മുബൈ: 2008 നവംബർ 26ന് മുംബൈ ഭീകരാക്രമണത്തിനിടെ കാമ ആശുപത്രിയിലേക്ക് ഭീകരർ ഇരച്ചുകയറി വെടിയുതിർത്തപ്പോൾ, നഴ്സ് അഞ്ജലി കുൽത്തെയ്ക്ക് മുന്നിലുണ്ടായിരുന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. ആശുപത്രിയിൽ വെടിയൊച്ചകൾ മുഴങ്ങുമ്പോൾ തന്റെ സംരക്ഷണയിലുണ്ടായിരുന്ന 20 ഗർഭിണികളെ സുരക്ഷിതരാക്കുക എന്നതായിരുന്നു അത്.
നവംബർ 26ന് രാത്രി പ്രസവ വാർഡിൽ ഡ്യൂട്ടിയിലായിരുന്നു അഞ്ജലി. ഛത്രപതി ശിവാജി ടെർമിനസിൽ ആക്രമണം നടത്തിയ ഭീകരർ ആശുപത്രിക്ക് നേരെ വരുന്നുണ്ടെന്ന വിവരം ജീവനക്കാർക്ക് ലഭിച്ചു. തൊട്ടുപിന്നാലെ കെട്ടിടത്തിന് പിന്നിൽ നിന്ന് വെടിയൊച്ചകൾ കേട്ടു. ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരെ വെടിവെച്ച ശേഷം ആയുധധാരികളായ ഭീകരർ ആശുപത്രി വളപ്പിലേക്ക് പ്രവേശിക്കുന്നതാണ് അവർ കണ്ടത്.
അപകടം തിരിച്ചറിഞ്ഞ അഞ്ജലി തൻ്റെ സംരക്ഷണയിലുള്ള 20 ഗർഭിണികളെയും വാർഡിനുള്ളിലെ ചെറിയ പാൻട്രി മുറിയിലേക്ക് അവരെ മാറ്റി. മുറിയുടെ വാതിലടച്ച് ലൈറ്റ് അണച്ച ശേഷം എല്ലാവരോടും മൊബൈൽ ഫോൺ സയലൻ്റ് മോഡിലാക്കാൻ നിർദേശിച്ചു. അക്രമണം തുടർന്ന സമയമത്രയും അവർ അവിടെ ഒളിച്ചിരുന്നു. എന്നാൽ, രക്തസമ്മർദമുള്ളതും ഗുരുതരാവസ്ഥയിലുള്ളതുമായ ഒരു ഗർഭിണിക്ക് പ്രസവ വേദന അനുഭവപ്പെട്ടതോടെ സാഹചര്യം കൂടുതൽ വഷളായി. തുടർച്ചയായ വെടിവെയ്പ്പ് കാരണം ഡോക്ടർമാർക്ക് വാർഡിലെത്താൻ കഴിയാത്ത അവസ്ഥയായിരുന്നു. ഒടുവിൽ അഞ്ജലി തന്നെ ആ രോഗിയെ ലേബർ റൂമിലേക്ക് കൊണ്ടുപോയി.
ആ സ്ത്രീ സുരക്ഷിതമായി ഒരു കുഞ്ഞിന് ജന്മം നൽകി. അക്രമണ സാഹചര്യത്തിൽ ജനിച്ചതിനാൽ ആ കുട്ടിക്ക് ബുള്ളറ്റ് എന്ന് അർത്ഥം വരുന്നതരത്തിൽ 'ഗോലി'എന്ന് പേരിട്ടതായും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അഞ്ജലി പറഞ്ഞു. കാമ ആശുപത്രിയിൽ മണിക്കൂറുകളോളം നീണ്ടു നിന്ന അക്രമണത്തിൽ അഞ്ജലിയും അവരുടെ സംരക്ഷണത്തിൽ ഉണ്ടായിരുന്ന ഗർഭിണിമാരും അത്ഭുതകരമായി രക്ഷപ്പെട്ടു. എന്നാൽ, സെക്യൂരിറ്റി ഉൾപ്പടെ ആശുപത്രിയിലെ മറ്റ് പല ജീവനക്കാരും കൊല്ലപ്പെട്ടിരുന്നു. മുബൈ ഭീകരാക്രമണത്തിൽ ആകെ 166 പേരാണ് മരണപ്പെട്ടത്.
ആക്രമണത്തിന് വർഷങ്ങൾക്ക് ശേഷം, 2022 ഡിസംബറിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ കുൽത്തെ തന്റെ അനുഭവം പങ്കുവെച്ചു. ഉപരോധത്തിനിടെ തന്റെ സംരക്ഷണയിലുണ്ടായിരുന്ന സ്ത്രീകളെ എങ്ങനെ സംരക്ഷിച്ചുവെന്ന് അവർ അവിടെ വിവരിച്ചു. കുൽത്തെയുടെ ഈ ധീരമായ കഥ പിന്നീട് 'ഭാരത് ഭാഗ്യ വിധാത' എന്ന സിനിമയ്ക്ക് പ്രചോദനമായി. ഈ ചിത്രം കുൽത്തെയുടെ പൂർണ്ണമായ ജീവചരിത്രമല്ലെങ്കിലും, ഭീകരാക്രമണ സമയത്തെ അവരുടെ ഇടപെടലുകളെയും ആശുപത്രി ജീവനക്കാരുടെ അനുഭവങ്ങളെയും ആസ്പദമാക്കിയതാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.