NATIONAL

രണ്ട് പതിറ്റാണ്ട് മുമ്പ് ജമ്മു കശ്മീരിൽ നിന്ന് കടന്ന 30 പേർ പാകിസ്ഥാനിൽ; ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതായി പൊലീസ്

അന്വേഷണത്തിന്റെ ഭാഗമായി അഞ്ച് പേരുടെ ഭൂമിയും സ്വത്തുക്കളും പൊലീസ് കണ്ടുകെട്ടിയിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

ജമ്മു: രണ്ട് പതിറ്റാണ്ട് മുമ്പ് ജമ്മു കശ്മീരിലെ ഗ്രാമങ്ങളിൽ നിന്ന് അപ്രത്യക്ഷരായ 30 പേർ പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമായി കഴിയുന്നതായും അവിടെനിന്ന് ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതായും ജമ്മു കശ്മീർ പൊലീസ്. ഹിസ്ബുൾ മുജാഹിദീൻ ഭീകരസംഘടനയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഇവർ ആയുധങ്ങളും പണവും എത്തിക്കുന്നതിനൊപ്പം യുവാക്കളെ ഭീകരപ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാനും ശ്രമിക്കുന്നതായാണ് അന്വേഷണ റിപ്പോർട്ട്.

രജൗരിക്ക് സമീപമുള്ള റിയാസി ജില്ലയിലെ മഹോർ, ചസാന മേഖലകളിൽ നിന്ന് 1991നും 2003നും ഇടയിലാണ് ഇവർ കാണാതായത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇവർ പാകിസ്ഥാനിലേക്ക് കടന്ന് ആയുധ പരിശീലനം നേടിയതായുള്ള വിവരങ്ങൾ പുറത്തുവന്നത്. ജമ്മു മേഖലയിൽ ഭീകരവാദം വീണ്ടും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് ഇവരെന്നും റിപ്പോർട്ടുകൾ പറയുന്നു.

ആയുധങ്ങളും വെടിക്കോപ്പുകളും പണവും എത്തിക്കുക, യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കുക, ഭീകരപ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇവർ ചെയ്തു വരുന്നത്. ഭീകരപ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ റിയാസി ജില്ലയിലെ സ്വന്തം ഭൂമി വിൽക്കാനും ഇവർ ശ്രമം നടത്തിയതായാണ് വിവരം.

അന്വേഷണത്തിന്റെ ഭാഗമായി അഞ്ച് പേരുടെ ഭൂമിയും സ്വത്തുക്കളും പൊലീസ് കണ്ടുകെട്ടിയിട്ടുണ്ട്. ആകെ 27 കനാലിലധികം ഭൂമിയാണ് ഇത്തരത്തിൽ പിടിച്ചെടുത്തിട്ടുള്ളത്. ഭീകരരുടെ പേരിലുള്ള ഭൂമി വിൽക്കാൻ സഹായിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പാകിസ്ഥാനിൽ നിന്നും ഭീകര പ്രവർത്തനം നടത്തുന്നവരുടെ സാമ്പത്തിക ശൃംഖല തകർക്കുന്നതിനാണ് പൊലീസ് ഇപ്പോൾ കൂടുതൽ പ്രാധാന്യം നൽകുന്നത്. ആയുധങ്ങളുടെയും പണത്തിന്റെയും ഒഴുക്ക് തടയുന്നതിനൊപ്പം ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകുന്നവരെയും കണ്ടെത്തുകയാണ് ലക്ഷ്യം.

SCROLL FOR NEXT