ഡൽഹി: അയോധ്യ സംഭാവനാ തട്ടിപ്പിൽ പ്രധാനമന്ത്രി മൗനം വെടിയണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പാർലമെന്റിൽ മോദി മറുപടി നൽകണം. കൊള്ളകൾ നടക്കുന്നത് ബിജെപി നിയന്ത്രിക്കുന്ന ക്ഷേത്രങ്ങളിലാണെന്നും ദൈവങ്ങളെ ബിജെപി ഉപയോഗിക്കുന്നത് കൊള്ള നടത്താനും വർഗീയത വളർത്താനുമാണെന്നും കെ.സി. വേണുഗോപാൽ ഡൽഹിയിൽ പറഞ്ഞു.
"അയോധ്യ രാമക്ഷേത്രത്തിലേത് രാജ്യം കണ്ട ഏറ്റവും വലിയ ക്ഷേത്രക്കൊള്ളയാണ്. പാവപ്പെട്ട ജനങ്ങൾ അവരുടെ അധ്വാനത്തിൽ നിന്നും ക്ഷേത്രത്തിനായി നൽകിയ പണമാണ് ഇവിടെ കൊള്ളയടിക്കപ്പെട്ടത്. ട്രസ്റ്റ് ഭാരവാഹികളുടെ പൂർണ അറിവോടെയാണ് ഈ കൊള്ള നടന്നിരിക്കുന്നത്. പ്രധാനമന്ത്രി നേരിട്ട് നിയമിച്ചവരാണ് ഈ ട്രസ്റ്റ് ഭാരവാഹികൾ. ഇത്രയും വലിയ കൊള്ള നടന്നിട്ടും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും മൗനം പാലിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കുറ്റവാളികളെ സംരക്ഷിക്കാനുള്ള ഒത്താശയാണ് ചെയ്യുന്നത്. ഇത് ഭക്തരുടെ വിശ്വാസത്തിന്മേലുള്ള കടന്നാക്രമണമാണ്", കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി.
അയോധ്യയിലെ സംഭാവന കൊള്ള കോൺഗ്രസിന് ഒരു രാഷ്ട്രീയ വിഷയമല്ലെന്ന് വ്യക്തമാക്കിയ കെ.സി. വേണുഗോപാൽ, വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ പ്രതിപക്ഷം ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ഉയർത്താൻ പോകുന്നത് ഈ അയോധ്യ കൊള്ളയെക്കുറിച്ചായിരിക്കുമെന്നും മുന്നറിയിപ്പ് നൽകി. സുപ്രീം കോടതി നേരിട്ട് മേൽനോട്ടം വഹിക്കുന്ന ഒരു അന്വേഷണത്തിലൂടെ മാത്രമേ ഇതിലെ യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.