ഡൽഹി: കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജിയോടെ കോക്രോച്ച് ജനതാ പാർട്ടി ജന്തർ മന്തർ വിട്ടതോടെ ഡൽഹി സാധാരണ നിലയിലേക്ക് എത്തി. സമരം അവസാനിപ്പിച്ച് വേദി പൊളിച്ച് മാറ്റി വൃത്തിയാക്കിയാണ് സിജെപി പ്രവർത്തകർ ജന്തർമന്തർ വിട്ടത്. 36 ദിവസം നീണ്ട സിജെപിയുടെ ഐതിഹാസിക സമരത്തിനാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചത്.
ഇതൊരു ചെറിയ തുടക്കം, സിജെപിക്ക് ഒരുപാട് ദൂരം പോകാനുണ്ട്. താൻ നടത്തിയ 37 ദിവസം നീണ്ട പ്രതിഷേധം തീർത്തും കഠിനമായിരുന്നെന്നും എന്നാൽ പരിഭ്രമിക്കേണ്ട സാഹചര്യമൊന്നുംതന്നെ ഇല്ലായിരുന്നെന്നും അഭിജിത് എക്സിൽ പങ്കു വെച്ച വീഡിയോയിൽ വ്യക്തമാക്കുന്നു. വീട്ടിൽ നിന്ന് ചിത്രീകരിച്ച വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സിജെപിയെ പിന്തുണച്ച, രാജ്യത്തൊട്ടാകെയുള്ള ഓരോരുത്തർക്കും നന്ദി അറിയിക്കുന്നുവെന്നും നിങ്ങളുടെ പിന്തുണ ഉണ്ടായിരുന്നില്ലെങ്കിൽ സമരം ഇത്രയും വിജയകരമാകില്ലായിരുന്നുവെന്നും അഭിജിത് പറഞ്ഞു. ജന്തർ മന്തറിൽ എത്തിയ ഓരോരുത്തർക്കും നന്ദി അറിയിക്കുന്നു. എല്ലാവരേയും സല്യൂട്ട് ചെയ്യുന്നുവെന്നും അഭിജിത് സന്ദേശത്തിൽ പറഞ്ഞു.
നീറ്റ് ക്രമക്കേടും ചോദ്യ പേപ്പർ ചോർച്ചയും ഉന്നയിച്ച് സിജെപി നടത്തിയ സമരം രാജ്യമാകെ വ്യാപിച്ചതോടെയാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത്. ഇതിന് പിന്നാലെ സിജെപി ജന്തർ മന്തറിൽ നടത്തി വന്നിരുന്ന സമരം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.