മുംബൈ: നിരവധി വിവാദ പ്രസ്താവനകളിലൂടെ ബോളിവുഡിൽ നിരന്തരം വാർത്തകളിൽ ഇടംപിടിക്കാറുള്ള നടൻ കെ.ആർ.കെ എന്ന കമാൽ റാഷിദ് ഖാൻ അറസ്റ്റിൽ. വെള്ളിയാഴ്ചയാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് ഒഷിവാര പൊലീസ് അറിയിച്ചു. ബോളിവുഡ് താരങ്ങളെ സമൂഹമാധ്യമങ്ങളിലൂടെ പരിഹസിക്കുന്നതിലൂടെയും നിരവധി വിവാദ പ്രസ്താവനകൾ നടത്തിയതിലൂടെ കുപ്രസിദ്ധി നേടിയ വ്യക്തിയാണ് കെ.ആർ.കെ.
മുംബൈയിലെ അന്ധേരിയിലുള്ള വസതിയിൽ വച്ച് രണ്ട് റൗണ്ട് വെടിയുതിർത്ത സംഭവത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കെആർകെയുടെ പേരിലുള്ള ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് തന്നെയാണ് വെടി വച്ചതെന്നാണ് പൊലീസ് പറയുന്നത്.
തോക്ക് പിടിച്ചെടുത്തെന്നും അതുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു. ജനുവരി 18നാണ് ഒഷിവാരയിലെ വീട്ടിൽ വച്ച് നടൻ ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് രണ്ട് റൗണ്ട് വെടിയുതിർത്തത്.
പൊലീസ് അന്വേഷണത്തിൽ നളന്ദ സൊസൈറ്റിയിൽ നിന്ന് രണ്ട് വെടിയുണ്ടകൾ കണ്ടെടുത്തു. ഒന്ന് രണ്ടാം നിലയിലും മറ്റൊന്ന് നാലാം നിലയിലുമാണ്. ഒരു ഫ്ലാറ്റിൽ സംവിധായകനും മറ്റൊന്നിൽ ഒരു മോഡലുമാണ് താമസിച്ചിരുന്നത്. സഞ്ജയ് ചവാൻ്റെ നേതൃത്വത്തിൽ ഒഷിവാര പൊലീസ് സ്റ്റേഷനിൽ നിന്നുള്ള 18 പൊലീസുകാരുടെ സംഘവും ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു വരികയായിരുന്നു.
സിസിടിവി ദൃശ്യങ്ങളിൽ ഒന്നും കണ്ടെത്താനാകാത്തതിനാൽ പൊലീസിന് ആദ്യം ഒരു സൂചനയും ലഭിച്ചിരുന്നില്ല. എന്നിരുന്നാലും ഫോറൻസിക് സംഘത്തിൻ്റെ സഹായത്തോടെ കമാൽ ഖാൻ്റെ ബംഗ്ലാവിൽ നിന്ന് വെടിവച്ചതാണെന്ന് പൊലീസ് പിന്നീട് കണ്ടെത്തുകയായിരുന്നു.