Image: ANI
NATIONAL

വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സി.വി. ഷണ്‍മുഖം; എഐഎഡിഎംകെ പിളര്‍പ്പിലേക്കോ?

എഐഎഡിഎംകെയെ പുനരുജ്ജീവിപ്പിക്കണമെന്നും സി.വി. ഷൺമുഖം

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് പിന്തുണ പ്രഖ്യാപിച്ച് എഐഎഡിഎംകെ സി.വി. ഷണ്‍മുഖം വിഭാഗം. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കണം എന്ന് ആവശ്യപ്പെട്ടാണ് സി.വി. ഷണ്‍മുഖം ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ എഐഎഡിഎംകെ നേരിട്ടു കൊണ്ടിരിക്കുന്ന പരാജയങ്ങളും ഷണ്‍മുഖം ചൂണ്ടിക്കാട്ടി. മൂന്ന് തവണ ഡിഎംകെയോടും കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ ടിവികെയോടുമുള്ള തോല്‍വിയുമാണ് മാറ്റത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയതിനെ കുറിച്ച് നേതാവ് പറഞ്ഞത്.

പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കണമെന്നും എഐഎഡിഎംകെയുടെ ഭാവിയെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. ടിവികെയ്ക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചുവെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഷണ്‍മുഖം വ്യക്തമാക്കി.

ഡിഎംകെയ്ക്ക് എതിരായാണ് ഞങ്ങള്‍ ഈ പാര്‍ട്ടി രൂപീകരിച്ചത്. കഴിഞ്ഞ 53 വര്‍ഷമായി ഞങ്ങളുടെ രാഷ്ട്രീയം ഡിഎംകെയ്ക്ക് എതിരായിരുന്നു. ഈ ചരിത്രം നിലനില്‍ക്കെ, ഡിഎംകെയുടെ പിന്തുണയോടെ എഐഎഡിഎംകെ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെക്കപ്പെട്ടു. എന്നാല്‍ ഭൂരിഭാഗം അംഗങ്ങളും അത് നിരസിക്കുകയായിരുന്നു. ഡിഎംകെയുമായി സഖ്യമുണ്ടാക്കിയാല്‍ എഐഎഡിഎംകെ എന്ന പാര്‍ട്ടി തന്നെ ഇല്ലാതാകും. അത് അംഗീകരിക്കാന്‍ ആരും തയ്യാറല്ല.

നിലവില്‍ സഖ്യങ്ങളൊന്നുമില്ലാതെയാണ് തങ്ങള്‍ നില്‍ക്കുന്നത്. ഇനി സ്വന്തം പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലുമാണ് ശ്രദ്ധ. ടിവികെയ്ക്ക് പിന്തുണ നല്‍കാന്‍ തങ്ങള്‍ തീരുമാനിച്ചുവെന്നും ഷണ്‍മുഖം പറഞ്ഞു.

അതേസമയം, പാര്‍ട്ടിയെ വിഭജിക്കാന്‍ തനിക്ക് യാതൊരു ഉദ്ദേശ്യവുമില്ലെന്ന് ഷണ്‍മുഖം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും പുതിയ പ്രഖ്യാപനം എഐഎഡിഎംകെയില്‍ വിള്ളലുണ്ടാക്കുമെന്ന് ഉറപ്പാണ്്. ടിവികെയുമായി സഖ്യമുണ്ടാക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നയാളാണ് എഐഎഡിഎംകെയുടെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എടപ്പാടി കെ. പളനിസ്വാമി.

ടിവികെയുടെ സഖ്യനീക്കങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്നാവശ്യപ്പെട്ട് എഐഎഡിഎംകെയിലെ ഒരു വിഭാഗം പുതുച്ചേരിയിലെ റിസോര്‍ട്ടില്‍ ക്യാമ്പ് ചെയ്യുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ടിവികെയുടെ സ്വാധീന ശ്രമങ്ങള്‍ തടയാന്‍ വേണ്ടിയാണ് എംഎല്‍എമാരെ മാറ്റിയത് എന്നായിരുന്നു എഐഎഡിഎംകെ ഇതിനു നല്‍കിയ വിശദീകരണം.

234 അംഗ സഭയിലേക്ക് നടന്ന തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ 167 സീറ്റുകളിലാണ് എഐഎഡിഎംകെ മത്സരിച്ചത്. ഇതില്‍ 47 സീറ്റുകളിലാണ് പാര്‍ട്ടിക്ക് വിജയിക്കാനായത്.

SCROLL FOR NEXT