NEWSROOM

എംപോക്സ് മുന്നറിയിപ്പ്; അതീവ ജാഗ്രത പുലർത്താൻ കേരളത്തിന് കേന്ദ്ര നിർദേശം

ദുബായിൽ മൂന്ന് പേർക്ക് എംപോക്സ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് കേന്ദ്രത്തിന്‍റെ നിർദ്ദേശം. ഡൽഹിയിൽ ആർഎംഎല്‍ അടക്കം മൂന്ന് ആശുപത്രികളിൽ എംപോക്സ് വാർഡ് തയ്യറാക്കിയിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

ആഗോള തലത്തില്‍ എംപോക്സ് പകർച്ചവ്യാധി ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലർത്താൻ കേരളത്തിന് കേന്ദ്ര നിർദേശം. നാല് അന്തരാഷ്ട്ര വിമാനത്താവളങ്ങളിലും പരിശോധന സംവിധാനങ്ങൾ ഒരുക്കണം. ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം.


ദുബായിൽ മൂന്ന് പേർക്ക് എംപോക്സ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് കേന്ദ്രത്തിന്‍റെ നിർദ്ദേശം. ഡൽഹിയിൽ ആർഎംഎല്‍ അടക്കം മൂന്ന് ആശുപത്രികളിൽ എംപോക്സ് വാർഡ് തയ്യറാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി. കെ മിശ്ര വിളിച്ച് ചേർത്ത അടിയന്തര യോഗത്തിൻ്റേതാണ് ഈ തീരുമാനം.

എംപോക്സിൻ്റെ തുടക്കവും വ്യാപനവും

1958-ലാണ് എംപോക്സ് കണ്ടെത്തുന്നത്. കുരങ്ങുകളിൽ കണ്ടെത്തിയതു കൊണ്ടു തന്നെ ഇത് ആദ്യം മങ്കിപോക്സ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഇത് ആദ്യം മനുഷ്യരിൽ സ്ഥിരീകരിച്ചത് 1970-ലാണ്. പിന്നീട് കാലമിത്ര കഴിഞ്ഞിട്ടും ഇത് ശാസ്ത്ര-പൊതുജനാരോഗ്യ ശ്രദ്ധ കിട്ടാതെ അവഗണിക്കപ്പെട്ടു. ലോകത്തെ സംബന്ധിച്ച് ഇത് ആഫ്രിക്കൻ ഉൾ പ്രദേശങ്ങളിലെ അസാധാരണമായ അണുബാധ മാത്രമായിരുന്നു.

പിന്നീട് 2022-ൽ വികസിത രാജ്യങ്ങളിൽ വലിയ രീതിയിൽ എംപോക്സ് പൊട്ടിപ്പുറപ്പെട്ടപ്പോളാണ്, ഇതിനെ പറ്റി ശാസ്ത്രലോകം ബോധവാന്മാരായത്. അതോടെ വൈറസിനെ പറ്റി പഠിക്കുന്നതിനും പരീക്ഷണങ്ങൾക്കുമായി വൻതോതിൽ സഹായം ഒഴുകിയെത്തി. 2022 ഏപ്രിൽ മുതൽ ഒരു മെഡിക്കൽ എഞ്ചിനിൽ മാത്രം നടന്നത് കഴിഞ്ഞ 60 വർഷങ്ങൾക്കുള്ളിൽ നടന്നതിനേക്കാൾ കൂടുതൽ ഗവേഷണങ്ങളാണ്.

എംപോക്സിനുള്ള രോഗനിർണയ, ചികിത്സാ, അണുബാധ തടയൽ ഉപകരണങ്ങളിൽ ആഗോള നിക്ഷേപം വർധിപ്പിക്കണമെന്ന് ആഫ്രിക്കൻ ഗവേഷകർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും 2022-23 ആഗോള തലത്തിൽ എംപോക്സ് പൊട്ടിപ്പുറപ്പെട്ടു. ഒടുവിൽ ആഫ്രിക്കയിൽ മാത്രം പുതിയ എംപോക്സ് വ്യാപനം 500 ലേറെ മനുഷ്യരെ കൊന്നൊടുക്കിയതിനും ഇത് വ്യാപകമാകുവാൻ തുടങ്ങിയതിനും ശേഷം ലോകാരോഗ്യ സംഘടന ഇപ്പോൾ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മറ്റ് രാജ്യങ്ങൾക്ക് പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്ന സാഹചര്യങ്ങളിലുള്ള ഏറ്റവും ഉയർന്ന അലേർട്ട് ലെവലാണിത്.

SCROLL FOR NEXT