50 Village Streetlights Removed Hours After BJP Nominee Loses Rajasthan Panchayat Poll News Malayalam
NATIONAL

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി തോറ്റു; മണിക്കൂറുകൾക്കുള്ളിൽ ഗ്രാമത്തിൽ സ്ഥാപിച്ച 50 തെരുവ് വിളക്കുകള്‍ അഴിച്ചുമാറ്റി സ്ഥാനാർത്ഥിയും സംഘവും

നിവായ് ബിജെപി എം.എൽ.എ രാംസഹായ് വർമ്മയുടെ പേഴ്സണൽ അസിസ്റ്റന്റായ അലോക് ശർമ്മയുടെ ഭാര്യയാണ് പ്രിയങ്ക ശർമ്മ.

Author : ന്യൂസ് ഡെസ്ക്

ജയ്പൂർ: പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ ഗ്രാമത്തിൽ സ്ഥാപിച്ച അമ്പതോളം തെരുവുവിളക്കുകൾ മണിക്കൂറുകൾക്കുള്ളിൽ അഴിച്ചുമാറ്റി. രാജസ്ഥാനിലെ ടോങ്ക് ജില്ലയിലുള്ള പിപ്ലു പഞ്ചായത്ത് സമിതിയിലെ രണ്ടാം വാർഡിലാണ് നാട്ടുകാരെ അമ്പരപ്പിച്ച സംഭവമുണ്ടായത്. ബിജെപി സ്ഥാനാർത്ഥി പ്രിയങ്ക ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥി ധന്നാ ലാലിനോട് 751 വോട്ടുകൾക്ക് പരാജയപ്പെട്ടതിന് പിന്നാലെ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ദീപാവലിക്ക് മുന്നോടിയായി സ്ഥാപിച്ചിരുന്ന വിളക്കുകൾ നീക്കം ചെയ്തത്. ഇത് നീക്കം ചെയ്യുന്ന ദൃശ്യങ്ങള്‍ വൈറലാണ്.

നിവായ് ബിജെപി എം.എൽ.എ രാംസഹായ് വർമ്മയുടെ പേഴ്സണൽ അസിസ്റ്റന്റായ അലോക് ശർമ്മയുടെ ഭാര്യയാണ് പ്രിയങ്ക ശർമ്മ. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ദീപാവലിക്ക് മുന്നോടിയായിട്ടാണ് ഗ്രാമത്തിലെ ഇരുണ്ട വഴികളിലും ഊടുവഴികളിലും ഈ വിളക്കുകൾ സ്ഥാപിച്ചത്. അക്കാലത്ത് ഗ്രാമവാസികൾക്ക് വെളിച്ചം ലഭിച്ചിരുന്നെങ്കിലും, ഫലം വന്നയുടൻ വാഹനവുമായെത്തിയ സംഘം വിളക്കുകൾ അഴിച്ചുകൊണ്ടുപോവുകയായിരുന്നു. വോട്ടർമാരെ സ്വാധീനിക്കാനാണ് വിളക്കുകൾ സ്ഥാപിച്ചതെന്നും തോറ്റതോടെ അവ തിരികെയെടുത്തതാണെന്നും വാർഡ് പഞ്ച് കജോദ് പ്രജാപത് ആരോപിച്ചു.

ജനങ്ങൾക്ക് ഇരുട്ടിൽ നിന്ന് താൽക്കാലിക ആശ്വാസം ലഭിച്ചെങ്കിലും "നാല് ദിവസത്തെ നിലാവ്, പിന്നെ വീണ്ടും കൂരിരുട്ട്" (ചാർ ദിൻ കി ചാന്ദ്നി, ഫിർ അന്ധേരി രാത് ഹേ) എന്ന ചൊല്ല് പോലെയാണ് കാര്യങ്ങളുണ്ടായതെന്നും അദ്ദേഹം പരിഹസിച്ചു. എന്നാൽ വിഷയത്തെ ലഘൂകരിച്ച ബി.ജെ.പി എം.എൽ.എ രാംസഹായ് വർമ്മ രംഗത്ത് എത്തി ഈ വിളക്കുകളുടെ വൈദ്യുതി ബില്ല് ആര് അടയ്ക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചത്. തിരഞ്ഞെടുപ്പിന് മുമ്പ് ഗ്രാമവാസികൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സ്ഥാനാർത്ഥികൾ വിളക്കുകൾ സ്ഥാപിച്ചതെന്നും, ബി.ജെ.പി സർപഞ്ച് തിരഞ്ഞെടുക്കപ്പെടുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ കോൺഗ്രസ് സർപഞ്ച് ജയിച്ച സാഹചര്യത്തിലാണ് വിളക്കുകൾ നീക്കം ചെയ്തതെന്നും, തന്നെ അപകീർത്തിപ്പെടുത്താനായി നാട്ടുകാർ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്നും എം.എൽ.എ ആരോപിച്ചു.

വെള്ളിയാഴ്ച വൈകുന്നേരം വൈദ്യുതി വകുപ്പിൽ നിന്നുള്ള സംഘം വാഹനവുമായി എത്തിയാണ് വിളക്കുകൾ അഴിച്ചുമാറ്റിയതെന്ന് ഗ്രാമവാസികൾ പറഞ്ഞു. നാട്ടുകാർ എതിർത്തപ്പോൾ ഇവ അനധികൃതമായി സ്ഥാപിച്ച വിളക്കുകളാണെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി.

എന്നാൽ വിളക്കുകൾ സ്ഥാപിച്ച സമയത്ത് നടപടിയെടുക്കാതിരുന്ന വകുപ്പ്, തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ആരുടെ നിർദ്ദേശപ്രകാരമാണ് ഇവ നീക്കം ചെയ്തതെന്ന ചോദ്യമാണ് ഗ്രാമവാസികൾ ഉയർത്തുന്നത്. അനധികൃതമായി സ്ഥാപിച്ച വിളക്കുകൾ നീക്കം ചെയ്യാൻ വകുപ്പ് വാഹനം അയക്കുമെന്ന് പിപ്ലു വൈദ്യുതി കോർപ്പറേഷൻ അസിസ്റ്റന്റ് എഞ്ചിനീയർ ഗോവർദ്ധൻ ചൗധരിയും വ്യക്തമാക്കി.

SCROLL FOR NEXT