കൊൽക്കത്ത: ഇരുപത് വർഷം മുമ്പ് ടാറ്റാ മോട്ടോഴ്സിന്റെ സ്വപ്ന പദ്ധതിയായ 'നാനോ' കാർ നിർമ്മാണശാലയ്ക്ക് വഴിമുടക്കിയ പശ്ചിമ ബംഗാളിലെ സിംഗൂരിലുള്ള അതേ 997 ഏക്കർ ഭൂമിയിൽ പ്രമുഖ വാണിജ്യ വാഹന നിർമ്മാതാക്കളായ അശോക് ലെയ്ലൻഡിനെ എത്തിക്കാൻ ബി.ജെ.പി സർക്കാർ നീക്കം തുടങ്ങി. നവംബർ 21 ന് കേന്ദ്രമന്ത്രി സുകാന്ത മജുംദാർ സിംഗൂരിൽ അശോക് ലെയ്ലൻഡിന്റെ ട്രക്ക് നിർമ്മാണ പ്ലാന്റ് വരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ, സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ സിംഗൂരിൽ 997 ഏക്കർ ഭൂമി ഏറ്റെടുക്കുകയാണെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരിയും വ്യക്തമാക്കി.
മുൻ സിപിഎം മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ വ്യവസായവൽക്കരണ സ്വപ്നങ്ങൾ തകർന്നടിഞ്ഞ അതേ മണ്ണിലാണ, ഇന്ന് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ ബംഗാളിന്റെ വ്യവസായ പ്രതിച്ഛായ തിരിച്ചുപിടിക്കാൻ ഒരുങ്ങുന്നത്. എന്നാൽ അശോക് ലെയ്ലൻഡും ചില കെമിക്കൽ കമ്പനികളും സിംഗൂരിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും കാര്യങ്ങൾ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നും സംസ്ഥാന ധനമന്ത്രി സ്വപൻ ദാസ്ഗുപ്ത ബുധനാഴ്ച വ്യക്തമാക്കി. അശോക് ലെയ്ലൻഡിന്റെ ഭാഗത്തുനിന്ന് വിശദമായ നിക്ഷേപ പദ്ധതിയും ഇതുവരെ സമർപ്പിച്ചിട്ടില്ല.
വ്യവസായ സൗഹൃദമല്ലാത്ത സംസ്ഥാനമെന്ന പഴയ പേര് മാറ്റിയെടുക്കാനുള്ള രാഷ്ട്രീയവും പ്രതീകാത്മകവുമായ വലിയൊരു നീക്കമായാണ് സിംഗൂരിനെ ബി.ജെ.പി കാണുന്നത്. 2006 മെയ് 18-ന് ബുദ്ധദേവ് ഭട്ടാചാര്യ മൂന്നാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അതേ ദിവസമായിരുന്നു സിംഗൂരിലെ 997 ഏക്കറിൽ നാനോ കാർ പ്ലാന്റ് സ്ഥാപിക്കുമെന്ന് രത്തൻ ടാറ്റ പ്രഖ്യാപിച്ചത്. സി.പി.എമ്മിന്റെ പരമ്പരാഗത നയങ്ങളിൽ നിന്ന് വ്യതിചലിച്ച് സ്വകാര്യ നിക്ഷേപം കൊണ്ടുവരാൻ ബുദ്ധദേവ് നടത്തിയ ശ്രമം പക്ഷേ ഭൂമി ഏറ്റെടുക്കലിനെതിരായ കർഷക പ്രക്ഷോഭത്തിൽ തകർന്നു. മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് നടത്തിയ ശക്തമായ സമരത്തിനും 26 ദിവസത്തെ നിരാഹാര സമരത്തിനും ഒടുവിൽ 2008 ഒക്ടോബർ 3-ന് ടാറ്റാ മോട്ടോഴ്സ് സിംഗൂരിൽ നിന്ന് പിന്മാറി ഗുജറാത്തിലെ സാനന്ദിലേക്ക് പോവുകയായിരുന്നു.
ഇത് ബംഗാളിന്റെ വ്യവസായ മോഹങ്ങൾക്ക് കനത്ത തിരിച്ചടിയാവുകയും 2011-ൽ 34 വർഷത്തെ ഇടതുമുന്നണി ഭരണത്തിന് അന്ത്യം കുറിക്കാൻ കാരണമാവുകയും ചെയ്തു. തുടർന്ന് 15 വർഷം ഭരിച്ച തൃണമൂൽ കോൺഗ്രസിനും സംസ്ഥാനത്തേക്ക് വലിയ വ്യവസായങ്ങൾ കൊണ്ടുവരാനായില്ലെന്നാണ് വിമർശനം. അന്ന് തൃണമൂൽ കോൺഗ്രസിലായിരുന്ന സുവേന്ദു അധികാരി, നന്ദിഗ്രാമിലെ കെമിക്കൽ ഹബ്ബിനെതിരായ ഭൂമി ഏറ്റെടുക്കൽ വിരുദ്ധ സമരത്തിലൂടെയായിരുന്നു രാഷ്ട്രീയത്തിൽ ശ്രദ്ധേയനായതെന്നത് മറ്റൊരു കൗതുകമാണ്.
ഇന്ന് അതേ സുവേന്ദു അധികാരി മുഖ്യമന്ത്രിയായിരിക്കുമ്പോൾ 2006-ൽ ഇടതുമുന്നണിക്ക് നേരിട്ട തിരിച്ചടികൾ ഒഴിവാക്കി സിംഗൂരിലെ ഭൂമി ഏറ്റെടുക്കൽ തർക്കങ്ങളില്ലാതെ പൂർത്തിയാക്കുക എന്നതാണ് സർക്കാരിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. കൃഷിക്ക് അനുയോജ്യമല്ലാതായ ആ 997 ഏക്കറിൽ തന്നെ അശോക് ലെയ്ലൻഡിന്റെ ട്രക്ക് ഫാക്ടറി യാഥാർത്ഥ്യമാക്കാൻ സാധിച്ചാൽ അത് പശ്ചിമ ബംഗാളിന്റെ വ്യവസായ ഭാവിയിൽ വലിയ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ന് അതേ സുവേന്ദു അധികാരി മുഖ്യമന്ത്രിയായിരിക്കുമ്പോൾ 2006-ൽ ഇടതുമുന്നണിക്ക് നേരിട്ട തിരിച്ചടികൾ ഒഴിവാക്കി സിംഗൂരിലെ ഭൂമി ഏറ്റെടുക്കൽ തർക്കങ്ങളില്ലാതെ പൂർത്തിയാക്കുക എന്നതാണ് സർക്കാരിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. കൃഷിക്ക് അനുയോജ്യമല്ലാതായ ആ 997 ഏക്കറിൽ തന്നെ അശോക് ലെയ്ലൻഡിന്റെ ട്രക്ക് ഫാക്ടറി യാഥാർത്ഥ്യമാക്കാൻ സാധിച്ചാൽ അത് പശ്ചിമ ബംഗാളിന്റെ വ്യവസായ ഭാവിയിൽ വലിയ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.