26 വ്യാജ ജനന സർട്ടിഫിക്കറ്റുകൾ, ഒരു നവജാത ശിശുവിന് 10 ലക്ഷം രൂപ; ചത്തീസ്‌ഗഡിൽ ശിശുക്കടത്ത് മാഫിയ സംഘം പിടിയിൽ

ഛത്തീസ്ഗഡിലെ റായ്പൂരിൽ ദിവാകർ മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രി കേന്ദ്രീകരിച്ചാണ് മാഫിയ പ്രവർത്തിച്ചിരുന്നത്.
Child trafficking mafia busted in Chhattisgarh
ചത്തീസ്‌ഗഡിൽ ശിശുക്കടത്ത് മാഫിയ പിടിയിൽ
Published on: 
Updated on: 

റായ്പൂർ: ഛത്തീസ്ഗഡിലെ റായ്പൂരിൽ ദിവാകർ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന നവജാതശിശു വിൽപ്പന സംഘത്തെ പൊലീസ് പിടികൂടിയത് ഒഡീഷ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ്. 2026-ൽ ഈ ആശുപത്രിയിൽ ആകെ നടന്നത് മൂന്ന് പ്രസവങ്ങൾ മാത്രമാണ്. എന്നാൽ 26 കുട്ടികൾക്കായി വ്യാജ ജനന സർട്ടിഫിക്കറ്റുകൾ നിർമിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്ത് വന്നിട്ടുള്ളത്.

ശിശുക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയായ കൃതിക സാഹു എന്ന നഴ്സ് ഒഡീഷ സ്വദേശിനിയായ ഗർഭിണിയെ റായ്പൂരിലേക്ക് എത്തിച്ചിരുന്നു. പ്രസവശേഷം തൻ്റെ കുഞ്ഞിനെ വിട്ടുനൽകാൻ സംഘം നിർബന്ധിക്കുന്നുവെന്ന് കാണിച്ച് ഈ യുവതി പൊലീസിനെ സമീപിച്ചതോടെയാണ് റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.

Child trafficking mafia busted in Chhattisgarh
"കോൺഗ്രസ് ഇന്ത്യയെ ദരിദ്ര രാജ്യമാക്കി നിലനിർത്തി എന്തുകൊണ്ട്"?; രാഹുൽ ഗാന്ധിയോട് നാല് ചോദ്യങ്ങൾ ഉന്നയിച്ച് കിരൺ റിജിജു

യുവതിയുടെ പരാതിയെത്തുടർന്ന് മൂന്ന് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ. ഖീർസിന്ധു മഹാനന്ദ്, നഴ്സിങ് ജീവനക്കാരായ പ്രകാശ് കുമാർ കൗരവ്, അശ്വനി ശർമ്മ എന്നിവരെ പൊലീസ് പിടികൂടി.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും അവിവാഹിതരുമായ ഗർഭിണികളെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. സൗജന്യ പ്രസവവും ചികിത്സയും വാഗ്ദാനം ചെയ്ത് ഇവരെ ആശുപത്രിയിൽ എത്തിക്കും. പ്രസവശേഷം കുട്ടികളെ ഇവരിൽ നിന്ന് ഏറ്റെടുത്ത് കുട്ടികളില്ലാത്ത സമ്പന്ന ദമ്പതികൾക്ക് വൻ തുകയ്ക്ക് വിൽക്കും. ആൺകുട്ടികൾക്ക് 8 മുതൽ 12 ലക്ഷം രൂപ വരെയും പെൺകുട്ടികൾക്ക് 4 മുതൽ 5 ലക്ഷം രൂപ വരെയുമാണ് ഇവർ ഈടാക്കിയിരുന്നത്.

കുട്ടികളെ വാങ്ങുന്ന ദമ്പതികളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാതെ തന്നെ അവരുടെ പേരിൽ ആശുപത്രിയുടെ സീലോടുകൂടിയ വ്യാജ ഡിസ്ചാർജ് ടിക്കറ്റുകൾ ഡോ. മഹാനന്ദ് നിർമ്മിച്ചു നൽകിയിരുന്നു. തുടർന്ന്, കുട്ടിയെ വാങ്ങിയവരുടെ ആധാർ കാർഡ് ഉപയോഗിച്ച് ആശുപത്രിയിൽ പ്രസവം നടന്നതായുള്ള വ്യാജ അപേക്ഷകൾ മുനിസിപ്പൽ കോർപ്പറേഷനിൽ സമർപ്പിച്ചാണ് യഥാർത്ഥ മാതാപിതാക്കൾക്ക് പകരം വാങ്ങിയവരുടെ പേരിൽ ജനന സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ചിരുന്നത്.

ഈ വർഷം മാത്രം 26 കുട്ടികളുടെ ജനന സർട്ടിഫിക്കറ്റുകൾക്കായി ആശുപത്രിയിൽ നിന്ന് മുനിസിപ്പൽ കോർപ്പറേഷനിലേക്ക് അപേക്ഷ അയച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഈ റാക്കറ്റിന് മറ്റ് സംസ്ഥാനങ്ങളിലെ സ്വകാര്യ ആശുപത്രികളുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരുകയാണ്.

Child trafficking mafia busted in Chhattisgarh
രാജസ്ഥാനിലെ ജയം ബിജെപിക്കെതിരെ ആയുധമാക്കി കോൺഗ്രസ്