NATIONAL

പുതുവത്സരസമ്മാനം; 8-ാം ശമ്പള കമ്മീഷൻ ജനുവരി 1 മുതൽ പ്രാബല്യത്തിലെന്ന് റിപ്പോർട്ട്

നിലവിലെ സിപിസിയായ ഏഴാം ശമ്പള കമ്മീഷൻ്റെ സാധുത ഡിസംബർ 31ന് അവസാനിച്ച പശ്ചാത്തലത്തിലാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

Author : പ്രിയ പ്രകാശന്‍

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച എട്ടാം ശമ്പള കമ്മീഷൻ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നേക്കുമെന്ന് റിപ്പോർട്ട്. എട്ടാം ശമ്പള കമ്മീഷൻ നിലവിൽ വരുന്നതോടെ സർവീസിലുള്ളവരുടെയും വിരമിച്ചവരുമായ കേന്ദ്ര സർക്കാർ ജീവനക്കാരുടെ പെൻഷനുകൾ, അലവൻസുകൾ, ശമ്പളം എന്നിവയിൽ മാറ്റമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ശമ്പള വർധനയ്‌ക്കൊപ്പം, പണപ്പെരുപ്പത്തെ അടിസ്ഥാനമാക്കി കമ്മീഷൻ ഡിയർനെസ് അലവൻസ് ക്രമീകരിക്കും. 2025 ഒക്ടോബറിൽ പുറത്തിറക്കിയ വിജ്ഞാപനത്തിൽ, ശമ്പള കമ്മീഷൻ്റെ ശുപാർശകൾ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്നായിരുന്നു കേന്ദ്ര മന്ത്രിസഭ നിർദേശിച്ചത്.

നിലവിലെ സിപിസിയായ ഏഴാം ശമ്പള കമ്മീഷൻ്റെ സാധുത ഡിസംബർ 31-ന് അവസാനിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു ജനുവരി 1ന് 8-ാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. പുതിയ ശമ്പള കമ്മീഷൻ നടപ്പിലാക്കിയ ശേഷം, എല്ലാ ജീവനക്കാരുടെയും പെൻഷൻകാരുടെയും അടിസ്ഥാന ശമ്പളം ഗണ്യമായി വർധിക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്.

"പ്രതിമാസം മിനിമം വേതനം 18,000 രൂപയിൽ നിന്ന് 50,000 രൂപയായി ഉയരുമെന്നും പരിഷ്കരണം പൊതുമേഖലാ വേതനത്തിൽ ഗണ്യമായ പുരോഗതിയെ അടയാളപ്പെടുത്തുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

SCROLL FOR NEXT