ഡൽഹി: ഒരൊറ്റ മിസൈൽ ഉപയോഗിച്ച് ഒന്നിലധികം ലക്ഷ്യകേന്ദ്രങ്ങൾ ഒരേസമയം തകർക്കാൻ ശേഷിയുള്ള മൾട്ടിപ്പിൾ ഇൻഡിപെൻഡൻ്റലി ടാർജറ്റ് റീ എൻട്രി വെഹിക്കിൾ സാങ്കേതിക വിദ്യ ഉൾപ്പെടുത്തിയ ആധുനിക അഗ്നി മിസൈൽ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. ഒഡീഷ തീരത്തെ ഡോ. എ.പി.ജെ അബ്ദുൾ കലാം ദ്വീപിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്.
രാജ്യത്തിൻ്റെ പ്രതിരോധശേഷിയെ വർധിപ്പിക്കുന്നതിൽ ഈ പരീക്ഷണം നാഴിക്കല്ലാണെന്ന് കേന്ദ്രസർക്കാർ പറഞ്ഞു. വ്യത്യസ്ത ലക്ഷ്യങ്ങളെ ലക്ഷ്യം വച്ചാണ് ഒന്നിലധികം പേലോഡുകളുമായി മിസൈൽ പരീക്ഷിച്ചത്. വിക്ഷേപണം മുതൽ പേലോഡുകൾ ലക്ഷ്യസ്ഥാനത്ത് പതിക്കുന്നത് വരെയുള്ള മിസൈലിൻ്റെ പാത ഗ്രൗണ്ട് ബേസ്ഡ് സ്റ്റേഷനുകളും കപ്പലിലെ സ്റ്റേഷനുകളും വഴി ടെലിമെട്രിയിലൂടെ കൃത്യമായി നിരീക്ഷിച്ചു.
വിജയകരമായ പരീക്ഷണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു. മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ വെല്ലുവിളികൾക്കിടെ ഈ നേട്ടം വലിയ കരുത്ത് പകരുമെന്ന് അദ്ദേഹം പറഞ്ഞു.