ഐഷി ഘോഷ് 
NATIONAL

കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെ നടപടി അപലപനീയം; വിദ്യാര്‍ഥികള്‍ക്കെതിരായ നടപടി പിന്‍വലിക്കണം: ഐഷി ഘോഷ്

രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്താണ് സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ജന്തർ മന്തർ പ്രതിഷേധത്തിന് പിന്തുണ നൽകി കേരളത്തിൽ നടന്ന പ്രതിഷേധങ്ങൾക്കെതിരായ നിയമനടപടി അവസാനിപ്പിക്കണമെന്ന് ഐഷി ഘോഷ്. പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിലുള്ള സർക്കാർ നിയമനടപടി തുടരുന്നത് അംഗീകരിക്കാനാകില്ല. എസ്എഫ്ഐക്കും, വേടനും മറ്റു സംഘടനകൾക്കുമെതിരെ നൽകിയ നോട്ടീസുകൾ പിൻവലിക്കണം. വിഷയം രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും, ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ഐഷി ഘോഷ് ന്യൂസ് മലയാളത്തോട് പറഞ്ഞു.

നീറ്റ് വിഷയത്തില്‍ സംസാരിച്ച നേതാക്കളില്‍ ഒരാളാണ് രാഹുല്‍ ഗാന്ധി. അദ്ദേഹം കേരളത്തില്‍ നിന്നുള്ള പഴയ പാര്‍ലമെന്റ് അംഗം കൂടിയാണ്. വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടി അവസാനിപ്പിക്കണം എന്നാണ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ആവശ്യപ്പെടുന്നത്. അദ്ദേഹത്തിന്റെ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്താണ് സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്. അത് അപലപനീയമാണ്. സംസ്ഥാന സര്‍ക്കാരാണ് ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടത്. സമരക്കാരായ വിദ്യാര്‍ഥികള്‍ക്കെതിരായ നിയമ നടപടിയും നോട്ടീസും എത്രയും വേഗം പിന്‍വലിക്കണം. ഇങ്ങനെയല്ല ജനാധിപത്യ സംവിധാനം പ്രവര്‍ത്തിക്കേണ്ടത്. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയും ശ്രദ്ധ വയ്ക്കണമെന്നും ഐഷി ഘോഷ് പറഞ്ഞു.

ധര്‍മേന്ദ്ര പ്രധാന്റെ രാജിയോടെ സമരം അവസാനിപ്പിക്കില്ലെന്നും ഐഷി ഘോഷ് വ്യക്തമാക്കി. രാജ്യത്തെ പരീക്ഷാ സംവിധാനം പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് എസ്എഫ്ഐ തുടര്‍ന്നത്. അത് നേടിയെടുക്കുംവരെ പോരാട്ടം തുടരും. വിദ്യാര്‍ഥികളുടെ ആശങ്കയാണ് പരിഹരിക്കപ്പെടേണ്ടതെന്നും ഐഷി ഘോഷ് കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT