Image: X  
NATIONAL

Ahmedabad Plane Crash | അന്വേഷണത്തില്‍ ഇന്ത്യക്കൊപ്പം യുകെയും യുഎസ്സും; അപകട കാരണം വ്യക്തമല്ല

Author : ന്യൂസ് ഡെസ്ക്

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഒരു ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. രണ്ടാമത്തെ ബ്ലാക്ക് ബോക്‌സിനായുള്ള തിരച്ചില്‍ തുടരുകയാണ്. അപകടത്തെ കുറിച്ചുള്ള അന്വേഷണത്തിന് ഉന്നതതല സമിതിയെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വിവിധ മേഖലകളിലുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തിയായിരിക്കും അന്വേഷണം. പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടസ്ഥലം ഇന്ന് സന്ദര്‍ശിക്കും.

അപകടത്തെ കുറിച്ചുള്ള പ്രാഥമിക അന്വേഷണം ആരംഭിച്ചതായി എഎഐബി (എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോ) അറിയിച്ചു. അന്വേഷണത്തില്‍ ഇന്ത്യക്കൊപ്പം സഹകരിക്കുമെന്ന് അമേരിക്കയും ബ്രിട്ടനും അറിയിച്ചു. യുഎസ് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അന്വേഷണ സംഘത്തെ അയക്കുമെന്ന് അറിയിച്ചു. യുകെ അന്വേഷണ സംഘത്തെ അയച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറും അറിയിച്ചു.

അപകടത്തിന്റെ കാരണം എന്താണ് ഇനിയും വ്യക്തമായിട്ടില്ല. വിമാനത്തില്‍ പക്ഷി ഇടിച്ചതോ, എഞ്ചിന്‍ തകരാറോ ആകാമെന്നാണ് സംശയിക്കുന്നത്. ബ്ലാക്ക് ബോക്‌സ് ലഭിച്ചതിനു ശേഷമുള്ള പരിശോധനയില്‍ മാത്രമേ യഥാര്‍ഥ കാരണം വ്യക്തമാകൂ.

ഇതുവരെ 265 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് കരുതുന്നത്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാനി അടക്കമുള്ളവര്‍ സഞ്ചരിച്ച എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീം ലൈനര്‍ വിമാനമാണ് അപകടത്തില്‍ പെട്ടത്. 230 യാത്രക്കാരും 10 ജീവനക്കാരും രണ്ട് പൈലറ്റുമാരുമടക്കം 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഒരാള്‍ ഒഴിച്ച് വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചതായാണ് വിവരം.

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ജനവാസ മേഖലയിലേക്ക് പതിച്ച് തീഗോളമായി മാറുകയായിരുന്നു. ബിജെ മെഡിക്കല്‍ കോളേജിലേയും മെഘാനിനഗര്‍ സിവില്‍ ആശുപത്രിയുടേയും റെസിഡന്‍ഷ്യല്‍ കോര്‍ട്ടേഴ്സുകളും ഹോസ്റ്റലുമാണ് ഇവിടെ ഉണ്ടായിരുന്നത്. അപകടത്തില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഒരു സ്‌കൂള്‍ കുട്ടിയും അപകടത്തില്‍ മരിച്ചതായി വാര്‍ത്തയുണ്ട്. റോയിട്ടേഴ്‌സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ 290 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, മരിച്ചവരെ തിരിച്ചറിയാനായി ബന്ധുക്കളും അഹമ്മദാബാദിലേക്ക് തിരിച്ചിട്ടുണ്ട്. ഡിഎന്‍എ പരിശോധനയിലൂടെ മാത്രമേ ബന്ധുക്കള്‍ക്ക് ഉറ്റവരെ തിരിച്ചറിയാന്‍ കഴിയുകയുള്ളൂ. മരിച്ച യാത്രക്കാരെ തിരിച്ചറിയുന്നതിനുള്ള ഡിഎന്‍എ സാമ്പിളുകള്‍ ശേഖരണം അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ നടന്നുവരികയാണ്.

SCROLL FOR NEXT