ഗുജറാത്ത് വഡോദരയിലെ പദ്രയിൽ പാലം തകർന്ന് ഒൻപത് പേർക്ക് ദാരുണാന്ത്യം. മധ്യഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന ഗംഭിറ പാലമാണ് തകർന്നത്. പാലം തകർന്നതോടെ ആറ് വാഹനങ്ങള്‍ മഹിസാഗർ നദിയിൽ വീണു. നാല് പേരെ രക്ഷപ്പെടുത്തി. 40 വർഷം പഴക്കമുള്ള പാലമാണ് തകർന്നുവീണത്
സൂയിസൈഡ് പോയിന്‍റ് എന്ന പേരിൽ പ്രസിദ്ധമായ ഗംഭിറ പാലം ഇന്ന് രാവിലെ 7.30ഓടെയാണ് തകർന്നത്. നിരവധി വാഹനങ്ങള്‍ പാലത്തിലുള്ള സമയത്തായിരുന്നു അപകടം. 900 മീറ്റർ നീളമുള്ള പാലത്തിന് 23 തൂണുകളുണ്ട്. ഇതിൽ രണ്ട് തൂണുകള്‍ക്കിടയിലുള്ള സ്ലാബ് തകരുകയായിരുന്നു.
ആറ് വാഹനങ്ങളാണ് മഹിസാഗർ നദയിലേക്ക് വീണത്. രണ്ടു ട്രക്കുകളും രണ്ടു വാനുകളും നദയിൽ വീണെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. അഗ്നിരക്ഷാ സേനയും, പൊലീസും, നാട്ടുകാരും സംയുക്തമായതാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിന് പിന്നാലെ ആനന്ദ്, വഡോദര, ബറൂച്ച്, അൻക്ലേശ്വർ എന്നീ നഗരങ്ങളിലേക്കുള്ള ഗതാഗതം തടസപ്പെട്ടു.
സംഭവത്തിന് പിന്നാലെ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 1985ൽ നിർമിച്ച പാലത്തിന്റെ അറ്റക്കുറ്റപ്പണികള്‍ നടത്തിയിരുന്നതായി ഗുജറാത്ത് ആരോഗ്യമന്ത്രി റുഷികേഷ് പട്ടേൽ പറഞ്ഞു. 2022ൽ ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്ന് 141 പേർ മരിച്ചിരുന്നു.