ഗംഭീരാ പാലം തകർന്നതിൻ്റെ ദൃശ്യം Source: Subkuz
NATIONAL

ഗുജറാത്തിൽ 'ഗംഭീരാ' പേടി; അപകടത്തിന് പിന്നാലെ 133 പാലങ്ങൾ അടച്ചു

സംസ്ഥാനത്തെ1800ഓളം പാലങ്ങൾ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പരിശോധന നടത്തിയിരുന്നു

Author : ന്യൂസ് ഡെസ്ക്

ഗുജറാത്ത്: ഗുജറാത്തിൽ ഗംഭീരാ പാലം തകർന്ന് ആളുകൾ മരിച്ചതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തെ നൂറോളം പാലങ്ങൾ അടച്ചിട്ടു. റോഡ്സ് ആൻഡ് ബിൾഡിങ്സ് വിഭാഗം 1800ഓളം പാലങ്ങളിൽ പരിശോധന നടത്തിയതിന് പിന്നാലെയാണ് അവയിൽ 133 എണ്ണം മുൻകരുതൽ നടപടിയായി അടച്ചത്.

133 എണ്ണത്തിൽ 20 പാലങ്ങളിൽ എല്ലാ വാഹനങ്ങളും കടത്തിവിടുന്നതിൽ നിന്നും 113 പാലങ്ങളിൽ ഭാരവാഹനങ്ങൾ കടത്തി വിടുന്നതിൽ നിന്നുമാണ് നിരോധിച്ചത്. അടച്ച പാലങ്ങളിൽ 12 എണ്ണം ദേശീയപാതയിലാണ്. ബാക്കിയുള്ളവ സംസ്ഥാനപാതകളിലാണ്. സംസ്ഥാനത്തെ 1800ഓളം പാലങ്ങൾ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പരിശോധന നടത്തിയതായും അതിൽ 133 എണ്ണം മുൻകരുതൽ നടപടിയായി അടച്ചതായും മന്ത്രി റുഷികേഷ് പട്ടേൽ അറിയിച്ചു. അടച്ച പാലങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തുന്നത് തുടരുകയാണ്. ഗംഭീരയിൽ പുതിയ പാലം നിർമിക്കുന്നതിനായി 212 കോടി രൂപയുടെ ടെൻഡർ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ് ഗുജറാത്തിലെ വഡോദരയിൽ മഹിസാഗർ നദിക്ക് കുറുകെയുള്ള ഗംഭീരാ പാലം തകർന്ന് 20ലധികം പേർ മരിച്ചത്. മധ്യ ഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന പാലമാണിത്.1986 ൽ പണി കഴിഞ്ഞ 40 വർഷം പഴക്കമുള്ള പാലത്തിൻ്റെ സ്ലാബ് തകർന്ന് പുഴയിൽ പതിക്കുകയായിരുന്നു. നദിയിൽ പതിച്ച അഞ്ച് വാഹനങ്ങളിലുണ്ടായിരുന്നവരാണ് മരിച്ചത്.

പാലം തകർന്ന് ആളുകൾ മരിച്ചതിന് പിന്നാലെ സർക്കാരിനെതിരെ ജനരോക്ഷം കടുക്കുകയാണ്. തകർന്ന പാലത്തിൻ്റെ അപകടാവസ്ഥ പല തവണ അധികൃതരെ അറിയിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്നാണ് ജനങ്ങളുടെ ആരോപണം. പാലം സുരക്ഷിതമല്ലെന്നും, ജനങ്ങളുടെ ജീവന് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി പ്രാദേശിക നേതാക്കൾ റോഡ് ആൻഡ് ബിൽഡിങ്ങ് വകുപ്പിന് കത്തെഴുതിയിരുന്നു. 2022 ഓഗസ്റ്റിൽ പാലത്തിലൂടെയുള്ള വാഹനങ്ങൾക്ക് അനുമതി നിഷേധിക്കണമെന്നും പുതിയപാലം നിർമിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് വഡോദര ജില്ലാ കളക്ട്രേറ്റിൽ പ്രാദേശിക നേതാക്കൾ പലതവണ കയറിയിറങ്ങിയതിൻ്റെ തെളിവുകളും പുറത്തുവിട്ടു. എന്നാൽ ഈ ആവശ്യങ്ങൾക്കൊന്നും അന്ന് നടപടിയുണ്ടായിരുന്നില്ലെന്നാണ് ആരോപണം.

SCROLL FOR NEXT