പിത്തോറഗഡ്: ഉത്തരാഖണ്ഡിലെ പിത്തോറഗഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷനിലെ (എൻഎച്ച്‌പിസി) 19 തൊഴിലാളികൾ ഒരു പവർഹൗസിനുള്ളിൽ കുടുങ്ങിയതായി റിപ്പോർട്ട്. മണ്ണിടിച്ചിലിനെ തുടർന്ന് ധൗലിഗംഗ പവർ പ്രൊജക്ടിൻ്റെ തുരങ്കങ്ങൾ മണ്ണിനടിയിലാണ്. നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷനിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
മണ്ണിടിച്ചിലിൽ പവർ ഹൗസിന്റെ പ്രവേശന കവാടം അടഞ്ഞതിനെ തുടർന്നാണ് തൊഴിലാളികൾ കുടുങ്ങിയത്. വലിയ പാറകളാൽ തുരങ്കത്തിന്റെ വാതിൽ അടഞ്ഞ നിലയിലാണ്. മണ്ണും പാറയുമെല്ലാം നീക്കം ചെയ്ത് തുരങ്കത്തിൽ നിന്ന തൊഴിലാളികളെ പുറത്തെടുക്കാൻ നീക്കം തുടരുകയാണ്. ജെസിബിയും മറ്റ് മെഷീനുകളും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്.
പിത്തോറഗഡ് പൊലീസ് സൂപ്രണ്ട് (എസ്പി) രേഖ യാദവ് ഉൾപ്പെടെയുള്ള പ്രമുഖർ സ്ഥലത്തെത്തിയിട്ടുണ്ട്. തുരങ്കത്തിൽ നിന്നും പുറത്തേക്കുള്ള വഴിയിലെ തടസങ്ങൾ നീക്കി വരികയാണെന്നും, പരമാവധി വേഗം തന്നെ തൊഴിലാളികളെ പുറത്തെത്തിക്കാനാകുമെന്നും ധാർച്ചുല ഡെപ്യൂട്ടി ജില്ലാ മജിസ്‌ട്രേറ്റ് ജിതേന്ദ്ര വർമ്മ പറഞ്ഞു.