വിമാനനിരക്ക് കുത്തനെ കൂട്ടി കമ്പനികൾ 
NATIONAL

ഇൻഡിഗോ പ്രതിസന്ധി: ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികൾ; ടിക്കറ്റ് നിരക്ക് 60,000 കടന്നു

കൊച്ചിയിലേക്കും കണ്ണൂരിലേക്കും നാളെ ടിക്കറ്റ് പോലും ലഭ്യമല്ല

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ഇൻഡിഗോയിലെ പ്രതിസന്ധി രൂക്ഷമായതോടെ ആഭ്യന്തര സർവീസുകളുടെ നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികൾ. ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കിൽ വൻ വർധന. എയർ ഇന്ത്യ, സ്പെയ്സ് ജെറ്റ് സർവീസുകൾ അറുപതിനായിരം രൂപക്ക് മുകളിലെത്തിയിരിക്കുകയാണ്.

കോഴിക്കോടേക്കും തിരുവനന്തപുരത്തേക്കും അറുപതിനായിരം രൂപയ്ക്ക് മുകളിലാണ് എയർ ഇന്ത്യ, സ്പൈസ് ജെറ്റ് ടിക്കറ്റ് നിരക്ക്. കൊച്ചിയിലേക്കും കണ്ണൂരിലേക്കും നാളെ ടിക്കറ്റ് ലഭ്യമല്ല. ഡല്‍ഹിയില്‍ നിന്നും പുറപ്പെടേണ്ട 30 ഓളം ഇൻഡിഗോ വിമാനങ്ങളാണ് വ്യാഴാഴ്ച രാവിലെ റദ്ദാക്കിയത്. ഹൈദരാബാദില്‍ നിന്ന് 33 വിമാനങ്ങളും റദ്ദാക്കി.

പ്രതിസന്ധിക്കിടെ നാല് ഇൻഡിഗോ വിമാനങ്ങൾ കൂടി റദ്ദാക്കി. 5.20ന് പുറപ്പെടേണ്ട മുംബൈ-തിരുവനന്തപുരം വിമാനം, രാത്രി 7.20 ന് പുറപ്പെടേണ്ട ചെന്നൈ - തിരുവനന്തപുരം വിമാനം, രാത്രി 8.15 ന് പുറപ്പെടേണ്ട ബംഗളൂരു തിരുവനന്തപുരം വിമാനം, രാത്രി 11 മണിക്ക് പുറപ്പെടേണ്ട ബംഗളൂരു തിരുവനന്തപുരം വിമാനം എന്നിവയാണ് റദ്ദാക്കിയത്.

വ്യാഴാഴ്ച മാത്രം 170 ലേറെ വിമാനങ്ങള്‍ റദ്ദാക്കിയേക്കുമെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. മുംബൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ വിമാനത്താവളങ്ങളിലായി 200 ലേറെ വിമാനങ്ങളാണ് കഴിഞ്ഞ ദിവസം മാത്രം സര്‍വീസ് റദ്ദാക്കിയത്.

സാങ്കേതിക തടസങ്ങളും ശൈത്യകാല സര്‍വീസുകളുമായി ബന്ധപ്പെട്ട ഷെഡ്യൂളുകളില്‍ വന്ന തടസങ്ങളും ഏവിയേഷന്‍ സിസ്റ്റത്തില്‍ ഉണ്ടായിട്ടുള്ള ചില മാറ്റങ്ങളുമാണ് സര്‍വീസ് റദ്ദാക്കുന്ന കാരണങ്ങളിലേക്ക് എത്തിയതെന്നുമാണ് ഇന്‍ഡിഗോ നല്‍കുന്ന വിശദീകരണം.

പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ചില പരിഷ്‌കരണങ്ങള്‍ നടപ്പാക്കി വരികയാണെന്നും അത് 48 മണിക്കൂറിനുള്ളില്‍ നിലവില്‍ വരുമെന്നും ഇതോടെ സാധാരണഗതിയില്‍ സര്‍വീസ് പുനരാരംഭിക്കാന്‍ കഴിയുമെന്നും ഇന്‍ഡിഗോ അറിയിച്ചിട്ടുണ്ട്.

SCROLL FOR NEXT