ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ശീത്ല മാതാ ക്ഷേത്രത്തിന് സമീപം ഭക്തർക്കിടയിലേക്ക് നിയന്ത്രണം വിട്ട ട്രക്കിടിച്ചു കയറി 12 പേർക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ 1.30 ഓടെയാണ് രാജ്യത്തെ നടുക്കിയ ദാരുണ സംഭവം ഉണ്ടായത്.
ചിന്നോർ ഭാഗത്തുനിന്നും നെല്ലുമായി അമിതഭാരം കയറ്റിയ ട്രക്ക്, വലിയ വാഹനങ്ങൾക്ക് നിയന്ത്രണമുള്ള കുത്തനെയുള്ള ഇറക്കത്തിൽ വച്ച് പെട്ടെന്ന് നിയന്ത്രണം വിടുകയായിരുന്നു. നിയന്ത്രണം വിട്ട ട്രക്ക് പൊലീസ് ബാരിക്കേഡുകൾ തകർത്ത് റോഡിലുണ്ടായിരുന്ന ഭക്തരെ ഇടിച്ച് തെറിപ്പിക്കുകയും ക്ഷേത്രത്തിൻ്റെ മതിൽ ഭിത്തിയിലും ഗേറ്റിലും ഇടിച്ചു നിൽക്കുകയുമായിരുന്നു.
അപകടത്തിൽ 29-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ആറ് പേരുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണ്. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്. നവരാത്രി ഉത്സവത്തോട് അനുബന്ധിച്ച് വലിയ വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്ന റോഡിൽ ട്രക്ക് പ്രവേശിച്ചതിനെ കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു.