

കൊച്ചി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സുരക്ഷ മനഃപ്പൂർവം പിൻവലിച്ചതാണ് അദ്ദേഹത്തിൻ്റെ കൊലപാതകത്തിന് കാരണമായതെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിനെതിരെ സംവിധായകൻ മേജർ രവി. രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോൾ കോൺഗ്രസ് നേതാക്കളാരും ആക്രമണത്തിൽ കൊല്ലപ്പെട്ടില്ലെന്നും മേജർ രവി പറഞ്ഞു. അന്ന് നേതാക്കൾ രാജീവിൽ നിന്ന് അകലം പാലിച്ചതിൻ്റെ കാരണം വ്യക്തമാക്കണമെന്നും മേജർ രവി ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയുമായി വിഷയത്തിൽ പരസ്യ സംവാദത്തിന് തയ്യാറാണെന്നും മേജർ രവി പറഞ്ഞു. രാജീവ് ഗാന്ധി വധക്കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിനൊപ്പം പ്രവർത്തിച്ച എൻ.എസ്.ജി ക്യാപ്റ്റനായിരുന്നു മേജർ രവി.
അന്ന് 51 സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിൻ്റെ ഓപ്പറേഷൻ ടീമിനെയാണ് അന്വേഷണ സംഘത്തിനൊപ്പം നിയോഗിച്ചിരുന്നത്. രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ നിരവധി തവണ കണ്ടിട്ടുണ്ടെന്നും അന്നത്തെ സംഭവങ്ങൾ കൃത്യമായി അറിയാമെന്നും മേജർ രവി പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ആരോപണം ശരിയാണെന്ന് കരുതിയാൽ പോലും സുരക്ഷ പിൻവലിക്കാൻ ഉത്തരവിട്ടത് ആരാണെന്ന് വ്യക്തമാക്കണം എന്ന് മേജർ രവി ആവശ്യപ്പെട്ടു. അന്ന് വി.പി. സിങ് ആയിരുന്നു പ്രധാനമന്ത്രിയെങ്കിലും കോൺഗ്രസിൻ്റെ പിന്തുണയോടെ ആയിരുന്നു സർക്കാർ നിലനിന്നിരുന്നത്. രാജീവ് ഗാന്ധിയുടെ സുരക്ഷ പൂർണമായും പിൻവലിച്ചിരുന്നില്ലെന്നും ഡൽഹിയിലെ മെഹ്റൗളിയിലുള്ള അദ്ദേഹത്തിൻ്റെ ഫാം ഹൗസിൽ എൻ.എസ്.ജി ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നതായും മേജർ രവി അവകാശപ്പെട്ടു.
ശ്രീപെരുംപത്തൂരിൽ സ്ഫോടനം നടന്ന സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസുകാരുമാണ് കൊല്ലപ്പെട്ടതെന്നും ഒരു കോൺഗ്രസ് നേതാവിനും അപകടമുണ്ടായിട്ടില്ലെന്നും മേജർ രവി ചൂണ്ടിക്കാട്ടി. രാജീവ് ഗാന്ധിയെ അനുഗമിച്ചിരുന്ന കോൺഗ്രസ് നേതാക്കൾ ഇന്ദിരാ ഗാന്ധിയുടെ പ്രതിമയിൽ ഹാരാർപ്പണം നടത്തിയ ശേഷം അദ്ദേഹത്തിൽ നിന്ന് അകലം പാലിച്ചത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
"പ്രതിമയിൽ നിന്ന് പ്രസംഗവേദിയിലേക്ക് ഏകദേശം 75 മുതൽ 100 മീറ്റർ ദൂരം മാത്രമാണ് ഉണ്ടായിരുന്നത്. ഇത്രയും ചെറിയ ദൂരത്തിനുള്ളിൽ നേതാക്കളെല്ലാം രാജീവിൽ നിന്ന് മാറി നിന്നതിൻ്റെ കാരണം അന്വേഷിക്കണം. അന്നത്തെ വീഡിയോ ദൃശ്യങ്ങൾ വീണ്ടും പരിശോധിക്കണം. രാജീവ് ഗാന്ധി വധക്കേസിൻ്റെ അന്വേഷണത്തിനിടെ ഒരു രാഷ്ട്രീയ നേതാവിനെയും ചോദ്യം ചെയ്യാൻ വിളിച്ചിട്ടില്ല. അന്വേഷണ സംഘത്തിനൊപ്പം പ്രവർത്തിച്ചിരുന്ന കാലത്ത് രാഷ്ട്രീയക്കാരാരും ചോദ്യം ചെയ്യലിനായി എത്തിയിട്ടില്ല. എസ്.ഐ.ടി രേഖകൾ വീണ്ടും പരിശോധിക്കണം. സി.ബി.ഐ അന്വേഷണം സംബന്ധിച്ച രേഖകൾ പുറത്തെടുക്കണം," മേജർ രവി ആവശ്യപ്പെട്ടു.
കേസിലെ പ്രതികളായ മുരുകനേയും നളിനിയേയും പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും വെല്ലൂർ ജയിലിൽ സന്ദർശിച്ചതിനെക്കുറിച്ചും സംവിധായകൻ ചോദ്യങ്ങൾ ഉന്നയിച്ചു. സന്ദർശനത്തിൻ്റെ ഉദ്ദേശ്യം എന്തായിരുന്നുവെന്നും അതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവരണമെന്നും മേജർ രവി പറഞ്ഞു.
ജോൺ എഫ്. കെന്നഡി വധക്കേസ് പോലെ തന്നെയാണിതെന്നും എൽ.ടി.ടി.ഇ വാടകക്കൊലയാളികൾ മാത്രമായിരുന്നെന്നും മേജർ രവി പറഞ്ഞു. "അവരുടെ മേൽ കുറ്റം ചാർത്തി ആരാണ് രക്ഷപെട്ടത്? അവരെ പിടികൂടുകയും ശാരീരികമായി ചോദ്യം ചെയ്യുകയും ചെയ്ത എന്നെപ്പോലുള്ള ഉദ്യോഗസ്ഥർക്കാണ് ഇപ്പോൾ ഭീഷണിയുള്ളത്. മുരുകൻ ഒരുപക്ഷേ ശാന്തനായിട്ടുണ്ടാകാം. പക്ഷേ നളിനി പ്രതികാരബുദ്ധിയുള്ള സ്ത്രീയാണ്. അവർക്ക് അന്വേഷണ ഉദ്യോഗസ്ഥരോട് പ്രതികാരം ചെയ്യാൻ സാധിക്കും. എന്നിട്ടും ഞങ്ങൾ സുരക്ഷ ആവശ്യപ്പെടുന്നില്ല. എത്ര ഭീഷണി ഉണ്ടെങ്കിലും ഞങ്ങൾ ആരോടും പരാതിപ്പെടുന്നില്ല. മരണം വരുമ്പോൾ നേരിടാൻ തയ്യാറാണ്," മേജർ രവി പറഞ്ഞു.