസ്ക്

വയനാട് ചൂരല്‍മലയിലെ ദുരിതബാധിതരെ സന്ദര്‍ശിച്ച് നടന്‍ മോഹന്‍ലാല്‍. ലെഫ്റ്റനന്റ് കേണല്‍ കൂടിയായ താരം സൈന്യത്തിനൊപ്പമാണ് ദുരിതബാധിത മേഖല സന്ദര്‍ശിച്ചത്. നേരത്തെ മോഹന്‍ലാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു.

'വയനാട് ദുരന്തബാധിതര്‍ക്ക് ആശ്വാസം പകരാന്‍ നിസ്വാര്‍ത്ഥരായ സന്നദ്ധപ്രവര്‍ത്തകര്‍, പോലീസുകാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, എന്‍ഡിആര്‍എഫ്, സൈനികര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി അക്ഷീണം പ്രയത്‌നിക്കുന്ന ഓരോ വ്യക്തിയുടെയും ധൈര്യത്തെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു. ദുരിതാശ്വാസ ദൗത്യത്തില്‍ മുന്‍നിരയില്‍ നിന്ന എന്റെ 122 ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ ടിഎ മദ്രാസിന്റെ പ്രയത്‌നങ്ങള്‍ക്ക് ഞാന്‍ നന്ദിയറിയിക്കുന്നു. നമ്മള്‍ മുമ്പും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതല്‍ ശക്തരാകുകയും ചെയ്തിട്ടുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് ഒറ്റക്കെട്ടായി നില്‍ക്കാനും നമ്മുടെ ഒരുമയുടെ കരുത്ത് കാട്ടാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ജയ്ഹിന്ദ്', എന്ന് മോഹന്‍ലാല്‍ നേരത്തെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

ALSO READ : ചൂരല്‍മല രക്ഷാപ്രവര്‍ത്തനം; ചാലിയാറില്‍ തെരച്ചിൽ ആരംഭിച്ചു, കൂടുതല്‍ റഡാറുകള്‍ എത്തിക്കുമെന്ന് സൈന്യം


അതേസമയം ദുരിതമേഖലയില്‍ ചാലിയാര്‍ പുഴ കേന്ദ്രീകരിച്ച് ഇന്ന് തെരച്ചില്‍ ആരംഭിച്ചു. നേവിയുടെ ഹെലികോപ്റ്ററും പൊലീസിന്റെ ഹെലികോപ്റ്ററും അല്പ സമയത്തിനുള്ളില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തും. ഭൂതാനം, വെള്ളിമാട് തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ചാലിയാര്‍ ഭാഗത്തെ ഇന്നത്തെ തെരച്ചില്‍.

രക്ഷാപ്രവര്‍ത്തനത്തില്‍ 218 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും ഡ്രോണ്‍ പരിശോധനയ്ക്കായി റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാല്‍ എത്തുമെന്നും വയനാട് ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ പറഞ്ഞു. വയനാട്ടിലെ തെരച്ചിലിന് കൂടുതല്‍ റഡാറുകള്‍ എത്തിക്കുമെന്ന് സൈന്യവും അറിയിച്ചു. ഒരു സേവര്‍ റഡാര്‍, നാല് റെക്കോ റഡാറുകള്‍ എന്നിവയാണ് എത്തിക്കുക. ഡല്‍ഹിയില്‍ നിന്ന് ഇവ എയര്‍ലിഫ്റ്റ് ചെയ്യുമെന്ന് സൈന്യം പറഞ്ഞു. റഡാറുകളുടെ ഓപ്പറേറ്റര്‍മാരും ഒപ്പമുണ്ടാകും. വ്യോമസേനാ വിമാനത്തിലാണ് ഇവ എത്തിക്കുക. കൂടുതല്‍ ആഴത്തിലുള്ള പരിശോധനയ്ക്ക് വേണ്ടി, സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് നടപടി.

SCROLL FOR NEXT