ബിഹാർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയുടെ എഐ വീഡിയോ ഇറക്കി വീണ്ടും പുലിവാല് പിടിച്ച് ബിഹാർ കോൺഗ്രസ്. സ്വപ്നത്തിൽ എത്തി അമ്മ ഹീരാബെൻ നരേന്ദ്ര മോദിയെ വഴക്ക് പറയുന്നതായുള്ള വീഡിയോയ്ക്ക് എതിരെ ബിജെപി ശക്തമായി രംഗത്തു വന്നു. പ്രധാനമന്ത്രിയുടെ അമ്മയെ നേരത്തെ അവഹേളിച്ച കോൺഗ്രസ്, എഐ വീഡിയോ തയ്യാറാക്കി എല്ലാ അതിരുകളും ലംഘിച്ചെന്നും എല്ലാ അമ്മമാരെയും അപമാനിക്കുകയാണെന്നും ആരോപിച്ചു. എന്നാൽ ആരോപണങ്ങളെ ബിഹാർ കോൺഗ്രസ് നിഷേധിക്കുന്നുണ്ടെങ്കിലും, പുതിയ വീഡിയോ ഏറെ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.
ബിഹാർ കോൺഗ്രസ് "സാഹിബിൻ്റെ സ്വപ്നത്തിൽ അമ്മ പ്രത്യക്ഷപ്പെടുന്നു" എന്ന ക്യാപ്ഷനോടെയാണ് എഐ ജനറേറ്റഡ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. വീഡിയോ വിവാദമായതോടെ പോസ്റ്റ് ചെയ്തവർ മാപ്പ് പറയണമെന്നും ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇവർക്കെതിരെ ബിജെപി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന് മുന്നോടിയായി വികാരങ്ങളെ വ്രണപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള മനഃപൂർവമായ ശ്രമമാണിതെന്നും ബിജെപി ആരോപിച്ചു.
ബിജെപി എംപി രാധാമോഹൻ ദാസ് അഗർവാൾ വീഡിയോയെ അപലപിച്ചു. രാഷ്ട്രീയത്തിലെ പുതിയൊരു തരംതാണ സംഭവമാണിതെന്നും വീഡിയോയെ വിശേഷിപ്പിച്ചു. കോൺഗ്രസ് ആദ്യം പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചു, ഇപ്പോൾ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനും എല്ലാ അമ്മമാരെയും അപമാനിക്കാനും ഡീപ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാല കോൺഗ്രസ് എല്ലാ അതിരുകളും ഭേദിച്ചുവെന്ന് ആരോപിച്ചു. നിരവധി ബിജെപി നേതാക്കളാണ് വീഡിയോക്ക് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
പ്രധാനമന്ത്രി മോദിയുടെ അമ്മയുടെ പേര് രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുന്നത് ഇതാദ്യമല്ല. രാഹുൽ ഗാന്ധി നയിച്ച വോട്ടർ അധികാർ യാത്രയിൽ കോൺഗ്രസ് നടത്തിയ പരാമർശവും ഏറെ വിവാദമായിരുന്നു.