എയർ ഇന്ത്യ വിമാനത്തിന് വീണ്ടും സാങ്കേതിക തകരാർ Source: Airline Geeks
NATIONAL

എയർ ഇന്ത്യ വിമാനത്തിന് വീണ്ടും സാങ്കേതിക തകരാർ; ദോഹയിലേക്ക് പറന്ന വിമാനം കോഴിക്കോട്ടേക്ക് തന്നെ മടങ്ങി

കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ദോഹയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാർ മൂലം കോഴിക്കോട്ടേക്ക് മടങ്ങി

Author : ന്യൂസ് ഡെസ്ക്

അപകടങ്ങളും തകരാറുകളും ഒഴിയാതെ എയർ ഇന്ത്യ. ഇന്ന് കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ദോഹയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം കോഴിക്കോട്ടേക്ക് മടങ്ങി. സാങ്കേതിക തകരാർ മൂലമാണ് വിമാനം കോഴിക്കോട്ടേക്ക് മടങ്ങിയതെന്നാണ് എയർ ഇന്ത്യ അറിയിച്ചത്. പൈലറ്റുമാരും ജീവനക്കാരും ഉൾപ്പെടെ 188 പേരുമായി രാവിലെ 9.07ന് കോഴിക്കോട് നിന്ന് IX 375 എന്ന വിമാനം പറന്നുയർന്നു, എന്നാൽ രണ്ട് മണിക്കൂർ കഴിഞ്ഞ് രാവിലെ 11.12ന് അതേ വിമാനത്താവളത്തിൽ തിരിച്ചെത്തി എന്ന് ഒരു വിമാനത്താവള ഉദ്യോഗസ്ഥൻ പറഞ്ഞു.

വിമാനത്തിന്റെ ക്യാബിൻ എസിയിൽ എന്തോ സാങ്കേതിക പ്രശ്‌നമുണ്ടായിരുന്നതിനാലാണ് മടങ്ങിയതെന്നും, അത് അടിയന്തര ലാൻഡിംഗ് ആയിരുന്നില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. യാത്രക്കാരെ വിമാനത്തിൽ നിന്നും ഇറക്കിയതായി അദ്ദേഹം അറിയിച്ചു. സാങ്കേതിക തകരാർ പരിഹരിക്കുകയോ, യാത്രക്കാർക്ക് യാത്ര പുനരാരംഭിക്കുന്നതിനായി മറ്റൊരു വിമാനം ക്രമീകരിക്കുകയോ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാങ്കേതിക പിഴവ് കണക്കിലെടുത്ത് മുൻകരുതൽ നടപടിയായാണ് വിമാനം ലാൻഡിംഗ് നടത്തിയത്. ഉച്ചയോടെ യാത്രക്കാർക്ക് പകരം മറ്റൊരു വിമാനം ക്രമീകരിക്കുമെന്നും എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് പറഞ്ഞു. അതുവരെ വിമാനത്താവളത്തിൽ യാത്രക്കാർക്ക് ഭക്ഷണവും വെള്ളവും ഉൾപ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ദിവസം ഹോങ്കോങ്ങില്‍ നിന്നും ഡല്‍ഹിയിലേക്ക് എത്തിയ എയര്‍ ഇന്ത്യ 315 വിമാനത്തിന്റെ പിന്‍ഭാഗത്തിനു തീപിടിച്ചിരുന്നു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു തീപിടിത്തം. വിമാനത്തില്‍ നിന്നും യാത്രക്കാര്‍ പുറത്തിറങ്ങുന്നതിനിടയിലാണ് അഗ്നിബാധ ശ്രദ്ധയില്‍പെട്ടത്. വിമാനത്തിന്റെ ഓക്‌സിലറി പവര്‍ യൂണിറ്റി (APU) നാണ് തീപിടിച്ചത്.

മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ സംഭവമാണിത്. തിങ്കളാഴ്ച കൊച്ചി-മുംബൈ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയത് വാര്‍ത്തയായിരുന്നു. എഞ്ചിന്‍ തകരാറിനെ തുടര്‍ന്നായിരുന്നു അപകടം. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ടേക്ക് ഓഫിന് അവസാന നിമിഷം ഡല്‍ഹി-കൊല്‍ക്കത്ത വിമാനവും റദ്ദാക്കിയിരുന്നു. ടേക്ക് ഓഫിനിടയിലാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്.

SCROLL FOR NEXT