ബെംഗളൂരു: കർണാടക ആർടിസി ബസിലെ 15 രൂപയുടെ ടിക്കറ്റെടുത്ത യാത്രക്കാരന് ബാക്കി തുകയായ 485 രൂപ നൽകാതെ മാസങ്ങളോളം വട്ടംകറക്കിയ ട്രാൻസ്പോർട്ട് കോർപ്പറേഷന് കനത്ത തിരിച്ചടി. കർണാടകയിലെ തുംകുരു ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് ജി.ടി. വിജയലക്ഷ്മി, അംഗങ്ങളായ നിവേദിത രവിഷ്, കുമാർ എൻ എന്നിവരടങ്ങിയ ബെഞ്ചാണ് കർണാടക ആർടിസിയുടെ സേവനത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തി 32-കാരനായ മഞ്ജുനാഥ് ആർ.ടിയുടെ അനുകൂലമായി വിധി പുറപ്പെടുവിച്ചത്.
2025 ആഗസ്റ്റ് 12-ന് ഗുളിഗെനഹള്ളിയിൽ നിന്ന് സിറയിലേക്ക് ബസിൽ യാത്ര ചെയ്ത മഞ്ജുനാഥ് 15 രൂപയുടെ ടിക്കറ്റിനായി കണ്ടക്ടർക്ക് 500 രൂപയുടെ നോട്ട് നൽകുകയായിരുന്നു. ബാക്കി നൽകാൻ കണ്ടക്ടറുടെ പക്കൽ ചില്ലറയില്ലാത്തതിനാൽ ടിക്കറ്റിന്റെ പിൻവശത്ത് ബാക്കി നൽകാനുള്ള 485 രൂപ എന്ന് രേഖപ്പെടുത്തി നൽകി. എന്നാൽ സിറ ബസ് സ്റ്റാൻഡിൽ ഇറങ്ങിയപ്പോൾ ചിത്രദുർഗ്ഗയിലേക്കുള്ള അടുത്ത ബസ് ഉടൻ കിട്ടാനുള്ള തിടുക്കത്തിൽ ടിക്കറ്റിന്റെ ബാക്കി വാങ്ങാൻ യാത്രക്കാരൻ മറന്നുപോയി.
തുടർന്ന് ആഗസ്റ്റ് 16-ന് ടിക്കറ്റ് സഹിതം ബാക്കി തുക തിരികെ ലഭിക്കാൻ മഞ്ജുനാഥ് കർണാടക ആർടിസിക്ക് ഔദ്യോഗികമായി രേഖാമൂലം അപേക്ഷ നൽകിയെങ്കിലും കോർപ്പറേഷൻ പണം നൽകാൻ തയ്യാറായില്ല.തുടർന്ന് സെപ്റ്റംബർ 10-ന് വക്കീൽ നോട്ടീസ് അയച്ചിട്ടും പണം നൽകാതിരുന്നതിനെത്തുടർന്നാണ് 14 മാസം നീണ്ട കടുത്ത നിയമപോരാട്ടത്തിന് തുടക്കമിട്ട് മഞ്ജുനാഥ് തുംകുരു ഉപഭോക്തൃ കോടതിയെ സമീപിച്ചത്. എന്നാൽ യാത്രക്കാരൻ ബസിൽ കയറിയിട്ടേയില്ലെന്നും ടിക്കറ്റ് വ്യാജമാണെന്നും അച്ചടക്ക നടപടി നേരിടുന്ന കണ്ടക്ടറെ സഹായിക്കാൻ കെട്ടിച്ചമച്ച പരാതിയാണിതെന്നുമുള്ള വിചിത്രമായ വാദങ്ങളാണ് കർണാടക ആർടിസി കോടതിയിൽ നിരത്തിയത്.
എന്നാൽ 500 രൂപ വാങ്ങിയതും 485 രൂപ ബാക്കി നൽകാനുണ്ടെന്ന് ടിക്കറ്റിന് പിന്നിൽ കുറിച്ചതും ഡെപ്പോയിൽ പണം ഏൽപ്പിച്ചതുമെല്ലാം കണ്ടക്ടർ കോടതിയിൽ തുറന്നുസമ്മതിച്ചു. കൂടാതെ കോർപ്പറേഷന്റെ ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീൻ രേഖകൾ പരിശോധിച്ച കമ്മീഷൻ ടിക്കറ്റ് യഥാർത്ഥമാണെന്ന് സ്ഥിരീകരിച്ചു. ജീവനക്കാരുടെ ആഭ്യന്തര അച്ചടക്ക നടപടികളോ കണക്കിലെ പൊരുത്തക്കേടുകളോ ചൂണ്ടിക്കാട്ടി യാത്രക്കാരന്റെ നിയമാനുസൃതമായ അവകാശങ്ങൾ നിഷേധിക്കാൻ ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾക്ക് അധികാരമില്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.
തുടർന്ന് ബാക്കി നൽകാനുള്ള 485 രൂപ ഒൻപത് ശതമാനം വാർഷിക പലിശയോടെ നൽകാനും, മാനസിക വിഷമങ്ങൾക്ക് 5,000 രൂപ നഷ്ടപരിഹാരവും, കോടതിച്ചെലവുകൾക്കായി 6,000 രൂപയും ഉൾപ്പെടെ ആകെ 11,485 രൂപ 45 ദിവസത്തിനകം യാത്രക്കാരന് നൽകാൻ കർണാടക ആർടിസിയോട് കമ്മീഷൻ കർശനമായി ഉത്തരവിട്ടു.