NATIONAL

വിജയ്‌യേയും ടിവികെയേയും സഖ്യത്തിനായി ക്ഷണിച്ച് എഐഎഡിഎംകെ

നേരത്തെ ബിജെപിയുമായി ഒരു തരത്തിലുമുള്ള സഖ്യവും ഉണ്ടാക്കില്ലെന്ന് വിജയ് ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: വിജയ് രൂപം നൽകിയ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തെ തമിഴ്‌നാട്ടിൽ സഖ്യത്തിന് ക്ഷണിച്ച് പ്രതിപക്ഷ പാർട്ടിയായ എഐഎഡിഎംകെ. നിലവിലെ സ്ഥിതിയിൽ ഒറ്റയ്ക്ക് മത്സരിച്ചാൽ ടിവികെ ജയിക്കില്ലെന്നും യാഥാർത്ഥ്യം മനസ്സിലാക്കി എഐഎഡിഎംകെയുമായി കൈകോർത്ത് മത്സരിക്കാൻ വിജയ് തയ്യാറാകണം എന്നും രാജേന്ദ്ര ബാലാജി ആവശ്യപ്പെട്ടു.

നേരത്തെ ബിജെപിയുമായി ഒരു തരത്തിലുമുള്ള സഖ്യവും ഉണ്ടാക്കില്ലെന്ന് വിജയ് ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. 2026ൽ ഭരണം പിടിക്കുമെന്നും തെരഞ്ഞെടുപ്പില്‍ ഒരു പാർട്ടിയുമായും ടിവികെ സഖ്യം രൂപീകരിക്കില്ലെന്നും രണ്ടാം സംസ്ഥാനതല സമ്മേളനത്തില്‍ ടിവികെ അധ്യക്ഷന്‍ വിജയ് പാർട്ടി നിലപാട് വ്യക്തമാക്കിയിരുന്നു. പ്രസംഗത്തിൽ സ്റ്റാലിനെയും മോദിയെയും കടന്നാക്രമിച്ച വിജയ് രാഷ്ട്രീയ ശത്രു ഡിഎംകെയും, പ്രത്യയശാസ്ത്ര ശത്രു ബിജെപിയും ആണെന്ന് വ്യക്തമാക്കിയിരുന്നു.

തമിഴക വേരുള്ളവർ ലോകം മുഴുവനുമുണ്ടെന്നും ആ മുഴുവൻ ശക്തിയും ടിവികെയ്ക്ക് ഒപ്പമാണെന്നും വിജയ് പ്രസംഗത്തിൽ പറഞ്ഞു. അധികാരത്തിൽ ഇരിക്കുന്നവർക്കെതിരെ ബഹുജന മുന്നേറ്റം സംഘടിപ്പിക്കും. 2026ൽ തമിഴ്നാട്ടിലെ മത്സരം ടിവികെയും ഡിഎംകെയും തമ്മിലാണെന്നും വിജയ് അന്ന് പ്രഖ്യാപിച്ചിരുന്നു.

SCROLL FOR NEXT