ഓപ്പറേഷൻ സിന്ധു Source: x/ Randhir Jaiswal
NATIONAL

ഓപ്പറേഷൻ സിന്ധു: ഇറാനിൽ നിന്നുള്ള രണ്ടാം സംഘം ഡൽഹിയിലെത്തി, ഇനി തിരികെയെത്താനുള്ളത് 1000ത്തോളം പേർ

ഇസ്രയേലും ഇറാനും തമ്മിൽ ദിവസങ്ങളോളം നീണ്ടുനിന്ന സംഘർഷങ്ങൾക്കൊടുവിലാണ് കേന്ദ്രസർക്കാർ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.

Author : ന്യൂസ് ഡെസ്ക്

ഇസ്രയേൽ-ഇറാൻ സംഘർഷത്തിൻ്റെ ഭാഗമായി ഇന്ത്യ നടപ്പിലാക്കുന്ന ഓപ്പറേഷൻ സിന്ധുവിലൂടെ ഇറാനിൽ നിന്നുള്ള രണ്ടാം സംഘം ഡൽഹിയിലെത്തി. ഇന്നും നാളെയുമായി ആയിരത്തോളം പേരെ തിരിച്ചെത്തിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. രണ്ടാം സംഘത്തിൽ 290 പേരാണ് തിരിച്ചെത്തിയത്. സംഘർഷത്തിനിടയിലും, ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ സഹകരിച്ചതിന് ഇന്ത്യ ഇറാനോട് നന്ദി പ്രകടിപ്പിച്ചുവെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.

"സമയോചിതമായ ഇടപെടലിനും പിന്തുണയ്ക്കും കേന്ദ്രസർക്കാരിനും വിദേശകാര്യ മന്ത്രാലയത്തിനും, ബന്ധപ്പെട്ട എല്ലാ അധികാരികൾക്കും ഹൃദയംഗമമായ നന്ദി. അവരുടെ തിരിച്ചുവരവിനായി ആകാംക്ഷയോടെ കാത്തിരുന്ന കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണിത്",ജമ്മു കശ്മീർ സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രസ്താവനയെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.

ഇന്ത്യയുടെ ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി ഇറാൻ വ്യോമാതിർത്തി തുറന്നുകൊടുത്തിരുന്നു. നേരത്തെ തെഹ്‌റാനിൽ നിന്ന് വിദ്യാർഥികളെ മഷ്ഹാദിലേക്ക് മാറ്റിയിരുന്നു.ഇറാനിയൻ എയർലൈൻ നടത്തുന്ന വിമാന സർവീസുകൾ ഇന്ത്യൻ അധികാരികൾ ഏകോപിപ്പിച്ചിരുന്നു. ഇസ്രയേലും ഇറാനും തമ്മിൽ ദിവസങ്ങളോളം നീണ്ടുനിന്ന സംഘർഷങ്ങൾക്ക്ടു ഒടുവിലാണ് കേന്ദ്രസർക്കാർ ഈ തീരുമാനം കൈക്കൊണ്ടത്.

"ഇപ്പോൾ എന്താണ് തോന്നുന്നതെന്ന് എനിക്ക് പ്രകടിപ്പിക്കാൻ കഴിയില്ല. എൻ്റെ കുടുംബം വളരെ ആശങ്കാകുലരായിരുന്നു. ഇറാനിൽ ഞങ്ങൾ സുരക്ഷിതരായിരുന്നു. ഞങ്ങളെ 5 സ്റ്റാർ ഹോട്ടലിലാണ് താമസിപ്പിച്ചത്. ഞങ്ങൾക്ക് അവിടെ ഒരു ബുദ്ധിമുട്ടും നേരിടേണ്ടി വന്നില്ല. ഇന്ത്യയിലെത്തിയതിൽ പിന്നെകൂടുതൽ സമാധാനം തോന്നുന്നു. കേന്ദ്രസർക്കാരിന് വളരെ നന്ദി", ഇറാനിൽ നിന്നെത്തിയ ഏലിയ ബടൂളിൻ്റെ വാക്കുകളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

" സുരക്ഷിതരായി നാട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഇറാനിലെ സ്ഥിതി അത്ര നല്ലതല്ലെന്ന് നമുക്കെല്ലാവർക്കും അറിയാം.ഇന്ത്യൻ എംബസിയും ഞങ്ങളുടെ അംബാസഡറും ഒഴിപ്പിക്കൽ പ്രക്രിയ വളരെ സുഗമവും സുരക്ഷിതവുമായി നടത്തി", എന്ന് മറ്റൊരാളായ മൗലാന മുഹമ്മദ് സയീദ് പറഞ്ഞുവെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ഇറാനിൽ നിന്നും കൂടുതൽ വിമാനങ്ങളിൽ ഇന്ത്യക്കാരെ തിരികെയെത്തിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. അഷ്‌ഗാബത്തിൽ നിന്ന് പുലർച്ചെ 3 മണിക്ക് ഷെഡ്യൂൾ ചെയ്തിരിക്കുന്ന വിമാനത്തിൽ 100ത്തോളം വിദ്യാർഥികളെ തിരികെയെത്തിക്കും.

SCROLL FOR NEXT