Vande Bharat News Malayalam
NATIONAL

ബന്ധുക്കളെ യാത്രയയക്കാൻ വന്ദേഭാരതിൽ കയറി; ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെ അകത്തുകുടുങ്ങി 12 പേർ, ഒടുവിൽ റെയിൽവേ ചുമത്തിയത് 36,000 രൂപ പിഴ!

ന്യൂഡൽഹി വന്ദേഭാരത് എക്സ്പ്രസിൽ ബന്ധുക്കളെ സീറ്റിൽ ഇരുത്തി യാത്രയാക്കാൻ കയറിയ സംഘത്തിനാണ് അപ്രതീക്ഷിതമായി 36000 രൂപയോളം പിഴയൊടുക്കേണ്ടി വന്നത്.

Author : ന്യൂസ് ഡെസ്ക്

ഇറ്റാവ: ബന്ധുക്കളെ യാത്രയയയ്ക്കാനായി വന്ദേഭാരത് എക്സ്പ്രസിനുള്ളിൽ കയറിയ 12 അംഗ സംഘം ട്രെയിനിന്റെ ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെ അകത്തുകുടുങ്ങി. കാൺപൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഞായറാഴ്ച രാവിലെയാണ് യാത്രക്കാർക്കും റെയിൽവേ ഉദ്യോഗസ്ഥർക്കും തലവേദനയായ നാടകീയ സംഭവം അരങ്ങേറിയത്. ബനാറസ്-ന്യൂഡൽഹി വന്ദേഭാരത് എക്സ്പ്രസിൽ ബന്ധുക്കളെ സീറ്റിൽ ഇരുത്തി യാത്രയാക്കാൻ കയറിയ സംഘത്തിനാണ് അപ്രതീക്ഷിതമായി 36000 രൂപയോളം പിഴയൊടുക്കേണ്ടി വന്നത്. ചില റിപ്പോർട്ടുകളിൽ സംഘത്തിൽ ഒരു കുട്ടിയടക്കം 13 പേരുണ്ടായിരുന്നതായും ആകെ 36140 രൂപ പിഴ ഈടാക്കിയതായും വ്യക്തമാക്കുന്നു.

ബന്ധുക്കളെയും ലഗേജും കോച്ചിനുള്ളിൽ കയറ്റിയ ശേഷം പുറത്തിറങ്ങാൻ വൈകിയതോടെയാണ് ട്രെയിനിന്റെ ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞത്. സാധാരണഗതിയിൽ വന്ദേഭാരത് ട്രെയിനുകളുടെ വാതിലുകൾ നിശ്ചിത സ്റ്റോപ്പുകളിൽ മാത്രമേ തുറക്കുകയുള്ളൂ. കാൺപൂർ കഴിഞ്ഞാൽ ട്രെയിനിന് നേരെ ന്യൂഡൽഹിയിലായിരുന്നു സ്റ്റോപ്പ്. ഇതോടെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം പരിഭ്രാന്തരാവുകയും ട്രെയിൻ നിർത്തി തങ്ങളെ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം വെക്കുകയുമായിരുന്നു.

എന്നാൽ വന്ദേഭാരത് പോലൊരു പ്രീമിയം ട്രെയിൻ പാതിവഴിയിൽ നിർത്താനാവില്ലെന്ന് ജീവനക്കാർ വ്യക്തമാക്കിയതോടെ ഇവർ കോച്ചിനുള്ളിൽ വാക്കുതർക്കവും ബഹളവും ഉണ്ടാക്കി.

യാത്രക്കാരുടെ ബഹളം രൂക്ഷമായതോടെ ട്രെയിൻ ജീവനക്കാർ തുണ്ട്ല കൺട്രോൾ റൂമിൽ വിവരമറിയിച്ചു. കൺട്രോൾ റൂമിന്റെ പ്രത്യേക നിർദ്ദേശപ്രകാരം രാവിലെ 10:49-ന് ട്രെയിൻ ഇറ്റാവ ജംഗ്ഷനിൽ നിർത്തുകയായിരുന്നു. സ്റ്റേഷൻ സൂപ്രണ്ട് പി.എം. മീണ, ആർപിഎഫ് ഇൻസ്പെക്ടർ ദിനേശ് കുമാർ സിംഗ്, ജിആർപി ഇൻസ്പെക്ടർ യദുവീർ സിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി 12 പേരെയും ട്രെയിനിൽ നിന്ന് പുറത്തിറക്കി ആർപിഎഫ് പോസ്റ്റിലേക്ക് കൊണ്ടുപോയി.

ടിക്കറ്റോ പ്ലാറ്റ്‌ഫോം ടിക്കറ്റോ ഇല്ലാതെ ട്രെയിനിൽ പ്രവേശിച്ചതിനും കോച്ചിൽ ബഹളമുണ്ടാക്കിയതിനും വാണിജ്യ വിഭാഗം ഉദ്യോഗസ്ഥർ ഒരാൾക്ക് 3000 രൂപ വീതം ആകെ 36000 രൂപ പിഴ ചുമത്തി. മേലിൽ ഇത്തരം അബദ്ധങ്ങൾ ആവർത്തിക്കരുതെന്ന കർശന താക്കീത് നൽകിയ ശേഷമാണ് ഇവരെ വിട്ടയച്ചത്. യാത്രക്കാർ അല്ലാത്തവർ വന്ദേഭാരത് പോലുള്ള ഓട്ടോമാറ്റിക് വാതിലുകളുള്ള ട്രെയിനുകളിൽ കയറരുതെന്ന് റെയിൽവേ ആവർത്തിച്ച് മുന്നറിയിപ്പ് നൽകാറുണ്ടെങ്കിലും ഇത്തരം സംഭവങ്ങൾ തുടരുന്നത് യാത്രക്കാർക്കും റെയിൽവേയ്ക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

SCROLL FOR NEXT