NATIONAL

ഇന്ത്യയുടെ അണ്ടർ 19 വനിതാ ക്രിക്കറ്ററുടെ മരണത്തിൽ ദുരൂഹത; രണ്ട് യുവാക്കൾക്ക് പങ്കുണ്ടെന്ന് കുടുംബം

നന്ദിനിയെ ഉപദ്രവിച്ച രണ്ട് യുവാക്കളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങളും ബന്ധുക്കളും വികാരാബാദിൽ റോഡിൽ പ്രതിഷേധം നടത്തി.

Author : ന്യൂസ് ഡെസ്ക്

ഹൈദരാബാദ്: ഇന്ത്യയുടെ അണ്ടർ 19 വനിതാ ക്രിക്കറ്ററുടെ മരണത്തിൽ ദുരൂഹത സംശയിച്ച് കുടുംബം. ഇന്ത്യയുടെ അണ്ടർ 19 ടീമിൽ അംഗമായിരുന്ന വനിതാ ക്രിക്കറ്റ് താരം നന്ദിനി റാത്തോഡിനെ (17) കഴിഞ്ഞ ദിവസം മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. തെലങ്കാനയിലെ വികാരാബാദ് പട്ടണത്തിലെ മധു കോളനിയിലുള്ള മുത്തശ്ശിയുടെ വസതിയിൽ വച്ച് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

യാലാൽ മണ്ഡലിലെ സംഗയ്യപ്പള്ളി ഗ്രാമവാസിയായ നന്ദിനി, വിദ്യാഭ്യാസത്തിനും ക്രിക്കറ്റ് പരിശീലനത്തിനുമായി വികാരാബാദിൽ മുത്തശ്ശിയോടൊപ്പമാണ് താമസിച്ചിരുന്നത്. അനിൽ, കൃഷ്ണ എന്നീ രണ്ട് യുവാക്കൾ തന്നെ നന്ദിനിയെ ശല്യപ്പെടുത്തിയിരുന്നതായി കുടുംബാംഗങ്ങൾ ആരോപിച്ചു. അനിൽ എന്ന യുവാവ് പ്രണയമെന്ന പേരിൽ ഇന്ത്യൻ യുവ ക്രിക്കറ്ററെ പിന്തുടരുകയായിരുന്നു എന്നും, കൃഷ്ണ അയാളെ പിന്തുണച്ചുവെന്നുമാണ് കുടുംബം ആരോപിക്കുന്നത്. ഇവരിൽ നിന്നുണ്ടായ മാനസിക പീഡനമാകാം നന്ദിനിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്. യുവ ക്രിക്കറ്ററുടെ മരണത്തിൽ വലിയ തോതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതായും ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തിയെന്നും വികാരാബാദ് സർക്കിൾ ഇൻസ്പെക്ടർ രഘു പറഞ്ഞു. നന്ദിനിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംശയാസ്പദമായ മരണത്തിന് കേസെടുത്തു. പൊലീസ് നന്ദിനിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തു. അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും പരിശോധിക്കുന്നുണ്ട്.

"സാമൂഹിക മാധ്യമങ്ങൾ വഴി ആരെങ്കിലും അവളെ ശല്യപ്പെടുത്തിയോ എന്ന് കണ്ടെത്താൻ ഞങ്ങൾ അവളുടെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ പരിശോധിക്കും. കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഉത്തരവാദികൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കും. പോസ്റ്റ്‌മോർട്ടം പരിശോധന പൂർത്തിയാക്കി മൃതദേഹം കുടുംബത്തിന് കൈമാറി," സി.ഐ. രഘു പറഞ്ഞു.

നന്ദിനിയെ ഉപദ്രവിച്ച രണ്ട് യുവാക്കളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങളും ബന്ധുക്കളും വികാരാബാദിൽ റോഡിൽ പ്രതിഷേധം നടത്തി. കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും കുടുംബത്തിന് നീതി ലഭിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇതോടെ പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരുമായി സംസാരിച്ചു.

ഡിജിറ്റൽ ആശയവിനിമയങ്ങളിലും ലഭ്യമായ മറ്റ് തെളിവുകളിലും ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം എന്ന് പൊലീസ് പറഞ്ഞു. ഹരാസ്മെൻ്റിന് തെളിവ് ലഭിച്ചാൽ നടപടിയെടുക്കുമെന്നും അവർ ഉറപ്പ് നൽകി. നന്ദിനിയുടെ മരണത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യം പൊലീസിന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രണ്ട് യുവാക്കളുടെയും പങ്കാളിത്തം അന്വേഷിക്കുകയാണ്. ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

SCROLL FOR NEXT