ദേശീയ അവാർഡ് ജൂറി അധ്യക്ഷന്‍ അശുതോഷ് ഗൗരീക്കർ Source: X/ ANI
NEWSROOM

"കേരളാ സ്റ്റോറി കണ്ടപ്പോള്‍ പുരസ്കാരം അർഹിക്കുന്നതായി തോന്നി, തീരുമാനം ഏകകണ്ഠം"; ദേശീയ അവാർഡ് ജൂറി അധ്യക്ഷന്‍

മികച്ച ഗവേഷണം നടത്തിയ ചിത്രമായി തോന്നിയതായി അശുതോഷ് ഗൗരീക്കർ

Author : ന്യൂസ് ഡെസ്ക്

'ദ കേരളാ സ്റ്റോറി' വസ്തുതകള്‍ തുറന്നുകാട്ടിയ സിനിമയാണെന്ന് 71ാമത് ദേശീയ ചലച്ചിത്ര അവാർഡ് ജൂറി അധ്യക്ഷനും സംവിധായകനുമായ അശുതോഷ് ഗോവാരിക്കർ. ഐകകണ്ഠ്യേനയാണ് ചിത്രത്തിന് അവാർഡുകള്‍ നിശ്ചയിച്ചതെന്നും ജൂറി അധ്യക്ഷന്‍ വ്യക്തമാക്കി .

മികച്ച സംവിധാനത്തിന് അർഹമായ ചിത്രമാണ് കേരള സ്റ്റോറിയെന്ന് സിനിമ കണ്ടപ്പോള്‍ എല്ലാ ജൂറി അംഗങ്ങള്‍ക്കും അനുഭവപ്പെട്ടു. മികച്ച ഗവേഷണം നടത്തിയ ചിത്രമായി തോന്നി. സാമൂഹിക-രാഷ്ട്രീയ മാനങ്ങള്‍ക്കൊപ്പം വിനോദപ്രദവുമായ സിനിമകളെയാണ് പുരസ്കാരങ്ങള്‍ക്ക് പരിഗണിച്ചതെന്നാണ് അശുതോഷ് ഗൗരീക്കർ പുരസ്കാര പ്രഖ്യാപനത്തിന്റെ ആമുഖമായി പറഞ്ഞിരുന്നത്. കേരളാ സ്റ്റോറിയും അത്തരത്തില്‍ ഒരു സിനിമയായാണ് അനുഭവപ്പെട്ടതെന്ന് ജൂറി അധ്യക്ഷന്‍ മാധ്യമങ്ങളോട് പറഞ്ഞു.

"രാജ്യത്തെ ഏറ്റവും വലിയ പുരസ്കാരമാണ് ദേശീയ അവാർഡ്...സർക്കാർ നിങ്ങളെ ആദരിക്കുമ്പോൾ, അതിന് പ്രത്യേക മൂല്യമുണ്ട്. അന്താരാഷ്ട്ര സിനിമയിൽ നിങ്ങൾക്ക് ഒരു സ്ഥാനം ലഭിക്കുമ്പോൾ, അത് ഒരു അധിക ബോണസാണ്. എന്നാൽ ഓരോ ചലച്ചിത്രകാരനും ആദ്യം ആഗ്രഹിക്കുന്നത് സ്വന്തം രാജ്യം തന്നെ അഭിനന്ദിക്കണമെന്നാണ്... അതിനാൽ, ഈ ചലച്ചിത്ര പ്രവർത്തകരിൽ ഓരോരുത്തരും തീർച്ചയായും പ്രചോദനം ഉൾക്കൊണ്ട് പ്രവർത്തിക്കുമെന്ന് ഞാൻ കരുതുന്നു. അവർ കൂടുതൽ കഠിനാധ്വാനം ചെയ്യുമെന്ന് ഞാൻ കരുതുന്നു..., അശുതോഷ് ഗോവാരിക്കർ കൂട്ടിച്ചേർത്തു.

ഷാരൂഖ് ഖാന് ആദ്യമായി ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചതിനെക്കുറിച്ചും അശുതോഷ് പ്രതികരിച്ചു. അറ്റ്ലി സംവിധാനം ചെയ്ത 'ജവാന്‍' ആണ് ഷാരൂഖ് ഖാന് അവാർഡ് നേടിക്കൊടുത്തത്. സിനിമയില്‍ ഷാരൂഖ് ഇരട്ട വേഷത്തിലാണ് എത്തുന്നതെന്ന് അശുതോഷ് എടുത്തുപറഞ്ഞു.

അശുതോഷ് ഗോവാരിക്കർ (ചെയർപേഴ്സൺ), എം.എൻ. സ്വാമി, ഗീത എം. ഗുരപ്പ, വി എൻ ആദിത്യ, അനീഷ് ബസു, പരേഷ് വോറ, സുശീൽ രാജ്പാൽ, വിവേക് പ്രതാപ്, പ്രദീപ് നായർ, മണിറാം സിംഗ്, പ്രകൃതി മിശ്ര എന്നിവരാണ് ജൂറി ആംഗങ്ങള്‍.

രണ്ട് പുരസ്കാരങ്ങളാണ് ദ കേരള സ്റ്റോറിക്ക് 71ാമത് ദേശീയ ചലച്ചിത്ര അവാർഡ് ജൂറി നല്‍കിയത്. മികച്ച സംവിധായകനായി സുദീപ്തോ സെന്നും മികച്ച ഛായാഗ്രഹകനായി പ്രസന്താനു മൊഹപാത്രയും തെരഞ്ഞെടുക്കപ്പെട്ടു. കലാമൂല്യമില്ലാത്ത, കേരളാ വിരുദ്ധത നിറഞ്ഞ പ്രൊപ്പഗണ്ടാ സിനിമയായാണ് പ്രേക്ഷകരും നിരൂപകരും ഈ ചിത്രത്തെ വിലയിരുത്തിയിരുന്നത്. അതിനാല്‍ തന്നെ വലിയ തോതിലുള്ള വിമർശനങ്ങള്‍ക്കാണ് സമൂഹമാധ്യമങ്ങളില്‍ അവാർഡ് പ്രഖ്യാപനം വഴിവെച്ചിരിക്കുന്നത്.

SCROLL FOR NEXT