തിരുവനന്തപുരം: തൃശൂരില്‍ വ്യാപകമായി കള്ളവോട്ട് ചേർത്തതത് വസ്തുതയെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. പാർട്ടി ഫണ്ട് അടിച്ച് മാറ്റാനും കള്ളവോട്ട് ചെയ്യാനും വൃത്തിക്ക് അറിയാത്തവരാണ് തൃശൂരിലെ ബിജെപി ഓഫീസിലിരുന്നവർ. മഞ്ചേശ്വരത്ത് 15,000 കള്ളവോട്ട് ചേർത്തുവെന്ന് പറഞ്ഞ കെ. സുരേന്ദ്രൻ തൂങ്ങി ചത്തില്ലെന്നും സന്ദീപ് വാര്യർ പരിഹസിച്ചു.
ശോഭാ സുരേന്ദ്രൻ എവിടെയും ജയിക്കരുതെന്ന് നിർബന്ധം ഉള്ളതുകൊണ്ടാണ് അടുത്ത തെരഞ്ഞെടുപ്പിൽ തൃശൂരിൽ നിർത്തുമെന്ന് സുരേന്ദ്രൻ പറഞ്ഞതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായിരുന്നപ്പോൾ ജയിക്കാനാവുമായിരുന്ന ഒരു സീറ്റും ശോഭക്ക് കൊടുത്തിരുന്നില്ല. പോയിടത്ത് എല്ലാം ശോഭാ സുരേന്ദ്രനെതിരെ പരാതി നൽകിയിരുന്നു. കേരളം മുഴുവൻ പറന്ന് നടന്ന് മത്സരിക്കുന്ന സുരേന്ദ്രൻ ചങ്കൂറ്റമുണ്ടെങ്കിൽ തൃശൂരിൽ വന്ന് മത്സരിക്കാൻ വെല്ലുവിളിക്കുന്നതായും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.
സുരേഷ് ഗോപിയുമായി നാഭിനാള ബന്ധമുള്ള തൃശൂർ മേയർക്ക് പല മോഹങ്ങളുമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ എവിടെ മത്സരിക്കണെന്ന ആലോചനയോടെയാണ് എം.കെ. വർഗീസ് ഇരിക്കുന്നത്. കോൺഗ്രസിൽ നിന്ന് പോയ പത്മജാ വേണുഗോപാൽ ഒരു പണിയുമില്ലാതെയാണ് അപ്പുറത്ത് ഇരിക്കുന്നത്. രാഷ്ട്രീയ സദാചാരത്തെ കുറിച്ചും പാർട്ടി മാറ്റത്തെ കുറിച്ചും തനിക്ക് ക്ലാസെടുക്കാൻ പത്മജക്കാവില്ലെന്നും ബിജെപിയിലേക്ക് പോയവർ പത്മജയെ പോലെ തേരാപ്പാര അലയുകയാണന്നും സന്ദീപ് വാര്യർ പറഞ്ഞു.
അതേസമയം, സുരേഷ് ഗോപിയുടെ വീട്ടിലെ പട്ടിയും പൂച്ചയും വരെ തൃശൂർ വോട്ടർ പട്ടികയിലുണ്ടെന്ന പരിഹാവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനും രംഗത്തെത്തി. വോട്ട് ക്രമക്കേട് ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും 'മൗനി ബാബകളാണെന്നും മുരളീധരന്‍ ആരോപിച്ചു.