തിങ്കളാഴ്ചയായിരുന്നു വിവാഹം  
NATIONAL

വീടും കുട്ടികളേയും നോക്കാമെന്ന് ഉറപ്പ് നൽകിയയാൾ കല്യാണപ്പിറ്റേന്ന് മരിച്ചു; 35 കാരിയെ വിവാഹം ചെയ്ത 75 കാരന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

വാർധക്യത്തിലെ ഒറ്റപ്പെടൽ മാറ്റാനാണ് യുവതിയെ വിവാഹം ചെയ്തത്

Author : ന്യൂസ് ഡെസ്ക്

ജൗന്‍പൂര്‍: വാര്‍ധക്യത്തിലെ ഒറ്റപ്പെടല്‍ മാറാന്‍ വിവാഹം ചെയ്ത എഴുപ്പത്തിയഞ്ചുകാരന്‍ വിവാഹ പിറ്റേന്ന് മരിച്ചു. ഉത്തര്‍പ്രദേശിലെ ജൗന്‍പൂര്‍ ജില്ലയിലുള്ള കുച്ച്മുച്ച് ഗ്രാമത്തിലുള്ള സംഗ്രുറാം എന്നയാളാണ് മരിച്ചത്. തന്നേക്കാള്‍ പകുതി പ്രായമുള്ള യുവതിയെയാണ് സംഗ്രുറാം വിവാഹം ചെയ്തത്.

ഒരു വര്‍ഷം മുമ്പാണ് സംഗ്രുറാമിന്റെ ഭാര്യ മരിച്ചത്. ഇവര്‍ക്ക് മക്കളുമുണ്ടായിരുന്നില്ല. ഭാര്യയുടെ മരണശേഷം ഒറ്റയ്ക്കായിരുന്ന സംഗ്രുറാം ഒറ്റപ്പെടല്‍ മാറാന്‍ വീണ്ടും വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍, സംഗ്രുറാമിന്റെ ബന്ധുക്കള്‍ പുനര്‍വിവാഹത്തെ എതിര്‍ത്തിരുന്നു.

എന്നാല്‍, സെപ്റ്റംബര്‍ 29 ന് 35 വയസുള്ള മന്‍ഭവതി എന്ന സ്ത്രീയെ സംഗ്രുറാം വിവാഹം ചെയ്തു. നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്ത് ക്ഷേത്രത്തില്‍ വെച്ച് ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

വീട്ടുകാര്യങ്ങള്‍ നോക്കുമെന്നും 'കുട്ടികളെ പരിപാലിക്കുമെന്നും' ഭര്‍ത്താവ് വിവാഹം ശേഷം ഉറപ്പു നല്‍കിയിരുന്നതായി മന്‍ഭവതി പറഞ്ഞു. വിവാഹ രാത്രിയില്‍ ഏറെ നേരം സംസാരിച്ചിരുന്നതായും യുവതി പറഞ്ഞു. എന്നാല്‍, രാവിലെ ആരോഗ്യനില വഷളായ സംഗ്രുറാമിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

സംഗ്രുറാമിന്റെ പെട്ടെന്നുള്ള മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. സംസ്‌കാര ചടങ്ങുകള്‍ ബന്ധുക്കള്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. ഡല്‍ഹിയിലുള്ള അനന്തരവന്‍ അടക്കം എത്തിയതിനു ശേഷമേ സംസ്‌കാര ചടങ്ങുകള്‍ നടത്താവൂ എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

SCROLL FOR NEXT