രക്ഷാ പ്രവർത്തനത്തിൻ്റെ ദൃശ്യങ്ങൾ Source: X
NATIONAL

മഹാരാഷ്ട്രയിൽ കാർ 600 അടി താഴ്ചയിലേക്ക് മറിഞ്ഞ് 6 പേർക്ക് ദാരുണാന്ത്യം

നിഫാദ് താലൂക്കിലെ പിമ്പാൽഗാവ് ബസ്വന്തിൽ നിന്നുള്ളവരാണ് മരിച്ച ആറു പേരും

Author : ന്യൂസ് ഡെസ്ക്

മഹാരാഷ്ട്ര: നാസിക്കിലെ കൽവാൻ താലൂക്കിലെ സപ്തശ്രിംഗ് ഗർ ഘട്ടിൽ കാർ 600 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേർ മരിച്ചു. ഞായറാഴ്ച വൈകുന്നേരം 4 മണിക്കാണ് സംഭവം നടന്നത്. നിഫാദ് താലൂക്കിലെ പിമ്പാൽഗാവ് ബസ്വന്തിൽ നിന്നുള്ളവരാണ് മരിച്ച ആറു പേരും.

ആറു പേരും സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. ഏഴ് യാത്രക്കാരുണ്ടായിരുന്ന ടൊയോട്ട ഇന്നോവ വാഹനത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചു. കീർത്തി പട്ടേൽ (50), രസീല പട്ടേൽ (50), വിത്തൽ പട്ടേൽ (65), ലത പട്ടേൽ (60), വചൻ പട്ടേൽ (60), മണിബെൻ പട്ടേൽ (70) എന്നിവരാണ് മരിച്ചത്.

പൊലീസിനേയും ജില്ലാ ദുരന്ത നിവാരണ സമിതിയിൽ നിന്നുള്ള ഉദ്യോഗസ്ഥരെയും വിന്യസിച്ചുകൊണ്ട് രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് റസിഡൻ്റ് ഡെപ്യൂട്ടി കളക്ടറും ജില്ലാ ദുരന്ത അതോറിറ്റി സിഇഒയുമായ രോഹിത്കുമാർ രജ്പുത് വ്യക്തമാക്കി.

മരണങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നുവെന്നും അദ്ദേഹം ആശംസിച്ചു. സംഭവത്തെ അങ്ങേയറ്റം ദാരുണമെന്ന് വിശേഷിപ്പിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാരിൽ നിന്ന് 5 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നും വ്യക്തമാക്കി.

SCROLL FOR NEXT