എഐ ഉപയോഗിച്ച് സ്ത്രീയുടെ മുഖം പുനഃസൃഷ്ടിച്ചു 
NATIONAL

എഐ ഉപയോഗിച്ച് മുഖം പുനഃസൃഷ്ടിച്ചു; അഞ്ച് വർഷത്തിന് ശേഷം കാണാതായ യുവതിയെ കണ്ടെത്തി യുപി പൊലീസ്

ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിൽ അഞ്ച് വർഷം മുൻപ് കാണാതായ മഞ്ജു ഖർവാർ എന്ന യുവതിയെയാണ് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് കണ്ടെത്തിയത്.

Author : ന്യൂസ് ഡെസ്ക്

ലഖ്നൗ: ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിൽ അഞ്ച് വർഷം മുൻപ് കാണാതായ മഞ്ജു ഖർവാർ എന്ന യുവതിയെയാണ് എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ പൊലീസ് കണ്ടെത്തിയത്. 2007-ൽ നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴുള്ള ഇവരുടെ ഒരു പഴയ ഫോട്ടോ ഉപയോഗിച്ചാണ് പൊലീസ് നിലവിലെ രൂപം പുനഃസൃഷ്ടിച്ചത്.

സോൻഭദ്രയിലെ ബഭാനി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ജൗരാഹി ഗ്രാമവാസിയായ മഞ്ജുവിനെ അഞ്ച് വർഷം മുൻപ് വിവാഹം ആലോചിക്കാനെന്ന വ്യാജേന ഗ്രാമത്തിലെ തന്നെ ഒരു സ്ത്രീ വാരണാസിയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും തുടർന്ന് കാണാതാവുകയുമായിരുന്നു.ഇതെ തുടർന്ന് 2026 ജൂലൈ 14-ന് മഞ്ജുവിൻ്റെ അമ്മ കിസ്മത് ദേവി പൊലീസിൽ പരാതി നൽകി.

എന്നാൽ, മഞ്ജുവിൻ്റെ സമീപകാല ചിത്രങ്ങളൊന്നും കുടുംബത്തിൻ്റെ പക്കൽ ഇല്ലാതിരുന്നത് അന്വേഷണത്തിന് വെല്ലുവിളിയായി. തുടർന്നാണ് യുവതി പഠിച്ചിരുന്ന പഴയ സ്കൂളിൽ നടത്തിയ പരിശോധനയിൽ 2007-ലെ ഒരു സ്കോളർഷിപ്പ് അപേക്ഷയിൽ നിന്നും നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴുള്ള ഫോട്ടോ ലഭിച്ചു. ബഭാനി സ്റ്റേഷനിലെ കോൺസ്റ്റബിൾ വിജയ് പാണ്ഡെ ഈ കുട്ടിക്കാലത്തെ ഫോട്ടോയും മാതാപിതാക്കളുടെയും സഹോദരിയുടെയും ചിത്രങ്ങളും ഉപയോഗിച്ച് ചാറ്റ്ജിപിടി, ഗൂഗിൾ ജെമിനി എന്നീ എഐ ടൂളുകളുടെ സഹായത്തോടെ യുവതിയുടെ നിലവിലെ പ്രായത്തിനനുസരിച്ചുള്ള രൂപം തയ്യാറാക്കി.

എഐ നിർമിച്ച ചിത്രം മഞ്ജുവിൻ്റെതാണെന്ന് കുടുംബം തിരിച്ചറിഞ്ഞതോടെ അന്വേഷണം ഊർജിതമാക്കി. തുടർന്ന് രാജസ്ഥാനിലെ ചുരു ജില്ലയിലുള്ള ഹമീർവാസ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പം കഴിയുകയായിരുന്ന യുവതിയെ പൊലീസ് കണ്ടെത്തുകയായിരുന്നു. കേസന്വേഷണത്തിൽ നിർണായക വഴിത്തിരിവുണ്ടാക്കിയ കോൺസ്റ്റബിൾ വിജയ് പാണ്ഡെയ്ക്ക് ഉത്തർപ്രദേശ് ഡിജിപി പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

SCROLL FOR NEXT